Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വെന്റിലേറ്ററിൽ’ ഡൽഹി; വായു മലിനീകരണം 10 മടങ്ങ്, ചരക്കുവാഹനങ്ങൾക്കു നിയന്ത്രണം

delhi-pollution-main കനത്ത പുകമഞ്ഞ് മൂടിയ രാജ്പഥ്.

ന്യൂഡൽഹി ∙ ദീപാവലിയിൽ നഗരം പടക്കം പൊട്ടിച്ചു; പിന്നാലെ ശ്വാസം മുട്ടുന്നു. പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ചു ജനങ്ങൾ ദീപാവലി ആഘോഷിച്ചതോടെ അന്തരീക്ഷവായുവിന്റെ നില ഗുരുതരാവസ്ഥയിലെത്തി. സുരക്ഷിത നിലയെക്കാൾ 10 മടങ്ങിൽ അധികമാണു വായുമലിനീകരണമെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

അതേസമയം, വ്യാഴാഴ്ച രാത്രി 11 മണി മുതൽ മൂന്നു ദിവസത്തേക്ക് നഗരത്തിൽ വലുതും ഇടത്തരവുമായ ചരക്കുവാഹനങ്ങൾക്കു ഡൽഹി പൊലീസ് നിരോധനം ഏർപ്പെടുത്തി. നവംബർ 11 ന് രാത്രി 11 വരെയാണ് നിയന്ത്രണം. ധാന്യങ്ങളും പച്ചക്കറികളുമായി വരുന്ന ചരക്കുവാഹനങ്ങൾക്കു മാത്രം നിയന്ത്രണത്തിൽ ഇളവു നൽകും.

വായുനില പരിതാപകരമായതോടെ ജനജീവിതം സ്തംഭിച്ചു. വായു നിലവാര സൂചിക(എയർ ക്വാളിറ്റി ഇൻഡക്സ്–എക്യുഐ) ശരാശരി 574 ആണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ എക്യുഐ 999 എന്ന നിലയിലാണ്. 0–50 വരെയാണു സുരക്ഷിത വായുനിലവാരനില. പൊടിയും പുകമഞ്ഞും കാഴ്ച മറച്ചതോടെ വിമാനത്താവളത്തിൽ ഉൾപ്പെടെ യാത്ര പ്രതിസന്ധിയിലായി. വരും ദിവസങ്ങളിലും സമാന അവസ്ഥ തുടരുമെന്നാണു മുന്നറിയിപ്പ്.

delhi-pollution-more വായു ആരോഗ്യത്തിന് ഹാനികരം: ദീപാവലിപ്പിറ്റേന്ന് അന്തരീക്ഷമലിനീകരണം രൂക്ഷമായതിനെ തുടർന്നു കനത്ത പുകമഞ്ഞിൽ മുങ്ങിയ ഡൽഹി. ചിത്രം: എഎഫ്പി.

കനത്ത പുകമഞ്ഞിലേക്കാണു നഗരം വ്യാഴാഴ്ച കണ്ണുതുറന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോതു വ്യക്തമാക്കുന്ന എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) ഏറെ ഉയർന്ന നിലയിലാണ്. വ്യാഴാഴ്ച രാവിലെ ആനന്ദ് വിഹാർ, പഞ്ചാബി ബാഗ് എന്നിവിടങ്ങളിലെ എക്യുഐ 999 എന്ന നിലയാണ്. ഏറെ ഗുരുതരമായ സ്ഥിതിയാണിതെന്നു സെന്റർ ഫോർ സയൻസസ് ആൻഡ് എൻവയൺമെന്റിലെ വിദഗ്ധർ പറയുന്നു.

നഗരത്തിലെ ശരാശരി എക്യുഐ 574 എന്ന നിലയിലാണെന്നു സിസ്റ്റം ഫോർ എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ചിലെ (സഫർ) വിദഗ്ധർ പറയുന്നു. ഈ സ്ഥിതി വരുംദിവസങ്ങളിലും തുടരുമെന്നാണു മുന്നറിയിപ്പ്. 0–50 എന്ന നിലയിലുള്ള എക്യുഐയാണു മികച്ച നിലയിലുള്ളതായി കണക്കാക്കുന്നത്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 2.5 (പിഎം 2.5), പിഎം 10 എന്നിവയും ഏറെ ഉയർന്ന നിലയിലാണ്.

മലിനീകരണം കണക്കിലെടുത്താണു ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ദിവസം പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാത്രി 8 മുതൽ 10 വരെ പടക്കം പൊട്ടിക്കാമെന്നായിരുന്നു കോടതി വിധി. എന്നാൽ വൈകിട്ട് ആരംഭിച്ച പടക്കംപൊട്ടിക്കൽ പുലർച്ചെവരെ നീണ്ടു. കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതു പേരിനു മാത്രമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പടക്കം പൊട്ടിക്കുന്നതിനു രണ്ടുമണിക്കൂർ സമയം നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ അധികൃതർ പൂർണ പരാജയമായി. ഉത്തരവ് ലംഘിച്ച 310 പേർ അറസ്റ്റിലായി. 562 കേസുകൾ റജിസ്റ്റർ ചെയ്തു. 2776 കിലോ പടക്കവും പിടിച്ചെടുത്തു.മഞ്ഞും പടക്കത്തിലെ പൊടിയും അയൽസംസ്ഥാനങ്ങളിൽ കാർഷികവിളാവശിഷ്ടങ്ങൾ കത്തിക്കുന്നതു കാരണമുള്ള മലിനീകരണവും ചേർന്നതോടെയാണ് അന്തരീക്ഷവായു ഗുരുതരാവസ്ഥയിലെത്തിയത്.