ചെന്നൈ∙ ഡിജിപി ജേക്കബ് തോമസിന്റെ പേരിൽ തമിഴ്നാട് വിരുദുനഗറിലുള്ള 50.33 ഏക്കർ ഭൂമി കണ്ടുകെട്ടാൻ ആദായനികുതി വകുപ്പ് നടപടി തുടങ്ങി. ഇക്കാര്യം വ്യക്തമാക്കി ജേക്കബ് തോമസിന്റെ കൊച്ചിയിലെ വീടിനു മുന്നിൽ ആദായനികുതി ചെന്നെ അസിസ്റ്റൻറ് കമ്മിഷണർ നോട്ടിസ് പതിച്ചു.
കൊച്ചിയിൽ റജിസ്റ്റർ ചെയ്ത ഇസ്ര അഗ്രോടെക് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ പേരിൽ 2001 ൽ വാങ്ങിയ ഭൂമി, ജേക്കബ് തോമസിന്റെ ബെനാമി സമ്പാദ്യമാണ് എന്ന നിഗമനത്തിലാണു നടപടി. കമ്പനിക്ക് വേണ്ടിയെന്ന പേരിലാണ് ഭൂമി വാങ്ങിയതെങ്കിലും ആ കമ്പനിയിൽ ജേക്കബ് തോമസ് ഡയറക്ടറല്ലെന്നും കമ്പനിയുടെ വിലാസമായി പറയുന്ന കൊച്ചി മറൈൻ ഡ്രൈവിലെ കടമുറിയിൽ പ്രവർത്തിക്കുന്നതു മറ്റൊരു കമ്പനിയാണെന്നും നോട്ടിസിൽ പറയുന്നു.
ഒരു വർഷത്തിലേറെയായി നടക്കുന്ന അന്വേഷങ്ങൾക്കിടെ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും ഡിജിപിയുടെ മറുപടികൾ തൃപ്തികരമല്ല. പലവട്ടം അയച്ച അറിയിപ്പുകൾ കൈപ്പറ്റാൻ അദ്ദേഹം തയാറായില്ല. ആദ്യ 2 നോട്ടിസും കൈപ്പറ്റാത്തതിനാൽ മൂന്നാമത്തെ നോട്ടിസിൽ ഈ വസ്തു ബെനാമി ഇടപാടിലെ ഭൂമിയാണെന്നു കണക്കാക്കുമെന്നും ജപ്തി ചെയ്യുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു.
ഭൂമി വാങ്ങിയത് തന്റെ പേരിലാണെന്ന് ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ആത്മകഥയിൽ ജേക്കബ് തോമസ് സമ്മതിച്ചിട്ടുണ്ട്. തന്റെ പേരിൽ വാങ്ങാൻ അനുവദിച്ചു എന്നാണ് അദ്ദേഹം പുസ്തകത്തിൽ പറയുന്നത്.