ഡൽഹിയുടെ ഓരോ ശ്വാസത്തിലും പതിനഞ്ച് സിഗരറ്റ് ഒരുമിച്ചു വലിച്ചാലുള്ള മാലിന്യം !

ഡൽഹിയിൽ മലിനീകരണത്തിൽനിന്നു രക്ഷ തേടി മുഖാവരണം ധരിച്ചവർ (ഫയൽചിത്രം)

ന്യു‍ഡൽഹി ∙ കടുത്ത അന്തരീക്ഷ മലിനീകരണം മൂലം, രാജ്യതലസ്ഥാനത്ത് നിർമാണപ്രവർത്തനങ്ങൾക്കു നിരോധനം. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി. ‘ഏതെങ്കിലും തരത്തിലുള്ള മലിനീകരണത്തെപ്പറ്റി പരാതി ലഭിച്ചാൽ നടപടിയെടുക്കാൻ ബന്ധപ്പെട്ട ഏജൻസിക്ക് രണ്ടു ദിവസം സമയം നൽകും. അതിനുള്ളിൽ ‌നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർ‌ഡ് കടുത്ത നടപടിയെടുക്കും. അഞ്ചാം ദിവസം ക്രിമിനൽ നടപടിക്രമങ്ങളായിരിക്കും വീഴ്ച വരുത്തുന്നവർക്കു നേരിടേണ്ടിവരിക’- കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധൻ വ്യക്തമാക്കി. നവംബർ 10 വരെയാണ് നിരോധനം.

ഒരു മനുഷ്യന് ശ്വസിക്കാനാവുന്നതിലും താഴെയാണ് ഇപ്പോൾ ഡല്‍ഹിയിലെ വായുനിലവാരം. ദീപാവലിയും വിളവെടുപ്പു കാലവും എത്തുന്നതോടെ ഡല്‍ഹിക്കു പൂര്‍ണമായും ശ്വാസംമുട്ടും. പതിനഞ്ച് സിഗരറ്റ് ഒരുമിച്ച് വലിച്ചാലുണ്ടാകുന്നത്ര മാലിന്യമാണ് ഓരോ തവണയും ശ്വാസമെടുക്കുമ്പോൾ ഡൽഹിയിലെ ഓരോ മനുഷ്യനും  ഉള്ളിലേക്കു വലിച്ചെടുക്കുന്നത്. ജനങ്ങൾ പുറത്തിറങ്ങി നടക്കരുതെന്നാണ് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ  മുന്നറിയിപ്പ്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പര്‍ട്ടികുലേറ്റ് മാറ്റര്‍ പത്തിന്റെ നില ലോകത്തിലെ മറ്റേത് നഗരത്തേക്കാളും ഡൽഹിയിൽ കൂടുതലാണ്

ഒരോ വര്‍ഷം കഴിയുതോറും സ്ഥിതി വഷളാവുകയാണ്. വിളവെടുപ്പിനൊടനുബന്ധിച്ച് ഡല്‍ഹിയുടെ സമീപ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കാന്‍ തുടങ്ങുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. ദീപാവലിയാകുന്നതോടെ മലിനീകരണതോത് ഉയരും.