Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന് ചൈനയുടെ സാമ്പത്തിക വാഗ്ദാനം; ഷി ജിൻപിങ് പാക്കിസ്ഥാൻ സന്ദർശിക്കും

Imran Khan, Xi Jinping ഇമ്രാന്‍ ഖാനും ഷി ചിൻപിങ്ങും

ബെയ്ജിങ് ∙ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് സാമ്പത്തിക സഹായ വാഗ്ദാനവുമായി ചൈന. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. രണ്ടു മാസം മുമ്പ് അധികാരത്തിലെത്തിയ ഇമ്രാൻഖാൻ മന്ത്രിസഭ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് സാമ്പത്തിക രംഗത്തെ വൻ തകർച്ച. പാക്കിസ്ഥാന്‍റെ വിദേശകരുതല്‍ നിക്ഷേപം 42 ശതമാനമാണ് ഈ വർഷം ഇടിഞ്ഞത്. സൗദി അറേബ്യ കഴിഞ്ഞ മാസം ആറു ബില്യൻ ഡോളറിന്‍റെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും രാജ്യാന്തര നാണയ നിധിയിൽനിന്നു കൂടുതൽ സഹായം ലഭിച്ചാൽ മാത്രമേ നിലവിലെ പ്രതിസന്ധിയിൽനിന്നു കരകയറാൻ പാക്കിസ്ഥാനു കഴിയൂവെന്നാണ് വിലയിരുത്തൽ. 1980 കളുടെ അവസാനം മുതൽ ഇതുവരെ 12 പ്രത്യേക സാമ്പത്തിക പാക്കേജുകളാണ് ഐഎംഎഫ് പാക്കിസ്ഥാനായി അനുവദിച്ചിട്ടുള്ളത്.

ഏറ്റവും മോശം അവസ്ഥയിലൂടെയാണ് പാക്കിസ്ഥാൻ കടന്നു പോകുന്നതെന്നും കടങ്ങളും ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള പണത്തിന്‍റെ അഭാവവും തങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഇമ്രാൻഖാൻ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള ബന്ധത്തെ ഏറെ പ്രാധാന്യത്തോടെയാണ് താൻ കാണുന്നതെന്നും ഇമ്രാനുമായി നല്ല രീതിയിൽ മുന്നോട്ടു പോകാനാകുമെന്നാണ് പ്രതീക്ഷയെന്നും ഷി ജിൻപിങ് വ്യക്തമാക്കി. സാമ്പത്തിക സഹായത്തെക്കുറിച്ച് ഇരു നേതാക്കളും പ്രതികരിച്ചില്ല. എന്നാൽ പാക്കിസ്ഥാനെ തങ്ങൾ കൈവിടില്ലെന്ന് മുതിർന്ന ചൈനീസ് നയതന്ത്രജ്ഞനും സ്റ്റേറ്റ് കൗൺസിലറുമായ വാങ് യി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്ക് ഉറപ്പു നൽകിയതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പാക്കിസ്ഥാൻ സന്ദർശിക്കാനുള്ള ഇമ്രാൻഖാന്‍റെ ക്ഷണം ഷി ജിൻപിങ് സ്വീകരിച്ചതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണ കരാറുകളിൽ ഒപ്പുവച്ചേക്കുമെന്നാണ് സൂചന. 60 ബില്യൻ ഡോളർ മുതൽമുടക്കുള്ള ചൈന – പാക്കിസ്ഥാൻ ഇടനാഴിയിൽ മാറ്റങ്ങൾ വേണമെന്നാണ് ഇമ്രാൻ സർക്കാരിന്‍റെ നിലപാട്. അടിസ്ഥാന സൗകര്യ വികസനത്തിലുപരിയായി സാമൂഹിക വികസനത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്ന തരത്തിലുള്ള ഭേദഗതിയാണ് പാക്കിസ്ഥാൻ മുന്നോട്ടുവയ്ക്കുന്നത്.