Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഞ്ചാബിൽ നിരങ്കാരി യോഗത്തിൽ ഗ്രനേഡ് ആക്രമണം: 3 മരണം

punjab-granade-aatack അമൃത്‌സറിലെ രാജസൻസിയിൽ പ്രാർഥനായോഗത്തിനുനേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലേക്കു മാറ്റുന്നു. ചിത്രം: എപി

അമൃത്‌സർ ∙ പഞ്ചാബിലെ അമൃത്‌സറിൽ രാജസൻസിയിൽ നിരങ്കാരി വിഭാഗം സിഖുകാരുടെ പ്രാർഥനാ യോഗത്തിനുനേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്.  മുഖം മറച്ചു ബൈക്കിലെത്തിയ തലപ്പാവു ധരിച്ച 2 പേരാണു യോഗം നടന്ന നിരങ്കാരി ഭവനിലേക്കു ഗ്രനേഡ് എറിഞ്ഞശേഷം കടന്നുകളഞ്ഞത്. ഭീകരാക്രമണമാണിതെന്ന് സംസ്ഥാന ഡിജിപി സുരേഷ് അറോറ പറഞ്ഞു.

അമൃത്‌സർ വിമാനത്താവളത്തിൽനിന്ന് 8 കിലോമീറ്റർ അകലെയാണു സംഭവം. ആക്രമണസമയത്തു ഹാളിൽ 250 പേരുണ്ടായിരുന്നു. സന്ത് നിരങ്കാരി മിഷന്റെ ആരാധനാലയമായ നിരങ്കാരി ഭവനിൽ എല്ലാ ഞായറാഴ്ചയും നൂറുകണക്കിനാളുകൾ പ്രാർഥനയ്ക്കെത്താറുണ്ട്.

ഡൽഹി ലക്ഷ്യമിട്ട് 6–7 ജയ്ഷെ മുഹമ്മദ് ഭീകരർ പ‍ഞ്ചാബിലേക്കു നുഴഞ്ഞുകയറിയതായി ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്നു സംസ്ഥാനം അതീവ ജാഗ്രത പാലിച്ചു വരുന്നതിനിടെയാണു ഗ്രനേഡ് ആക്രമണം. ഏതാനും ദിവസം മുൻപ് പഠാൻകോട്ടുവച്ചു നാലംഗസംഘം ഒരു ടാക്സി കാർ തോക്കുചൂണ്ടി തട്ടിയെടുത്തു കടന്നിരുന്നു. പഞ്ചാബി സംസാരിച്ചിരുന്ന ഇവർ ജമ്മുവിൽനിന്നാണു ടാക്‌സി ബുക് ചെയ്തിരുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച മുഖ്യമന്ത്രി അമരിന്ദർ സിങ്, സുരക്ഷാസ്ഥിതി വിലയിരുത്തി. സംസ്ഥാനത്തെ നിരങ്കാരി ആരാധനാലയങ്ങൾക്കു കാവലേർപ്പെടുത്തി. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള ഭീകരസംഘടനകളുടെ പങ്ക് തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് പറഞ്ഞു.
 

related stories