ഇസ്‍ലാമബാദ്∙ ചൈനയുടെ സഹായത്തോടെ 2022ൽ ബഹിരാകാശത്തു മനുഷ്യനെ എത്തിക്കാനൊരുങ്ങി പാക്കിസ്ഥാൻ. പാക്ക് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരിയാണ് വ്യാഴാഴ്ച ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇന്ത്യയും 2022ലാണു ബഹിരാകാശത്തേക്കു മനുഷ്യനെ അയയ്ക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗം നിർദേശത്തിന് അംഗീകാരം നൽകി. പാക്കിസ്ഥാൻ സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മിഷനും (സുപാർകോ) ഒരു ചൈനീസ് കമ്പനിയും തമ്മിൽ ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടതായും ചൗധരി വ്യക്തമാക്കി. നവംബർ മൂന്നിന് ഇമ്രാൻ ഖാൻ ആദ്യമായി ചൈന സന്ദർശിക്കാനിരിക്കുകയാണ്. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് 2022ൽ ഇന്ത്യ ബഹിരാകാശത്തു മനുഷ്യനെ എത്തിക്കാൻ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പദ്ധതി സാധ്യമാകുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
പാക്കിസ്ഥാനും ചൈനയും തമ്മിൽ പ്രതിരോധ മേഖലയിൽ ഉൾപ്പെടെ മികച്ച ബന്ധമാണു നിലവിലുള്ളത്. ചൈനീസ് ആയുധങ്ങൾ ഏറ്റവും അധികം വാങ്ങുന്ന രാജ്യവും പാക്കിസ്ഥാനാണ്. ഈ വർഷം ആദ്യം രണ്ട് പാക്ക് നിര്‍മിത ഉപഗ്രഹങ്ങൾ ചൈനീസ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചു ബഹിരാകാശത്തെത്തിച്ചിരുന്നു. ചൈനയിലെ ഗോബി മരുഭൂമിയിൽ ജ്യൂക്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്നും ചൈനീസ് ലോങ് മാർച്ച് (എൽഎം–2സി) റോക്കറ്റായിരുന്നു ഈ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ചത്.
വിക്ഷേപണ സൗകര്യങ്ങളില്ലാത്തതിനാലാണ് പാക്കിസ്ഥാൻ ഉപഗ്രഹങ്ങൾ ചൈനയുടെ സഹായത്തോടെ ബഹിരാകാശത്തിലെത്തിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2003ലാണ് ചൈന മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചത്. ഇതോടെ റഷ്യയ്ക്കും യുഎസിനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറുകയും ചെയ്തു.