ന്യൂഡൽഹി∙ ശബരിമലയിലെത്തിയ ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ലേഖിക സുഹാസിനി രാജിന്റെ പേരിൽ വ്യാജചിത്രങ്ങൾ പ്രചരിക്കുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയോടൊപ്പം സുഹാസിനി എന്ന തലക്കെട്ടോടെയാണു സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിക്കുന്നത്.
‘ഇതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ. റിപ്പോർട്ടറുമായി കെട്ടിപ്പിടിച്ചു നിൽക്കുന്ന നേതാവിനെയും കാണുക. സുഹാസിനി രാജിന്റെ ദൗത്യം എന്തെന്നു മനസ്സിലായോ?’ എന്ന വാക്കുകളും ചിത്രത്തിനൊപ്പമുണ്ട്. എന്നാൽ പൗരാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് യച്ചൂരിക്കൊപ്പമുള്ള ചിത്രമാണു സുഹാസിനിയുടേതെന്ന പേരിൽ പ്രചരിക്കുന്നത്.
2015 ഓഗസ്റ്റിൽ മുംബൈയിലെ ആസാദ് മൈതാനിൽ നടന്ന സിപിഎം റാലിയിൽ ഇരുവരും പങ്കെടുത്തപ്പോഴുള്ള ചിത്രമാണിത്. ചിത്രങ്ങൾ വ്യാജമാണെന്നു തെളിയിക്കുന്ന പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകീർത്തിപ്പെടുത്തും വിധം തന്റെ പേരിൽ വ്യാജചിത്രങ്ങൾ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസം സുഹാസിനി പറഞ്ഞിരുന്നു.
ശബരിമലയിൽ റിപ്പോർട്ടിങ്ങിന്റെ ഭാഗമായി പോയതാണെന്നും ആരുടെയും വിശ്വാസം ഹനിക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നില്ലെന്നും സുഹാസിനി വ്യക്തമാക്കി. ഒക്ടോബർ 18നാണ് ഇവർ ശബരിമലയിലെത്തിയത്. മരക്കൂട്ടം വരെയെത്തിയെങ്കിലും പ്രതിഷേധത്തെത്തുടർന്നു മടങ്ങേണ്ടി വന്നു. ജനാധിപത്യപരമായി, ആരോഗ്യകരമായ ചർച്ചകളിലൂടെ ശബരിമല വിഷയം ചർച്ച ചെയ്തു പരിഹാരം കാണണണെന്നു സുഹാസിനി ആവശ്യപ്പെട്ടു.