Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില രഹസ്യമെന്ന് കേന്ദ്രം, നൽകിയേ പറ്റൂവെന്ന് കോടതി; എന്താണ് റഫാലിൽ സംഭവിക്കുന്നത്?

Supreme Court of India

ന്യൂഡൽഹി∙ റഫാല്‍ ഇടപാടിലെ വില ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വേണമെന്നു സുപ്രീംകോടതി. വിലവിവരം മുദ്രവച്ച കവറില്‍ പത്തുദിവസത്തിനകം കൈമാറാനാണു സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ റഫാലിന്‍റെ വിലവിവരം ഔദ്യോഗിക രഹസ്യമാണെന്നു കേന്ദ്രം വ്യക്തമാക്കി. ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇതു പുറത്തു വിടാനാവില്ലെന്ന് എജി കോടതിയെ അറിയിച്ചു.

സിബിഐ അന്വേഷണ ആവശ്യത്തിലും സുപ്രീം കോടതി തീരുമാനമെടുത്തില്ല. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഈ ആവശ്യമുന്നയിച്ചെങ്കിലും കാത്തിരിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. കേസ് നവംബര്‍ 14നു വീണ്ടും പരിഗണിക്കും.

മുൻകേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂറി, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണു പരിഗണിച്ചത്. സിബിഐ തലപ്പത്തെ കലഹത്തിനു പിന്നിൽ റഫാൽ ഇടപാടാണെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ അടക്കം ഉയർത്തിയ പശ്ചാത്തലത്തിലാണു വിഷയം കോടതിയുടെ മുന്നിൽ വന്നത്.