കോഴിക്കോട് ∙ സാമ്പത്തിക പ്രതിസന്ധിമൂലം തേജസ് ദിനപത്രം ഡിസംബർ 31നു പ്രസിദ്ധീകരണം നിർത്തുമെന്ന് എഡിറ്റർ കെ.എച്ച്.നാസർ, ഇന്റർമീഡിയ പബ്ലിഷിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെ.ഫായിസ് മുഹമ്മദ്, ഡയറക്ടർ എം. ഉസ്മാൻ എന്നിവർ അറിയിച്ചു. 2006 ജനുവരി 26 ന് ആണു തേജസ് തുടങ്ങിയത്. ജനുവരി മുതൽ തേജസ് വാരികയും പുതിയ ഒാൺലൈൻ പോർട്ടലും തുടങ്ങും.
ഒട്ടേറെപ്പേരുടെ തൊഴിൽ പ്രശ്നമായതിനാൽ ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നു കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ജന. സെക്രട്ടറി സി.നാരായണൻ എന്നിവർ ആവശ്യപ്പെട്ടു. വിഷയത്തിൽ നിയമവിദഗ്ധരുടെ സഹായം തേടുമെന്നും അവർ പറഞ്ഞു.