അമൃത്‌സർ∙ പഞ്ചാബിൽ മതസംഘടനയുടെ ചടങ്ങ് നടക്കുന്നതിനിടെ സ്ഫോടനം. മൂന്നു പേർ മരിച്ചു. 10-20 പേർക്കു പരുക്കേറ്റതായും ഐജി സുരീന്ദർ പാൽ സിങ് പറഞ്ഞു. അമൃത്‌സറിലെ നിരങ്കാരി ഭവനിലാണു ഞായറാഴ്ച രാവിലെ സ്ഫോടനം നടന്നത്. പരുക്കേറ്റവരെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തോക്കും ബോംബുമായെത്തിയ രണ്ടു പേരാണു സ്ഫോടനത്തിനു പിന്നിലെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. മുഖാവരണം ധരിച്ചു ബൈക്കിലെത്തിയ ഇവർ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. ഒരാളുടെ കയ്യിൽ തോക്കുണ്ടായിരുന്നെന്നും ദൃക്‌സാക്ഷി പറഞ്ഞു.
നിരങ്കാരി മിഷന്റെ നേതൃത്വത്തിലുള്ള ചടങ്ങിനിടെയാണു സംഭവം. ഇരുനൂറിലേറെപ്പേർ ഇതില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഡൽഹി ആസ്ഥാനമായുള്ള നിരങ്കാരി മിഷൻ പഞ്ചാബ് കേന്ദ്രീകരിച്ചാണു പ്രധാന പ്രവർത്തനം. എല്ലാ മതസ്ഥർക്കും പങ്കുചേരാമെന്ന ആഹ്വാനത്തോടെയാണ് നിരങ്കാർ മിഷനു തുടക്കമിട്ടത്.