Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരപക്ഷത്തെ 18 എംഎൽഎമാർ അയോഗ്യര്‍; സ്പീക്കറുടെ നടപടി ശരിവച്ചു

madras-high-court-chennai മദ്രാസ് ഹൈക്കോടതി (ഫയൽ ചിത്രം)

ചെന്നൈ∙ ദിനകരപക്ഷത്തെ 18 അണ്ണാ ഡിഎംകെ എംഎൽഎമാർ അയോഗ്യരെന്ന് മദ്രാസ് ഹൈക്കോടതിയും. തമിഴ്നാട് സ്പീക്കറുടെ നടപടി കോടതി ശരിവച്ചു. മദ്രാസ് ഹൈക്കോടതി ജഡ്ജി എം. സത്യനാരായണനാണ് വിധി പുറപ്പെടുവിച്ചത്.

എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് 2017 സെപ്റ്റംബർ 18ന് ഗവർണറെ കണ്ട 18 എംഎല്‍എമാരെയാണു സ്പീക്കർ പി. ധനപാലൻ അയോഗ്യരാക്കിയത്. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഭിന്നവിധി പ്രഖ്യാപിച്ചതോടെയാണു തർക്കം സുപ്രീംകോടതിയിലെത്തിയത്. തുടർന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി വിധി പറയാൻ മദ്രാസ് ഹൈക്കോടതി ജഡ്ജി എം. സത്യനാരായണനെ നിയോഗിക്കുകയായിരുന്നു. 

‘ഇതൊരു തിരിച്ചടിയായി ഞങ്ങൾ കണക്കാക്കുന്നില്ല. ഇതൊരു അനുഭവമാണ്. ഈ സാഹചര്യത്തെ ഞങ്ങൾ നേരിടും. 18 എംഎൽഎമാരുമായി കൂടിയാലോചിച്ച് തുടർനടപടികൾ തീരുമാനിക്കും’ – ടി.ടി.വി. ദിനകരൻ വ്യക്തമാക്കി.

ജൂൺ 14നാണു മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജിയും ജസ്റ്റിസ് എം.സുന്ദറും വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചത്. സ്പീക്കർ പി.ധനപാലിന്റെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ശരിവച്ചപ്പോൾ, ജസ്റ്റിസ് സുന്ദർ വിധിച്ചതു സ്പീക്കറുടെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു. മൂന്നാം ജഡ്ജിക്കു കേസ് വിടാനും അതുവരെ തൽസ്ഥിതി തുടരാനും അന്നു ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.