പമ്പ∙ ശബരിമല കയറാനായി വീണ്ടും യുവതികൾ എത്തി. ആന്ധ്രാ ഗുണ്ടൂർ സ്വദേശികളായ യുവതികൾ പുരുഷൻമാരടങ്ങുന്ന വലിയൊരു സംഘത്തിനൊപ്പമാണ് എത്തിയത്. ആദ്യത്തെ നടപ്പന്തലിൽവച്ചുതന്നെ മറ്റ് അയ്യപ്പഭക്തന്മാർ ഇവരെ കണ്ടു പ്രതിഷേധിച്ചു. ശരണം വിളികളോടെ റോഡിൽ കിടന്നു പ്രതിഷേധിച്ചപ്പോൾ പൊലീസെത്തി യുവതികളെ തിരികെയിറക്കുകയായിരുന്നു. ഇവർക്കൊപ്പമെത്തിയ പുരുഷൻമാർ ദർശനത്തിനായി മല കയറി. പൊലീസ് അകമ്പടിയില്ലാതെ മലകയറിയ ഇവരെ തിരികെ പമ്പയിലെ ഗാർഡ് റൂമിൽ എത്തിച്ചു.
അതേസമയം, വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന വലിയ സംഘമാണ് തങ്ങളുടേതെന്നും ശബരിമലയിലെ പ്രശ്നങ്ങൾ അറിഞ്ഞിട്ടു വന്നതല്ലെന്നും യുവതികൾ പൊലീസിനോടു പറഞ്ഞു. സ്ഥിതിഗതികൾ പൊലീസ് ഇവരെ അറിയിച്ചതിനെത്തുടർന്ന് പ്രശ്നങ്ങൾക്കില്ലെന്നും തിരികെ നിലയ്ക്കലിലെ തങ്ങളുടെ വാഹനത്തിൽ എത്തിച്ചാൽ മതിയെന്നും യുവതികൾ അറിയിച്ചു. ഇതേത്തുടർന്ന് പൊലീസിന്റെ വാഹനത്തിൽ ഇവരെ നിലയ്ക്കലിൽ എത്തിച്ചു.