താലിബാൻ ‘ഗോഡ്ഫാദർ’ മൗലാന സമിയുൾ ഹഖ് കുത്തേറ്റു മരിച്ച നിലയിൽ

ഹഖിന്റെ മരണം വിവരിച്ച് പാക്ക് ടിവിയിൽ വന്ന വാർത്ത.

റാവൽപിണ്ടി ∙ താലിബാന്റെ ‘ഗോഡ്ഫാദർ’ എന്നറിയപ്പെടുന്ന മൗലാന സമിയുൾ ഹഖ്(82) കൊല്ലപ്പെട്ടു. റാവൽപിണ്ടിയിലെ വസതിയിലാണ് കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താലിബാൻ ഉൾപ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുണയ്ക്കുന്ന നിലപാടുകളിലൂടെ ‘താലിബാന്റെ പിതാവ്’ എന്നും ഹഖ് അറിയപ്പെട്ടിരുന്നു.

ഹഖിന്റെ മരണം വിവരിച്ച് പാക്ക് ടിവിയിൽ വന്ന വാർത്ത.

അജ്ഞാതരായ അക്രമികളാണ് ഹഖിനെ വധിച്ചതെന്ന് മകൻ പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു. ഇസ്‌ലാമാബാദിലെ ഒരു പ്രതിഷേധപ്രകടനത്തിൽ പങ്കെടുക്കാൻ യാത്ര തിരിച്ച ഹഖ് ഗതാഗതതടസം കാരണം വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് മകൻ മകൻ മൗലാനാ ഹമിദുൽ ഹഖ് ജിയോ ടിവിയോട് പറഞ്ഞു. വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ഹഖിന്റെ സുരക്ഷാഭടൻ കൂടിയായ ഡ്രൈവർ 15 മിനിറ്റ് പുറത്തുപോയ സമയമാണ് ആക്രമണമുണ്ടായതെന്ന് ഹമിദുൽ വിവരിച്ചു.

സുരക്ഷാഭടൻ മടങ്ങിയെത്തിയപ്പോൾ രക്തത്തിൽകുളിച്ച നിലയിലായിരുന്നു ഹഖ്. പിതാവിന്റെ ശരീരത്തിൽ നിരവധി തവണ അക്രമികൾ കുത്തിയ മുറിപ്പാടുകളുണ്ടെന്നും മകൻ ഹമിദുൾ പറഞ്ഞു. ഹഖ് വധിക്കപ്പെട്ടപ്പോൾ ബന്ധുക്കൾ ആരും വീട്ടിലുണ്ടായിരുന്നില്ലെന്ന് ജെയുഐ–എസ് നേതാവ് മൗലാന അബ്ദുൽ മജീദും മാധ്യമങ്ങളോടു പറഞ്ഞു. ഹഖിന്റെ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി റാവൽപിണ്ടിയിലെ ഡിഎച്ച്ക്യു ആശുപത്രിയിലേക്കു മാറ്റി. 1985 ലും 1991 ലും സെനറ്റ് ഓഫ് പാക്കിസ്ഥാനിലെ അംഗമായിരുന്ന ഹഖ് സെനറ്റിൽ പാക്കിസ്ഥാനിലെ ചരിത്രപരമായ ശരിയത്ത് ബിൽ പാസാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. 

തീവ്രനിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയ രാഷ്ട്രീയ കക്ഷിയായ ജമിയത്ത് ഉലമ–ഇ–ഇസ്‌ലാം–സമി(ജെയുഐ–എസ്) നേതാവും പാക്കിസ്ഥാനിൽ ഏറെ സ്വാധീനമുളള മതപാഠശാലകളിലൊന്നായ ദാറുൽ ഉലൂം ഹഖാനിയ മദ്രസ തലവനുമായിരുന്നു ഹഖ്. ദൈവനിന്ദ ആരോപിക്കപ്പെട്ട ക്രിസ്തൻ മതവിശ്വാസിയായ ആസിയ ബീബിയെ പാക്ക് സുപ്രീം കോടതി കുറ്റവിമുക്തയാക്കിയതോടെ പാക്കിസ്ഥാനിൽ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ഹഖിന്റെ വധത്തിന്റെ വാർത്ത പുറത്തു വരുന്നത്.

മൗലാന സമിയുൾ ഹഖ്

ആസിയയെ കുറ്റവിമുക്തയാക്കിയ കോടതി തീരുമാനത്തിനു പിന്നാലെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടന്നുവരികയാണ്. അഫ്ഗാനിസ്ഥാനിൽ വിഘടിച്ചുനിൽക്കുന്ന താലിബാൻ സംഘങ്ങൾക്കിടയിൽ മധ്യസ്ഥനാകണമെന്നാവശ്യപ്പെട്ട് അടുത്തിടെ അഫ്ഗാനിൽ നിന്നുളള പ്രത്യേക സംഘം ഹഖിനെ കണ്ടിരുന്നു. പാക്കിസ്ഥാനിൽ ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പാക്കിസ്ഥാൻ തെഹ്റികെ ഇൻസാഫ്(പിടിഐ) സഖ്യകക്ഷി സർക്കാരിലെ പങ്കാളി കൂടിയാണ് ഹഖിന്റെ പാർട്ടി.

പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പദമേറ്റ ശേഷം ചൈനയിലേക്കുള്ള ആദ്യ സന്ദർശനത്തിലാണ്. ഹഖിന്റെ വധത്തെ ചൈനയിൽ നിന്നുള്ള പ്രസ്താവനയിലൂടെ ഇമ്രാൻ ഖാൻ അപലപിച്ചു. പ്രധാനപ്പെട്ട മതനേതാവിനെയാണ് രാജ്യത്തിനു നഷ്ടമായതെന്നു പറഞ്ഞ ഇമ്രാൻ സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിക്കാനും അക്രമികളെ കണ്ടെത്താനും നിർദ്ദേശം നൽകി. പാക്ക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബസ്താറും വധത്തെ അപലപിച്ചു. പഞ്ചാബ് ഐജിയോട് അദ്ദേഹം സംഭവത്തിന്റെ റിപ്പോർട്ട് തേടി.

2014 ൽ നിരോധിത തെഹ്റീകെ താലിബാൻ പാക്കിസ്ഥാനുമായുള്ള(ടിടിപി) സമാധാനചർച്ചകൾക്കുളള സമിതി അധ്യക്ഷനായും പ്രവർത്തിച്ചു. ഈ സമിതി നിരവധി തവണ ചർച്ച നടത്തിയെങ്കിലും കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലും പെഷവാറിലെ ആർമി പബ്ലിക് സ്കൂളിലും ഉണ്ടായ ഭീകരാക്രമണങ്ങൾക്കു പിന്നാലെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് – നവാസ്(പിഎംഎൽ – എൻ) നേതൃത്വത്തിലുളള സർക്കാർ ഭീകരർക്കു നേരെ ശക്തമായ നടപടികൾ ആരംഭിച്ചതോടെ സമാധാനനീക്കം വഴിമുട്ടി. 2018 ൽ സെനറ്റ് തിരഞ്ഞെടുപ്പിൽ പിടിഐ ഹഖിന് മൽസരിക്കാൻ ടിക്കറ്റ് നൽകിയെങ്കിലും പാക്കിസ്ഥാനിലെ ഉപരിസഭയായ സെനറ്റിലേക്ക് ഹഖ് തിരഞ്ഞെടുക്കപ്പെട്ടില്ല.