യുപിയി‍ല്‍ പെണ്‍കുട്ടിയെ ഐസിയുവിൽ കെട്ടിയിട്ട് കൂട്ടമാനഭംഗം; പ്രതികള്‍ ഒളിവിൽ

പ്രതീകാത്മക ചിത്രം

ലക്നൗ∙ ഉത്തര്‍പ്രദേശില്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനംഭംഗത്തിനിരയായി. അഞ്ച് ആശുപത്രി ജീവനക്കാര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണു നടുക്കുന്ന സംഭവമുണ്ടായത്.

പാമ്പുകടിയേറ്റതിനെ തുടര്‍ന്നു തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാര്‍ കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. വെന്‍റിലേറ്ററില്‍നിന്നു മാറ്റിയ ഉടനെ ജീവനക്കാര്‍ കുട്ടിക്കു മയങ്ങുന്നതിനുളള കുത്തിവയ്പ് നല്‍കി. ഇതിനുശേഷം കൈകളും കാലുകളും കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് ജനറല്‍ വാര്‍ഡിലേക്കു മാറ്റിയപ്പോഴാണു പെണ്‍കുട്ടി ബന്ധുക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന്, പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസ് റജിസ്റ്റര്‍ ചെയ്തതായും പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. വിവരം പുറത്തറിഞ്ഞതോടെ ആശുപത്രി ജീവനക്കാര്‍ ഒളിവില്‍ പോയി. പ്രതികളില്‍ ഒരാള്‍ കംപൗണ്ടറും നാലുപേര്‍ ക്ലീനിങ് ജീവനക്കാരുമാണ്.