അമൃത്‌സർ∙ പഞ്ചാബിൽ ദസറ ആഘോഷത്തിനിടെ റെയിൽവേ ട്രാക്കിലേക്കു കയറി നിന്ന ജനക്കൂട്ടം ട്രെയിനിടിച്ചു മരിച്ച സംഭവത്തിൽ ലോക്കോ–പൈലറ്റിന്റെ മൊഴി പുറത്ത്. ആൾക്കൂട്ടത്തെ ദൂരെ നിന്നാണു താൻ കണ്ടതെന്നും അപ്പോൾത്തന്നെ എമർജൻസി ബ്രേക്ക് പ്രയോഗിച്ചെന്നും റെയിൽവേ അന്വേഷണ സംഘത്തിന് എഴുതി നൽകിയ മൊഴിയിൽ ലോക്കോ–പൈലറ്റ് അരവിന്ദ് കുമാർ പറയുന്നു. തുടരെത്തുടരെ ഹോണും അടിച്ചു. എന്നാൽ അപ്പോഴേക്കും ട്രെയിൻ ആൾക്കൂട്ടത്തിനിടയിലേക്കു പാഞ്ഞു കയറിയിരുന്നു. അൽപദൂരം കഴിഞ്ഞപ്പോൾ ട്രെയിൻ വേഗം കുറയുകയും ചെയ്തു. എന്നാൽ ആ സമയം ആൾക്കൂട്ടം ട്രെയിനിനു നേരെ കല്ലെറിയുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് അപ്പോൾത്തന്നെ ട്രെയിനെടുത്തു. പിന്നീട് അമൃത്‌സർ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിൻ നിർത്തിയത്. അതിനു മുൻപ് ബന്ധപ്പെട്ട അധിതൃതരെ വിവരം വിളിച്ചറിയിക്കുകയും ചെയ്തു.
യാത്രയിലുടനീളം നിർദേശമനുസരിച്ചാണു മുന്നോട്ടു പോയത്. തെറ്റായി യാതൊന്നും ചെയ്തിട്ടില്ല. ജനക്കൂട്ടത്തിന് അടുത്തെത്തും മുന്‍പാണ് 13006 ഡിഎൻ നമ്പർ ട്രെയിൻ മറികടന്നു പോയത്. അതിനിടെയാണ് ദൂരെ പാളത്തിൽ വൻ ജനക്കൂട്ടത്തെ കണ്ടത്. ഹോണടിച്ച് അപ്പോൾത്തന്നെ എമർജൻസി ബ്രേക്ക് പ്രയോഗിച്ചു. അപ്പോഴേക്കും ഒട്ടേറെ പേരെ ഇടിച്ചിട്ടു ട്രെയിൻ മുന്നോട്ടു പോയെന്നും അരവിന്ദ് വ്യക്തമാക്കി. ട്രെയിനപകടത്തിലെ അവസാന റിപ്പോർട്ട് പുറത്തു വന്നപ്പോൾ 59 പേർ മരിച്ചിട്ടുണ്ട്. 57 പേർക്കു പരുക്കേറ്റതായും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ട്രെയിനിടിച്ചു ചിതറിയ ശരീരങ്ങൾ, ട്രാക്കിൽ ചോരപ്പാടുകൾ; അമൃത്‌സറിൽ സംഭവിച്ചതെന്ത്?
അമൃത്‌സറിനടുത്ത് ജോദ ഫഠക്ക് മേഖലയിൽ ‘ധോബി ഘാട്ട്’ മൈതാനത്തിനു സമീപത്തെ ട്രാക്കിൽ വെള്ളിയാഴ്ച രാത്രി ഏഴേകാലോടെയായിരുന്നു ട്രെയിൻ ദുരന്തം. ദസറ ആഘോഷത്തിനിടെ ‘രാവണ ദഹനം’ നടക്കുമ്പോൾ സമീപത്തെ റെയിൽപാളത്തിൽ നിന്നവരാണ് ജലന്തറിൽ നിന്ന് അമൃത്‌സറിലേക്കു പോവുകയായിരുന്ന ട്രെയിനിടിച്ചു മരിച്ചത്.
സംഭവത്തിൽ റെയിൽവേ ആന്വേഷണം പ്രഖ്യാപിക്കാത്തതിനെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നിലവിൽ പരുക്കേറ്റവരുടെ പുനരധിവാസമാണു സർക്കാർ ലക്ഷ്യം. എന്നാൽ സംഭവം അന്വേഷിക്കില്ലെന്ന റെയിൽവേ ബോർഡ് നിലപാട് ധിക്കാരപരമാണ്– കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. സംഭവത്തിൽ ആരും റെയിൽവേയെ കുറ്റപ്പെടുത്തുന്നില്ല. ഒരു അന്വേഷണം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അതിനു പോലും കേന്ദ്ര റെയിൽവേ സഹമന്ത്രി മനോജ് സിൻഹ തയാറാകാത്തത് ക്രൂരമാണെന്നും സിങ്‌വി പറഞ്ഞു.
തങ്ങളുടെ ജീവനക്കാർ തെറ്റു ചെയ്തില്ലെങ്കിൽ പിന്നെ എന്തിനവരെ ശിക്ഷിക്കണം എന്നായിരുന്നു റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലോഹനിയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ്. ട്രാക്കിലേക്ക് ആൾക്കൂട്ടം കയറി നിന്നതാണ് അപകടത്തിനു കാരണമെന്നത് പകൽപോലെ വ്യക്തം. ഈ സാഹചര്യത്തിൽ റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ അന്വേഷണം പോലും വേണ്ടെന്നാണ് അശ്വനിയുടെ നിലപാട്.
മണിക്കൂറിൽ 100 കി.മീ. വേഗതയിലാണ് ട്രെയിൻ കുതിച്ചതെന്ന് മന്ത്രി നവജ്യോത് സിങ് സിദ്ദു ആരോപിക്കുന്നു. പശുക്കളെ ട്രാക്കിൽ കണ്ടാൽ ട്രെയിൻ നിർത്തും, ട്രാക്കിൽ ആരെങ്കിലും ഇരിക്കുന്നതു കണ്ടാൽ കേസെടുക്കും. എന്നിട്ടും ഇവിടെ അന്വേഷണം പോലുമില്ല. ഒറ്റ ദിവസം കൊണ്ട് ലോക്കോ പൈലറ്റിന് റെയിൽവേ ക്ലീൻ ചിറ്റ് കൊടുത്തത് അനുവദിക്കാനാകില്ലെന്നും സിദ്ദു പറഞ്ഞു. സിദ്ദുവിന്റെ ഭാര്യയും പ്രാദേശിക കൗൺസിലറുമായ നവജ്യോത് കൗർ ആയിരുന്നു ദസറ ആഘോഷത്തിലെ മുഖ്യാതിഥി.
ലോക്കോ പൈലറ്റിനെ ചോദ്യം ചെയ്തതില്‍ നിന്നു ശ്രദ്ധക്കുറവ് ഉണ്ടായതായി തെളിഞ്ഞിട്ടില്ലെന്നു ഫിറോസ്പുർ ഡിവിഷനൽ റെയിൽവേ മാനേജർ വിവേക് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മണിക്കൂറിൽ 91 കി.മീ. വേഗതയിലായിരുന്നു ട്രെയിൻ പോയിരുന്നത്. എന്നാൽ ജനക്കൂട്ടത്തെ ട്രാക്കിൽ കണ്ടപ്പോൾ വേഗത 68 കി.മീറ്ററിലേക്കു കുറച്ചെന്നും വിവേക് പറയുന്നു.
അതിനിടെ, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് ഇസ്രയേലിലേക്ക് അഞ്ചു ദിവസത്തെ സന്ദർശനത്തിനു പുറപ്പെട്ടു. 19നു പുറപ്പെടാനിരുന്നതാണെങ്കിലും ട്രെയിനപകടം കാരണം മാറ്റിവയ്ക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ജലന്തർ–അമൃത്‌സർ പാതയിൽ നിർത്തിവച്ച ഗതാഗതം പുനഃസ്ഥാപിച്ചു.
ഞായറാഴ്ച രാവിലെ മുതൽ ട്രാക്കിൽ കുത്തിയിരിപ്പു സമരവുമായി പ്രദേശവാസികൾ എത്തിയെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇവരെയെല്ലാം മാറ്റി. സിദ്ദു രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസും പ്രതിഷേധക്കാരും തമ്മിൽ നടന്ന കല്ലേറിൽ പഞ്ചാബ് പൊലീസിലെ ഒരു കമാൻഡോയ്ക്കും ഫൊട്ടോഗ്രാഫർക്കും പരുക്കേറ്റു. ജോദ ഫഠക്ക് മേഖലയിൽ ധ്രുത കർമ സേനയെയും വിന്യസിച്ചിട്ടുണ്ട്.