ന്യൂഡൽഹി∙ ഡിജിപി ജേക്കബ് തോമസിനെതിരെ ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. ജേക്കബ് തോമസ് മാപ്പു പറഞ്ഞതിനെ തുടര്‍ന്നാണു നടപടികള്‍ അവസാനിപ്പിച്ചത്. വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ചു ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്കയച്ച കത്തില്‍ 2 ജഡ‍്ജിമാരുടെ പേരുകള്‍ പരാമര്‍ശിച്ചതാണു ഹൈക്കോടതിയുടെ നടപടിക്കാധാരമായത്.
കേന്ദ്ര വിജിലൻസ് കമ്മിഷന് അയച്ച കത്തിന്റെ പേരിൽ കോടതിയലക്ഷ്യത്തിനു ഹൈക്കോടതി സ്വമേധയാ നടപടി തുടങ്ങിവച്ചതു ചോദ്യം ചെയ്താണു മുൻ വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ പരാമർശങ്ങളിൽ കോടതിയലക്ഷ്യമില്ലെന്നും ഹൈക്കോടതി തൊട്ടാവാടി സമീപനം സ്വീകരിക്കരുതെന്നും സുപ്രീംകോടതി നേരത്തേ വാക്കാൽ പറഞ്ഞിരുന്നു.