Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമൃത്‍സർ സ്ഫോടനം: ഒരാൾ അറസ്റ്റിൽ, പാക്ക് ബന്ധമാരോപിച്ച് പഞ്ചാബ് മുഖ്യമന്ത്രി

amarinder-singh പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വാർത്താ സമ്മേളനത്തിനിടെ. ചിത്രം: എഎൻഐ ട്വിറ്റർ

ന്യൂഡല്‍ഹി ∙ പഞ്ചാബിലെ അമൃത്‍സറിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിന് പാക്ക് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ഇതിനു തെളിവുണ്ടെന്നും ആക്രമണത്തിൽ പങ്കുള്ള ഒരാളെ പിടികൂടിയെന്നും ക്യാപ്റ്റൻ അറിയിച്ചു. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. അയാളുടെ പേര് അവതാർ സിങ്ങെന്നാണ്. സംസ്ഥാനത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പാക്കിസ്ഥാന്റെ ഐഎസ്ഐ (ഇന്റർ സര്‍വീസ് ഇന്റലിജൻസ്) ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 26 കാരനായ ബിക്രംജിത് സിങ്ങാണ് പിടിയിലായത്. അക്രമികൾ ഉപയോഗിച്ച മോട്ടോർസൈക്കിളും അന്വേഷണ സംഘം കണ്ടെത്തി.

അക്രമത്തിനിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ പ്രശംസിച്ച മുഖ്യമന്ത്രി, സ്ഫോടനത്തെ കൃത്യമായ ഭീകര പ്രവർത്തനമെന്നാണു വിശേഷിപ്പിച്ചത്. സംഭവത്തിനു മതപരമായ വശങ്ങളൊന്നുമില്ല. 81 പേരെ അറസ്റ്റ് ചെയ്തു. 77 ആയുധങ്ങൾ പിടിച്ചെടുത്തു. നമ്മുടെ സേനകൾ ഭീകരരെക്കാൾ ഒരു പടി മുന്നിലാണ്– മുഖ്യമന്ത്രി അവകാശപ്പെട്ടു.

സ്ഫോടനത്തിന്റെ ഐഎസ്ഐ ബന്ധം തെളിയിക്കുന്ന ചിത്രം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാട്ടി. ആക്രമണത്തിന് ഉപയോഗിച്ചതുപോലുള്ള ഗ്രനേഡ് മറ്റ് പല സംഭവങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. കശ്മീരിൽ സൈന്യത്തിനെതിരെ ഉപയോഗിക്കുന്നത് ഇതേ ആയുധമാണ്. പാക്കിസ്ഥാനിലെ ആയുധശാലയിൽ നിർമിച്ച ഗ്രനേഡിൽ പെല്ലറ്റുകളാണു നിറച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഞായറാഴ്ച അമൃത്‍സറിലെ നിരങ്കാരി ഭവനിൽ മതപരമായ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയവര്‍ ഗ്രനേഡുകൾ വലിച്ചെറിഞ്ഞത്. സംഭവത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേൽക്കുകയും ചെയ്തു.

related stories