‘പഠനാന്തരീക്ഷം നശിക്കും’: പീഡനത്തിനിരയായ പെൺകുട്ടിക്ക് അഡ്മിഷന്‍ നൽകാതെ സ്കൂളുകൾ

ഡെറാഡൂൺ∙ ഉത്തരാഖണ്ഡിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് സ്കൂളുകൾ പ്രവേശനം നിഷേധിക്കുന്നതായി പരാതി. സാഹസ്പുറിലെ സ്കൂളിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നു സഹപാഠികൾ ലൈംഗികപീഡനത്തിനിരയാക്കിയ പെൺകുട്ടിയ്ക്കാണ് ഡെറാഡൂണിലെ വിവിധ സ്കൂളുകൾ പ്രവേശനം നിഷേധിച്ചത്. പെൺകുട്ടി പഠിച്ചാൽ സ്കൂളിലെ പഠനാന്തരീക്ഷം കെട്ടുപോകുമെന്നു പറഞ്ഞായിരുന്നു ഇവയിൽ ഒരു സ്കൂൾ അനുമതി നിഷേധിച്ചത്. മറ്റ് സ്കൂളുകളിൽ നിന്നും സമാനമായ സമീപനമാണ് ഉണ്ടായതെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. 

പത്താം ക്ലാസ് വിദ്യാർഥിനിയെയാണു സഹപാഠികളായ നാലു പേർ ചേർന്നു പീഡിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ ഡെറാഡൂണിനു പുറത്തുള്ള സ്കൂളിലേക്കു പഠനം മാറ്റേണ്ട അവസ്ഥയാണെന്നും മാതാപിതാക്കൾ പറഞ്ഞു. ഡെറാഡൂണിനു പുറത്ത് ബോർഡിങ് സ്കൂളിൽ വച്ചാണു പെൺകുട്ടി പീഡനത്തിനിരയായത്. ഓഗസ്റ്റില്‍ നടന്ന സംഭവം പുറത്തെത്തിയത് സെപ്റ്റംബർ 17നായിരുന്നു. അതുവരെ സംഭവം സ്കൂൾ അധികൃതർ മൂടിവച്ചു. സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പൽ,  അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എന്നിവർ ഉൾപ്പെടെ അഞ്ചു പേരെ കേസിൽ അറസ്റ്റ് ചെയ്തു. പീഡനത്തിനു പിന്നിൽ പ്രവർത്തിച്ച നാലു വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു. 

സർക്കാർ ശുപാർശ പ്രകാരം സ്കൂളിനുള്ള അംഗീകാരവും സിബിഎസ്ഇ റദ്ദാക്കി. വിദ്യാർഥിനിക്കു പ്രവേശനം നിഷേധിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന്  പൊലീസ് സീനിയര്‍ സൂപ്രണ്ട് നിവേദിത കുക്‌റേതി പറഞ്ഞു. പരാതി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പരാതിയിൽ പറഞ്ഞിരിക്കുന്ന വിദ്യാലയങ്ങൾക്കെല്ലാം പൂജാ അവധിയാണിപ്പോൾ. സ്കൂൾ തുറക്കുന്ന തിങ്കളാഴ്ച പൊലീസ് സംഘത്തെ അയയ്ക്കും. പരാതി സത്യമാണെന്നു തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിവേദിത വ്യക്തമാക്കി. 

സംഭവം നിർഭാഗ്യകരമാണെന്ന് ഉത്തരാഖണ്ഡ് ശിശു അവകാശ സംരക്ഷണ കമ്മിഷൻ മുൻ ചെയർമാർ യോഗേന്ദ്ര ഖണ്ഡൂരി പറഞ്ഞു. പെൺകുട്ടിക്കു പഠനത്തിനുള്ള എല്ലാ കഴിവും അവകാശങ്ങളും ഉണ്ടെന്നിരിക്കെ എങ്ങനെയാണു പഠനം തടയാനാവുക? പീഡനത്തിനിരയായ പെൺകുട്ടിക്കു സംരക്ഷണമെന്ന നിലയിൽ, മനുഷ്യത്വപരമായി നോക്കിയാൽ തന്നെ മറ്റൊന്നും ആലോചിക്കാതെ പ്രവേശനം നൽകേണ്ടതാണെന്നും യോഗേന്ദ്ര ചൂണ്ടിക്കാട്ടി.