തിരുവനന്തപുരം ∙ സസ്പെൻഷനിൽ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സർക്കാർ മൂന്നാമതും സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രിയാണ് ഉത്തരവിറങ്ങിയത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കേ ഡ്രജർ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സസ്പെൻഷൻ. അന്വേഷണത്തിന് കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. ജേക്കബ് തോമസിന്റെ കഴിഞ്ഞ സസ്പെൻഷൻ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണു പുതിയ സസ്പെൻഷൻ ഉത്തരവ് ഇന്നലെ തന്നെ പുറപ്പെടുവിച്ചത്.
ഒരു വർഷം മുൻപാണ് ജേക്കബ് തോമസിനെ ആദ്യം സസ്പെൻഡ് ചെയ്തത്. സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു അത്. ആറുമാസം കഴിഞ്ഞപ്പോൾ പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിന് രണ്ടാമത്തെ സസ്പെൻഷൻ. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഒരു വർഷത്തിൽക്കൂടുതൽ സസ്പെൻഷനിൽ നിർത്താൻ കേന്ദ്രസർക്കാർ അനുമതി വേണം. രണ്ടാഴ്ച മുൻപ് സസ്പെൻഷൻ ആറുമാസത്തേയ്ക്കു കൂടി ദീർഘിപ്പിക്കാൻ സംസ്ഥാനം കേന്ദ്രസർക്കാരിന്റെ അനുമതി തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.