ന്യൂഡൽഹി ∙ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സ്വമേധയാ തുടങ്ങിവച്ച കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ജേക്കബ് തോമസ് ഹാജരാകണമെന്ന ഹൈക്കോടതിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുകയല്ല തന്റെ ലക്ഷ്യമെന്നും മറിച്ചൊരു പ്രതീതിയുണ്ടായെങ്കിൽ നിരുപാധികം മാപ്പുപറയുന്നതായും ജേക്കബ് തോമസ് കോടതിയിൽ വ്യക്തമാക്കി.
കോടതിയലക്ഷ്യ നടപടിക്ക് ആധാരമാക്കിയ കേസിന്റെ വിശദാംശങ്ങളിലേക്കു പോകാതെയാണ് എല്ലാ നടപടികളും അവസാനിപ്പിക്കുന്നതെന്നു ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വിവിധ കേസുകളുമായി ബന്ധപ്പെട്ട പിഴവുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിജിലൻസ് കമ്മിഷന് അയച്ച കത്തിന്റെ പേരിൽ തനിക്കെതിരെ കോടതിയലക്ഷ്യത്തിനു ഹൈക്കോടതി സ്വമേധയാ നടപടി തുടങ്ങിവച്ചതു ചോദ്യം ചെയ്താണ് ജേക്കബ് തോമസ് സുപ്രീം കോടതിയെ സമീപിച്ചത്.
നിരുപാധികം മാപ്പു പറയാമെന്നും ഹർജിക്കാരനുവേണ്ടി ദുഷ്യന്ത് ദവെയും ഹാരീസ് ബീരാനും അറിയിച്ചു. അത് സത്യവാങ്മൂലമായി നൽകാൻ ജസ്റ്റിസ് അശോക് ഭൂഷൺ ആവശ്യപ്പെട്ടപ്പോൾ, അതിന്റെ ആവശ്യമില്ലെന്നും ഹർജിക്കാരൻ കോടതിയിൽ ഹാജരുണ്ടെന്നും ദവെ പറഞ്ഞു. ജേക്കബ് തോമസ് കോടതിയിലുണ്ടെന്ന് ബോധ്യപ്പെട്ട ബെഞ്ച്, നിലപാട് രേഖപ്പെടുത്തി നടപടികൾ അവസാനിപ്പിച്ചു.