Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല യുവതീപ്രവേശം: വിധിയിലേക്കു നയിച്ചത് എന്തെല്ലാം? തുടർന്ന് സംഭവിച്ചതും...

Sabarimala Devotees

12 വർഷം മുൻപ്, 2006 ജൂലൈയിലായിരുന്നു ആ ഹർജി സുപ്രീംകോടതിയിലെത്തിയത്. ശബരിമലയിൽ പത്തിനും അൻപതിനും മധ്യേ പ്രായമുള്ള സ്‌ത്രീകൾക്കു പ്രവേശനത്തിനുള്ള നിരോധനം നീക്കാൻ കേരള സർക്കാരിനു നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ‘ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനിലെ’ ഒരു കൂട്ടം വനിതകളായിരുന്നു ഹർജിക്കു പിന്നില്‍. ചലച്ചിത്രതാരം ജയമാല ശബരിമലയിൽ ചെന്നെന്ന പരാതിയെത്തുടർന്നു ശുദ്ധികലശം നടന്ന പശ്ചാത്തലത്തിലാണു തങ്ങൾ ഹർജി നൽകിയതെന്നായിരുന്നു ഇവരുടെ പക്ഷം. 2016 ജനുവരിയിലാണു കേസ് ചൂടുപിടിച്ചത്. മതത്തിന്റെ പേരിലല്ലാതെ, ഉപവിഭാഗങ്ങളുണ്ടാക്കി ആർക്കും പ്രവേശനം നിഷേധിക്കാനാവില്ലെന്നും ക്ഷേത്രത്തിൽ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു സ്‌ത്രീകളാണെന്നും വാദത്തിനിടെ സുപ്രീംകോടതി വ്യക്തമാക്കി. 

സർക്കാർ മാറി, നിലപാടുകളും

ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച ഹർജിയിൽ പലപ്പോഴായി സംസ്ഥാന സർക്കാർ രണ്ടു നിലപാടുകളാണു സ്വീകരിച്ചത്. വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ജി. സുധാകരൻ ദേവസ്വം മന്ത്രിയായിരിക്കെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചായിരുന്നു ആദ്യ സത്യവാങ്‌മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചത്. തുടർന്നു വന്ന ഉമ്മൻ ചാണ്ടി സർക്കാർ അതിൽ കാതലായ ഭേദഗതി വരുത്തി. ശബരിമലയിൽ സ്‌ത്രീകൾക്കുള്ള നിരോധനം നീക്കണമെന്ന ഹർജി കോടിക്കണക്കിനു ഭക്‌തരുടെ ആചാരാനുഷ്‌ഠാനങ്ങൾ കോടതിയിലൂടെ തിരുത്താൻ ഉദ്ദേശിച്ചുള്ളതായതിനാൽ തള്ളിക്കളയണമെന്നായിരുന്നു യുഡിഎഫ് ആവശ്യപ്പെട്ടത്. എന്നാൽ, ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കുകയെന്നാണ് നിലപാടെന്ന് ഇടതു സർക്കാർ 2016 നവംബറിൽ വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ കാലത്തു നൽകിയ അധിക സത്യവാങ്‌മൂലം തള്ളിക്കളയണമെന്നും നിലപാടെടുത്തു. 2007ൽ എൽഡിഎഫ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ നിലപാടിൽ ഉറച്ചു നിൽക്കുന്നെന്നും ഇടതുസർക്കാർ അറിയിച്ചു. 

വിലക്കിലേക്കു നയിച്ച സിനിമ

1969ൽ കൊടിമരപ്രതിഷ്‌ഠയ്ക്കു ശേഷമാണു ശബരിമലയിൽ കുട്ടികൾക്കുള്ള ചോറൂണ് വഴിപാടു തുടങ്ങിയത്. ഇതിനായി ഏതാനും സ്ത്രീകളും സന്നിധാനത്തെത്തി. നൈഷ്‌ഠിക ബ്രഹ്‌മചാരി സങ്കൽപത്തിലുള്ള വിഗ്രഹപ്രതിഷ്‌ഠയായതിനാൽ സ്ത്രീകൾ മലചവിട്ടുന്നതിനെതിരെ ഭക്‌തരുടെ ഇടയിൽ പരാതികൾ ഉയർന്നതോടെ 10നും 50നും മധ്യേ പ്രായമുള്ള സ്‌ത്രീകൾ മലചവിട്ടുന്നത് നിയന്ത്രിച്ച് 1972 നവംബർ 12ന് ദേവസ്വം ബോർഡ് ഉത്തരവിറക്കി. എന്നാൽ 1986ൽ ബോർഡ് ‘സിനിമാ വിവാദത്തിൽ’ കുരുങ്ങി.

‘നമ്പിനോർ കെടുവതില്ലൈ...’ എന്ന തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട കേസാണു കുരുക്കായത്. 1986 മാർച്ച് 8 മുതൽ 13 വരെയായിരുന്നു സന്നിധാനത്തെ ചിത്രീകരണം. മുടങ്ങാതെ അയ്യപ്പ ദർശനം നടത്തിവന്ന ഭക്‌തനായ ശങ്കരനായിരുന്നു സംവിധായകൻ. യുവതികളായ താരങ്ങളെ മലകയറ്റി പതിനെട്ടാംപടിക്കൽ നൃത്തം ചെയ്യിച്ച് സിനിമ ചിത്രീകരിച്ചതായി കാണിച്ച് കായംകുളം സ്വദേശി റാന്നി കോടതിയിൽ കേസ് ഫയൽ ചെയ്‌തു. താരങ്ങളായ ജയശ്രീ, സുധാചന്ദ്രൻ, അനു (ഭാമ), വടിവുക്കരശി, മനോരമ എന്നിവരായിരുന്നു ഒന്നു മുതൽ അഞ്ചു വരെ പ്രതികൾ. ആറാം പ്രതി സംവിധായകൻ ശങ്കരൻ.

അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. ഭാസ്കരൻ നായർ, അംഗങ്ങളായ സരസ്വതി കുഞ്ഞിക്കൃഷ്‌ണൻ, ഹരിഹരയ്യർ എന്നിവർ 7 മുതൽ 9 വരെ പ്രതികളുമായിരുന്നു. 1986 ജൂലൈയിലാണ് കേസ് കോടതിയിലെത്തിയത്. താരങ്ങൾ സെപ്‌റ്റംബറിൽ ഹാജരായി ജാമ്യമെടുത്തു. ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഗോപാലകൃഷ്‌ണപിള്ള പ്രതികൾക്ക് 1000 രൂപ വീതം പിഴയിട്ടു. നടി മനോരമയ്ക്ക് 50 വയസ്സു കഴിഞ്ഞിരുന്നതിനാൽ വിട്ടയച്ചു. സംവിധായകൻ ശങ്കരനിൽനിന്ന് 7500 രൂപ ഫീസ് വാങ്ങിയാണ് സിനിമ ചിത്രീകരണത്തിന് ദേവസ്വം ബോർഡ് അനുമതി നൽകിയത്. അതിനാൽ, ദേവസ്വം ബോർഡ് ഭാരവാഹികൾക്കും കോടതി പിഴയിട്ടു.

ഇതോടെ, ശബരിമലയിൽ ദേവസ്വം ബോർഡ് നിയന്ത്രണം കർശനമാക്കി. അതിനു പിന്നാലെയാണു ദേവസ്വം ഉദ്യോഗസ്‌ഥയുടെ മകൾ ആചാരം ലംഘിച്ച് എത്തിയതിനെതിരെ ഹൈക്കോടതിയിൽ കേസ് വന്നത്. ചങ്ങനാശേരി സ്വദേശി അയച്ച കത്ത് ഹർജിയായി സ്വീകരിച്ച് ജസ്‌റ്റിസ് പരിപൂർണന്റെ ബെഞ്ച് 10നും 50നും മധ്യേയുള്ള സ്‌ത്രീകൾക്ക് ശബരിമലയിൽ നിയന്ത്രണം കർശനമാക്കി 1990ൽ വിധി പ്രസ്താവിച്ചു.

ഭരണഘടനാ ബെഞ്ചിലേക്ക്...

ശബരിമലയിലെ സ്‌ത്രീപ്രവേശവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത് 2017 ഒക്ടോബർ 13നായിരുന്നു.

∙ അഞ്ചു വിഷയങ്ങളാണു കോടതി പരിഗണിച്ചത്:

1) ജീവശാസ്ത്രപരമായ കാരണങ്ങളാ‍ൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നത് വേർതിരിവാണോ? ആണെങ്കിൽ ഭരണഘടനയിലെ 14, 15, 17 വകുപ്പുകളുടെ ലംഘനമാണോ? ഭരണഘടനയുടെ 25, 26 വകുപ്പുകളിൽ പറയുന്ന ‘ധാർമികത’ എന്നതിന്റെ സംരക്ഷണം ഇതിനു ലഭിക്കുമോ? 

2) ഭരണഘടനയുടെ 25ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ, സ്ത്രീകളെ ഒഴിവാക്കുന്നത് അനുപേക്ഷണീയ മതാചാരമോ? മതപരമായ കാര്യങ്ങളിലെ സ്വയംനിർണയാവകാശത്തിന്റെ പേരിൽ ഒരു മതസ്ഥാപനത്തിന് ഇത്തരമൊരു അവകാശമുന്നയിക്കാമോ? 

Supreme court- live telecast

3) അയ്യപ്പക്ഷേത്രത്തിന് ഒരു മതവിഭാഗമെന്ന സ്വഭാവമുണ്ടോ? ഉണ്ടെങ്കിൽ, നിയമപരമായി രൂപീകരിക്കപ്പെട്ട ബോർഡിനാൽ ഭരിക്കപ്പെടുന്നതും കേരളത്തിന്റെയും തമിഴ്നാടിന്റെയും സഞ്ചിതനിധിയിൽനിന്നു പണം ലഭിക്കുന്നതുമായ ‘മതവിഭാഗ’ത്തിന് 14, 15(3), 39(എ), 51എ(ഇ) വകുപ്പുകളിൽ ഉള്ളടങ്ങുന്ന ഭരണഘടനാ തത്വങ്ങളും ധാർമികതയും ലംഘിക്കാമോ? 

4) കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) ചട്ടങ്ങളിലെ മൂന്നാം വകുപ്പ് 10നും 50നുമിടയ്ക്കു പ്രായമുള്ള സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കാൻ മതവിഭാഗത്തെ അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതു ലിംഗാടിസ്ഥാനത്തിലുള്ള നടപടിയായതിനാൽ ഭരണഘടനയുടെ 14, 15(3) വകുപ്പുകൾക്കു വിരുദ്ധമാവില്ലേ? 

5) കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) നിയമത്തിനു വിരുദ്ധമാണോ ഇതിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങളിലെ 3(ബി) വകുപ്പ്? 

സ്ത്രീപ്രവേശം നിഷേധിക്കുന്നതിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുൻപാകെ വാദം തുടങ്ങിയത് 2018 ജൂലൈയിലായിരുന്നു. ജൂലൈ, ഓഗസ്റ്റോടെ കേസിൽ വാദം പൂർത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാബെഞ്ച് സെപ്റ്റംബർ 28ലേക്കു വിധി പറയാൻ മാറ്റി. 

നിർണായക വിധി

ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി. ആർത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നും അഞ്ചംഗ ബെഞ്ചിലെ നാലു പേർ വ്യക്തമാക്കി. വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (25–1) ‘എല്ലാ വ്യക്തികളും’ എന്ന പ്രയോഗത്തിൽ സ്ത്രീകളും ഉൾപ്പെടുന്നുവെന്നും ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേർതിരിവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണു പ്രായഭേദമന്യേ സ്ത്രീപ്രവേശനമാകാമെന്നു വിധിച്ചത്. ജസ്റ്റിസ് ഖാൻവിൽക്കറുടെ നിലപാടുകൾ കൂടി ഉൾപ്പെടുത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും, അവരോടു യോജിച്ചും തങ്ങളുടേതായ വ്യാഖ്യാനങ്ങൾ ഉൾപ്പെടുത്തിയും ജസ്റ്റിസ് നരിമാൻ, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരും വിധിന്യായങ്ങളെഴുതുകയായിരുന്നു. എന്നാൽ, മതവിശ്വാസത്തിൽ കോടതി ഇടപെട്ടു തീർപ്പ് കൽപിക്കരുതെന്നും വിശ്വാസത്തെ ഭരണഘടനാപരമായ യുക്തി കൊണ്ട് അളക്കരുതെന്നും ഭൂരിപക്ഷവിധിയോടു വിയോജിച്ച ജസ്റ്റിസ് ഇന്ദു മൽ‍ഹോത്ര വ്യക്തമാക്കി. അയ്യപ്പ ഭക്തരല്ലാത്തവരാണ് ഹർജിക്കാർ എന്നതിനാൽ ഹർജി നിലനിൽക്കില്ലെന്നും വിധിച്ചു. 

ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിക്കാൻ, ജസ്റ്റിസ് ഖാൻവിൽക്കറുടെ നിലപാടുകൾ കൂടി ഉൾപ്പെടുത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞ 12 കാരണങ്ങൾ ഇവ: 

1) അയ്യപ്പഭക്തർ പ്രത്യേക മതവിഭാഗമല്ല. അവർക്കു പ്രത്യേക മതസംഹിതയില്ല. 

2) വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (25–1) ‘എല്ലാ വ്യക്തികളും’ എന്ന പ്രയോഗത്തിൽ സ്ത്രീകളും ഉൾപ്പെടുന്നു. ഈ വകുപ്പനുസരിച്ച് അവകാശത്തിനു ലിംഗഭേദമില്ല; ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേർതിരിവുമില്ല. 

3) ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതാണു കേരള ഹിന്ദു ആരാധനാ സ്ഥല നിയമത്തിലെ 3(ബി) വകുപ്പുപ്രകാരം ശബരിമലയിലെ രീതി. 

4) 3(ബി) വകുപ്പ് ഹിന്ദു സ്ത്രീകളുടെ വിശ്വാസ ആചരണ അവകാശം നിഷേധിക്കുന്നതിനാൽ ഭരണഘടനയുടെ 25(1) വകുപ്പുപ്രകാരമുള്ള മൗലികാവകാശത്തെ നിഷ്ഫലമാക്കുന്നു. 

Chief-Justice-Dipak-Misra ദീപക് മിശ്ര

5) 25–ാം വകുപ്പിൽ പറയുന്ന പൊതുസദാചാരം ഭരണഘടനാപരമായ സദാചാരത്തിന്റെ പര്യായമാണ്. അതിനെ വ്യക്തികളോ മതവിഭാഗങ്ങളോ കൽപിക്കുന്ന ഇടുങ്ങിയ അർഥത്തിലല്ല കാണേണ്ടത്. 

6) ഭരണഘടനാ വകുപ്പിൽ പറയുന്ന പൊതുക്രമം, സദാചാരം, ആരോഗ്യം എന്നീ നിയന്ത്രണ കാരണങ്ങൾ, സ്ത്രീകളുടെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനും വേർതിരിവു കാട്ടാനും നിയമപരമായ അവകാശം നിഷേധിക്കാനുമുള്ളതല്ല. 

7) വിലക്ക് മതത്തിന്റെ അനുപേക്ഷണീയ ഘടകമല്ല. 

8) വിലക്കു മാറ്റുന്നതു ഹിന്ദുമതത്തിന്റെ സ്വഭാവത്തിനു മാറ്റം വരുത്തുന്നില്ല. 

9) വിലക്കിനു ചട്ടത്തിലൂടെ പിൻബലം നൽകിയിരുന്നെങ്കിലും അതു മതത്തിന്റെ അനുപേക്ഷണീയമോ അവിഭാജ്യമോ ആയ സംഗതിയല്ല. 

10) 1965ലെ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല നിയമത്തിലെ 3–ാം വകുപ്പ് എല്ലാ പൊതു ആരാധനാ സ്ഥലങ്ങളിലും എല്ലാ ഹിന്ദുക്കൾക്കും പ്രവേശനാനുമതി നൽകുന്നു. ഇതിനു വിരുദ്ധമാണു ചട്ടത്തിലെ 3(ബി) വകുപ്പ്. 

11) വർഗ, വിഭാഗ വ്യത്യാസങ്ങൾ പാടില്ലെന്നാണു നിയമത്തിലെ 4(1) വകുപ്പ്. അതിനും വിരുദ്ധമാണു 3(ബി) വകുപ്പ്. 

12) ആചാരങ്ങളും പ്രയോഗ രീതികളും ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങൾക്കും പൊതു ആരാധനാ സ്ഥലങ്ങളിൽ പ്രാർഥിക്കാനുള്ള അവകാശത്തിനു വഴിമാറണമെന്നാണു നിയമത്തിലെ 3, 4(1) വകുപ്പുകൾ വ്യക്തമാക്കുന്നത്. 

വിയോജന വിധിന്യായത്തിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞത്: 

1)  മതാനുഷ്ഠാനങ്ങൾ തുല്യത സംബന്ധിച്ച ഭരണഘടനാ വകുപ്പിന്റെയും (14) അതിലടങ്ങുന്ന യുക്തിയുടെയും മാത്രം അടിസ്ഥാനത്തിലല്ല പരിശോധിക്കേണ്ടത്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിലെ തുല്യതയ്ക്ക് ഏതു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങൾ ബാധകമാണ്. 

2) ബഹുസ്വര സമൂഹത്തിൽ, മതാനുഷ്ഠാനങ്ങളെ പൊതുതാൽപര്യ ഹർജികളിലൂടെ ചോദ്യം ചെയ്യാൻ അനുവദിക്കുന്നത് ഭരണഘടനാപരവും മതനിരപേക്ഷവുമായ ഘടനയ്ക്കു ക്ഷതമുണ്ടാക്കും. 

3) 10–50 പ്രായഗണത്തിലുള്ള സ്ത്രീകൾക്കുള്ള വിലക്ക് പരിമിത നിയന്ത്രണത്തിനുള്ള പ്രായോഗിക രീതി മാത്രം. തുല്യത ചോദ്യം ചെയ്യപ്പെടുന്നില്ല.

PTI7_6_2018_000166A ഇന്ദു മൽഹോത്ര

4) അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലല്ലാത്ത അയ്യപ്പക്ഷേത്രങ്ങളിലെല്ലാം ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനമുണ്ട്. ലിംഗപരമായ തുല്യത ഇത്തരം ആയിരത്തിലേറെ ക്ഷേത്രങ്ങളിലൂടെ സംരക്ഷിക്കപ്പെടുന്നു. 

5) ശബരിമലയിലെ ആചാര രീതികളിൽ ഇടപെടുന്നത് അയ്യപ്പനെ നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിൽ ആരാധിക്കാൻ ഭരണഘടനയുടെ 25(1) വകുപ്പ് അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. ഹിന്ദു ആരാധനാസ്ഥല ചട്ടത്തിലെ 3(ബി) വകുപ്പ് ആചാര ബന്ധിതമായുള്ള വിലക്ക് മാത്രമാണ് ഏർപ്പെടുത്തുന്നത്. 

6) ഭരണഘടനാപരമായ സദാചാരമെന്നതിൽ വ്യക്തികൾക്കും വിഭാഗങ്ങൾക്കും തങ്ങളുടേതായ രീതിയിൽ മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം അടങ്ങുന്നു. 

7)  ഭരണഘടനാ ശിൽപികൾ രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് 25, 26 വകുപ്പുകളിലൂടെ സംരക്ഷണം നൽകി. സാമൂഹിക ക്ഷേമത്തിനും പരിഷ്കാരത്തിനുമായല്ലാതെ ഭരണകൂട ഇടപെടൽ അനുവദിച്ചില്ല. 

8) പ്രതിഷ്ഠയുടെ ഭാവം പരിപാലിക്കാൻ നൂറ്റാണ്ടുകളായുള്ള രീതി ശബരിമല ക്ഷേത്രത്തെ സവിശേഷ സ്വഭാവമുള്ളതാക്കുന്നു. അതിൽ ഇടപെടുന്നത് ക്ഷേത്രത്തിന്റെ സ്വഭാവത്തെയും ഭക്തരുടെ വിശ്വാസങ്ങളെയും ആചാര രീതികളെയും ബാധിക്കും. 

9)  ശബരിമല ഭക്തർ പ്രത്യേക മതവിഭാഗമാണെന്നും ഭരണഘടനയുടെ 26ാം വകുപ്പു പ്രകാരമുള്ള സംരക്ഷണം വേണമെന്നും ഹർജിയെ എതിർക്കുന്നവർ വാദിക്കുന്നു. ഇത് വസ്തുതയും നിയമവും കൂടിക്കുഴയുന്ന പ്രശ്നമാണ്. ഇതു തക്ക അധികാരമുള്ള സിവിൽ കോടതിയാണ് തീർപ്പാക്കേണ്ടത്. 

10) നിശ്ചിത പ്രായഗണത്തിലുള്ള സ്ത്രീകൾക്കു ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനുള്ള പരിമിത നിയന്ത്രണമെന്നതിനു തൊട്ടുകൂടായ്മ സംബന്ധിച്ച ഭരണഘടനാ വകുപ്പ് (17) ബാധകമാകില്ല. 

ആദ്യ പ്രതികരണങ്ങൾ പലവിധം

ശബരിമലയിലെ ഭൂരിപക്ഷ വിധി സർക്കാർ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ആചാരപ്രകാരം യുവതികളെ സന്നിധാനത്തേക്കു കടത്തിവിടാതെ പമ്പയിൽ പൊലീസിനെ ഉപയോഗിച്ചു തടയുമായിരുന്നു. വിധിയുടെ പശ്ചാത്തലത്തിൽ അതു തുടരാനാകില്ലെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡ് മുന്നൊരുക്കങ്ങളോടെ വിധി നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ശബരിമലയെ സംഘർഷഭൂമിയാക്കാൻ അനുവദിക്കില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.സുപ്രീ കോടതി വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. വിധിക്കു കീഴിൽനിന്നു കൊണ്ടു തന്നെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനാകുന്ന വിധത്തിലുള്ള സമന്വയം ഉണ്ടാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും പ്രതികരിച്ചു.

Kadakampally Surendran Sabarimala

ഇനി എന്തുവേണമെന്നു തീരുമാനിക്കേണ്ടതു വിശ്വാസികളാണെന്നായിരുന്നു എൻഎസ്എസിന്റെ പ്രതികരണം. വിധി നിരാശാജനകമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞു. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും അവഗണിച്ച്, അവിശ്വാസികളായ ഏതാനും പേരുടെ അപേക്ഷയിൽ വിധി പ്രസ്താവിച്ചതിൽ ഖേദമുണ്ടെന്ന് പന്തളം കൊട്ടാരം വ്യക്തമാക്കി. വിധി ഏകപക്ഷീയമാണെന്നു പറഞ്ഞ ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ, തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് വിഷയത്തിൽ ഉണ്ടായ പ്രതിഷേധങ്ങൾക്കു സമാനമായ സംഭവങ്ങൾക്കു സാധ്യതയുണ്ടെന്നും പുനഃപരിശോധനാ ഹർജി നൽകുമെന്നും വ്യക്തമാക്കി

വിധി ആർഎസ്എസ് മാനിക്കുന്നുവെന്നു പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി പറഞ്ഞു. ജാതി, ലിംഗ വ്യത്യാസമില്ലാതെ ഭക്തജനങ്ങൾക്കെല്ലാം ക്ഷേത്രങ്ങളിൽ തുല്യ അവകാശമാണുള്ളത്. ആചാര പരിഷ്‌കരണം സമൂഹത്തെ ഭിന്നിപ്പിക്കരുത്. വിവിധ അഭിപ്രായങ്ങളെ സമന്വയിപ്പിക്കുന്നതിനാവശ്യമായ സാവകാശവും ബോധവൽക്കരണവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിധി ക്ഷേത്രവിശ്വാസികൾക്ക് ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ഇതു സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നുമായിരുന്നു വിഎച്ച്പി പ്രതികരണം. വിഷയത്തിൽ ഹൈന്ദവസമൂഹത്തിന്റെയും വിശ്വാസികളുടെയും അഭിപ്രായത്തെ മാനിക്കാതെ ഏകപക്ഷീയമായ നിലപാടാണു സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും സംഘടന വ്യക്തമാക്കി.

വിവാദമായി വിധി; പിന്നീടു സംഭവിച്ചത്...

സെപ്റ്റംബർ 30

∙ ശബരിമലയിൽ സ്ത്രീകൾ ദർശനത്തിനെത്തുന്നതിനു മുന്നോടിയായി എല്ലാ സൗകര്യങ്ങളുമൊരുക്കണമെന്നു ദേവസ്വം ബോർഡിനു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. സൗകര്യങ്ങളൊരുക്കാൻ കൂടുതൽ സമയം വേണമെന്ന ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല. 

∙ സിപിഎമ്മിന്റെ മനസ്സിലിരിപ്പ് നടപ്പാകില്ലെന്ന് ശ്രീധരൻ പിള്ള. വിശ്വാസത്തെ അടിച്ചമർത്താനാണു സിപിഎം നീക്കമെങ്കിൽ വിശ്വാസികളോടൊപ്പം ബിജെപി നിലയുറപ്പിക്കും. 

∙ വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ വരുമെന്നു കരുതുന്നില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. ശബരിമലയിലെത്തുന്നവർ വിനോദസഞ്ചാരികളല്ല. അയ്യപ്പനിൽ വിശ്വാസമുള്ളവരും ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നവരുമാണ്. അതിൽ വിശ്വസിക്കുന്ന സ്ത്രീകൾ അതു പാലിച്ചേ ദർശനത്തിനെത്തൂ. അല്ലാതെ എത്തുന്നത്, വിധിയിൽ ആവേശം കൊള്ളുന്നവർ മാത്രമായിരിക്കും.

∙ കോടതി വിധിക്കെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഒക്ടോബർ 1

∙ ക്ഷേത്രാചാരങ്ങളിലെ കോടതി ഇടപെടൽ അപ്രായോഗികമെന്നു കേന്ദ്ര ബിജെപി. വിധിയിൽ പരസ്യനിലപാടെടുക്കില്ല. സംസ്ഥാന ഘടകത്തിനു നേ‌തൃത്വത്തിന്റെ ധാർമിക പിന്തുണ നൽകാനും തീരുമാനം.

Maneka Gandhi Sabarimala

∙ അയ്യപ്പ ഭക്തരുടെ പ്രതിനിധികൾ എന്ന നിലയിൽ സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി അടക്കമുള്ളവരെ സമീപിക്കുമെന്ന് പന്തളം കൊട്ടാരം. കൊട്ടാരത്തിന്റെ നേതൃത്വത്തിൽ പന്തളത്തു സ്ത്രീകൾ അടക്കം അരലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്ത ശരണമന്ത്ര ഘോഷയാത്ര. പലയിടത്തും നാമജപ യാത്രകൾ.

∙  ശബരിമലയിൽ വിശ്വാസികളുടെ വികാരം സംരക്ഷിക്കാൻ ജീവന്മരണ പോരാട്ടത്തിനിറങ്ങുമെന്ന് ശ്രീധരൻപിള്ള. യുവമോർച്ചയുടെയും മഹിളാമോർച്ചയുടെയും നേതൃത്വത്തിൽ ആദ്യഘട്ട സമരവും ബോധവൽക്കരണവും നടത്തും. വിധിക്കെതിരെ റിവ്യു ഹർജി സമർപ്പിക്കാനും തീരുമാനം. 

∙ ആചാരവിരുദ്ധമായി ശബരിമല ചവിട്ടാൻ എരുമേലിയിലൂടെ ഒരു യുവതിയെയും കടത്തിവിടില്ലെന്നു പി.സി. ജോർജ് എംഎൽഎ.  

∙ ശബരിമലയിൽ തീർഥാടനകാലത്ത് ഭക്തരുടെ എണ്ണം ഒരു ദിവസം ഒരു ലക്ഷമാക്കി നിജപ്പെടുത്താൻ തീരുമാനം. നിലവിൽ 80,000– 90,000 പേരാണ് പ്രതിദിനം എത്തുന്നത്. ദർശനത്തിനു തിരുപ്പതി മാതൃകയിൽ ഡിജിറ്റൽ ബുക്കിങ് സൗകര്യമൊരുക്കാനും യോഗം തീരുമാനിച്ചു.

ഒക്ടോബർ 3

∙ ശബരിമല വിധിക്കെതിരെ പുന:പരിശോധനാ ഹർജി നൽകില്ലെന്നു പിണറായി വിജയനും ദേവസ്വം ബോർഡും. വിധിയുമായി ബന്ധപ്പെട്ടു വിവിധ കേന്ദ്രങ്ങളിൽ നിന്നുയരുന്ന പ്രതിഷേധങ്ങളിൽ ആശങ്കയില്ലെന്നും ദേവസ്വം ബോർഡ്.

∙ ശബരിമലയിലേക്കു വനിതാ പൊലീസുമായി പിണറായി സർക്കാർ വന്നാൽ ഗാന്ധിയൻ രീതിയിൽ പ്രതിരോധിക്കുമെന്നു ശ്രീധരൻപിള്ള. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ വിശ്വാസികൾ തടയുന്ന അവസ്ഥയാണുള്ളത്. അങ്ങനെ വന്നാൽ വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ.

∙ വിധിയെ പിന്തുണച്ച മുൻ നിലപാട് തിരുത്തി ആർഎസ്എസ്. കോടതി വിധി മാനിക്കുന്നെങ്കിലും പരമ്പരാഗാത ആചാരങ്ങളെ നിർബന്ധപൂർവം ലംഘിക്കുന്നതിനെതിരെ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർ രംഗത്തുവന്നിട്ടുണ്ട്. ഇവരുടെ താൽപര്യം കണക്കിലെടുക്കാതെ വിധി നടപ്പാക്കാൻ കേരളം കാട്ടുന്ന തിടുക്കം ദൗർഭാഗ്യകരമാണെന്നും ആർഎസ്എസ് സർകാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി.

Sabarimala-NDA-March ചങ്ങനാശേരിയിൽ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ നാമജപ യാത്ര. ചിത്രം: മനോരമ

∙ ശബരിമലയിൽ പുരോഗമനപരമായ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. എന്നാൽ പ്രാദേശിക വികാരങ്ങൾ കണക്കിലെടുത്ത് ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന ഘടകത്തിനു സ്വന്തം നിലപാട് സ്വീകരിക്കാം. പ്രക്ഷോഭങ്ങൾക്ക് പിന്തുണയറിയിച്ച് രമേശ് ചെന്നിത്തല പന്തളം കൊട്ടാരത്തിൽ.

∙ സർക്കാർ പുനഃപരിശോധനാ ഹർജി നൽകണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിധിയെ സ്വാഗതം ചെയ്യുന്നു, അതേ സമയം രാജ്യത്തെ വൈവിധ്യങ്ങളെ കാണാതിരിക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി.

ഒക്ടോബർ 4

∙ വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അനാവശ്യ തിടുക്കം ശബരിമലയെ സംഘർഷ ഭൂമിയാക്കുമെന്നു രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും. വിശ്വാസികൾക്കേറ്റ മുറിവുണക്കാൻ കോൺഗ്രസ് എല്ലാ പിന്തുണയും നൽകും. പുനഃപരിശോധന ഹർജിയടക്കമുള്ള സാധ്യതകൾ പരിശോധിക്കുന്നതിനു തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തി. 

∙ പുനഃപരിശോധനാ ഹർജി നൽകില്ലെന്ന സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിലപാടു നിരാശാജനകമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.

∙ സ്ത്രീപ്രവേശ വിഷയത്തിൽ പ്രത്യക്ഷ സമര പരിപാടികളെക്കുറിച്ച് എസ്എൻഡിപി യോഗം ആലോചിച്ചിട്ടില്ലെന്നു വെള്ളാപ്പള്ളി. 

∙ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിലേക്ക് മാർച്ച്.

∙ സുപ്രീംകോടതി വിധി നടപ്പായാൽ ശബരിമലയിലെ താന്ത്രിക കർമങ്ങൾ മുടങ്ങുമെന്നും അയ്യപ്പചൈതന്യത്തിൽ ലോപം സംഭവിക്കുമെന്നും ക്ഷേത്രം തന്ത്രിമാരായ താഴമൺ മഠം കണ്ഠര് രാജീവര്, കണ്ഠര് മോഹനര്, കണ്ഠര് മഹേഷ് മോഹനര്.

ഒക്ടോബർ 5

∙ തുലാമാസ പൂജയ്ക്കായി 17ന് നട തുറക്കുന്നതിനാൽ സമരം നിലയ്ക്കലിലേക്കു മാറ്റാൻ വിവിധ ഹിന്ദു സംഘടനകളുടെ തീരുമാനം. ആചാരം ലംഘിച്ച് യുവതികൾ ശബരിമല ദർശനത്തിനെത്തിയാൽ നിലയ്ക്കലിൽ തടയും. 

Nilaykkal Protest നിലയ്ക്കലിൽ നാമജപങ്ങളുമായി ഭക്തർ. ചിത്രം: മനോരമ

∙ ശബരിമല ദർശനത്തിനെത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ നിയോഗിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. 

∙ ശബരിമലയെ ഇല്ലാതാക്കാൻ നിരീശ്വരവാദികൾ ആസൂത്രിതശ്രമം നടത്തുകയാണെന്നു പി.എസ്. ശ്രീധരൻപിള്ള. ശബരിമല വിഷയത്തിൽ അന്തരീക്ഷം വഷളാക്കാൻ നോക്കുന്നവരുണ്ടെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. 

ഒക്ടോബർ 6

∙ തന്ത്രികുടുംബത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ അനുരഞ്ജന നീക്കങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണു മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. കേസിൽ പുന:പരിശോധനാ ഹർജി നൽകിയാൽ മാത്രം ചർച്ചയാകാമെന്ന നിലപാടിൽ തന്ത്രി കുടുംബവും പന്തളം കൊട്ടാരവും.

∙ എൻഎസ്എസ് ഉൾപ്പടെയുള്ള 17 ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ വൻ നാമജപഘോഷയാത്ര.

ഒക്ടോബർ 7

∙ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. ശബരിമല ഡ്യൂട്ടിക്കു തയാറായ 40 വനിതാ പൊലീസുകാരുടെ പട്ടിക തയാറായി. 

∙ സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള തയാറെടുപ്പ് വിശദീകരിച്ചു ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. 

∙ അഭിപ്രായ സമന്വയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്താൻ നിശ്ചയിച്ച ചർച്ചയിൽ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും പങ്കെടുത്തില്ല. ഒത്തുതീർപ്പുനീക്കം പാളി. സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകിയ ശേഷം മതി ചർച്ചയെന്ന നിലപാടിൽ തന്ത്രി കുടുംബവും പന്തളം കൊട്ടാരവും. 

∙ ശബരിമല സംരക്ഷണ നാമജപയാത്രയ്ക്കിടെ ഡൽഹിയിൽ മന്ത്രി ഇ.പി. ജയരാജനെ തടഞ്ഞു. കേരള ഹൗസിൽ റസിഡന്റ് കമ്മിഷണർക്കു നിവേദനം നൽകാനെത്തിയവരാണു മന്ത്രിയുടെ വാഹനത്തിനു മുന്നിൽ ചാടിവീണത്.

∙ നവരാത്രി വിഗ്രഹഘോഷയാത്രയുടെ ഉടവാൾ കൈമാറ്റച്ചടങ്ങിനെത്തിയപ്പോൾ കന്യാകുമാരി ജില്ലയിലെ തക്കല പത്മനാഭപുരം കൊട്ടാരത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെ ഭക്തരുടെ പ്രതിഷേധം. 

∙ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിലയ്ക്കൽ ഗോപുരത്തിനു സമീപം പർണശാല കെട്ടി ശരണമന്ത്ര കൂട്ടായ്മയ്ക്കും രാപകൽ സമരത്തിനും തുടക്കം. 

sabarimala-erumely-ladies നാമജപങ്ങളുമായി ഭക്തർ. ചിത്രം: മനോരമ

∙ പങ്കാളിത്തമില്ലാത്തവർക്കു നികുതിയില്ലെന്ന പഴയ പ്രയോഗമാണു ശബരിമല വിഷയത്തിൽ ഹിന്ദുസമൂഹം നടപ്പാക്കേണ്ടതെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ. പി. ശശികല. കാണിക്കയ്ക്കു പകരം ‘സ്വാമിശരണം’ എന്നെഴുതിയ കുറിപ്പാണു ഭണ്ഡാരത്തിൽ നിക്ഷേപിക്കേണ്ടതെന്നും ശശികല.

ഒക്ടോബർ 8

∙ ശബരിമല വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ്, ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മ എന്നിവ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി ഫയൽ ചെയ്തു. 

∙ ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും രാഷ്ട്രീയ പ്രേരിതമായി സംഘർഷം ഉണ്ടാക്കാൻ പുറപ്പെടുന്നവരുടെ ശ്രമത്തിന് കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 

∙ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കോൺഗ്രസ് പ്രത്യക്ഷ സമരത്തിനിറങ്ങേണ്ടെന്നു രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനം. സമരമുഖങ്ങളിൽ കോൺഗ്രസിന്റെ പ്രാതിനിധ്യവും നേതാക്കളുടെ പങ്കാളിത്തവുമുണ്ടാകും. എന്നാൽ വിധിക്കെതിരെ പാർട്ടി നേരിട്ടു പ്രതിഷേധങ്ങൾ സംഘടിപ്പിക്കില്ല. 

∙ പാലക്കാട് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ബിജെപി, യുവമോർച്ച പ്രവർത്തകർ മൂന്നിടത്ത് കരിങ്കൊടി കാണിച്ചു. 

ഒക്ടോബർ 9

∙ ശബരിമല വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ അടിയന്തരമായി വാദം കേൾക്കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി. തുലാമാസ പൂജകൾക്ക് 17ന് ശബരിമല നട തുറക്കുന്നതിനാൽ ഹർജി അടിയന്തരമായി കേൾക്കണമെന്നു ബോധിപ്പിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് തള്ളിയത്. 12 മുതൽ 10 ദിവസം നവരാത്രി പൂജയ്ക്കായി കോടതി അവധിയായിരിക്കും എന്ന് അഭിഭാഷകൻ വീണ്ടും ചൂണ്ടിക്കാട്ടിയപ്പോൾ അവധി കഴിഞ്ഞും കോടതി പ്രവർത്തിക്കുമല്ലോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

∙ പന്തളം രാജകുടുംബം സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തു. 

Sabarimala Protest പന്തളത്തു നടന്ന നാമജപ യാത്ര. ചിത്രം: മനോരമ

∙ സംസ്ഥാനത്തു പലയിടത്തും വിശ്വാസ സംരക്ഷണ നാമജപ ഘോഷയാത്ര, ശരണ ഘോഷയാത്ര, മഹാനാമജപ യാത്രകൾ.

∙ ശബരിമല വിഷയത്തിൽ സംസ്ഥാനം ആവശ്യപ്പെട്ടാൽ കേന്ദ്രത്തിനു നിയമ നിർമാണം നടത്താമെന്നും അല്ലാതെ ചെയ്താൽ സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കൈകടത്തലാകുമെന്നും ശ്രീധരൻ പിള്ള. 

∙ ശബരിമലയിൽ വിശ്വാസികൾക്കൊപ്പം ഏതറ്റം വരെയും നിൽക്കാൻ കോൺഗ്രസ് തീരുമാനം. സമരമുഖങ്ങളിൽ പാർട്ടിയുടെ ബാനറോ കൊടിയോ ഉപയോഗിക്കില്ല. അതേസമയം പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും. കോൺഗ്രസിലെ വിശ്വാസികൾക്കു സമരങ്ങൾക്കു പോകാം. വിശ്വാസികളല്ലാത്തവർക്കു മാറിനിൽക്കാം.

∙ ശബരിമല വിഷയത്തിൽ കോടതിവിധി നിർഭാഗ്യകരമെന്ന് വെള്ളാപ്പള്ളി നടേശൻ. വിധിയുടെ പേരി‍ൽ വിദ്വേഷം വളർത്തുന്നതിനോടു യോജിപ്പില്ല. സർക്കാർ സത്യസന്ധമായി നിലപാടു വിശദീകരിച്ചിട്ടും പ്രതിഷേധം തുടരുന്നതു നല്ലതല്ല. പ്രതിഷേധത്തിന് എസ്എൻഡിപി പിന്തുണയില്ല. ഒരു സർക്കുലറുമില്ലാതെ ആചാരങ്ങൾ നോക്കാൻ സമുദായത്തിലെ സ്ത്രീകൾക്കറിയാമെന്നും വെള്ളാപ്പള്ളി.

∙ ശബരിമല വിധി നടപ്പാക്കുന്നതിൽ സർക്കാരിനെ അനുകൂലിച്ചും വിധിക്കെതിരെ നടക്കുന്ന നാമജപ യാത്രകളെ എതിർത്തും ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ സിപിഎമ്മിന്റെ ബദൽ വനിതാസംഗമം. ശബരിമലയിൽ പോകാൻ താൽപര്യമുള്ള യുവതികൾക്ക് എല്ലാ സംരക്ഷണവും നൽകുമെന്നു സമര സംഗമത്തിന്റെ ഉറപ്പ്. 

Sabarimala Temple

∙ ശബരിമല വിധിക്കെതിരെ പി.സി. ജോർജിന്റെ നേതൃത്വത്തിൽ‌ എരുമേലിയിൽ വിശ്വാസ സംരക്ഷണ സത്യഗ്രഹം.

ഒക്ടോബർ 10

∙ ശബരിമലയിൽ യുവതീപ്രവേശത്തിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്ന നിലപാടിൽനിന്നു മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതീപ്രവേശം മുൻനിർത്തി പ്രത്യേക സംവിധാനങ്ങൾ ഒരുക്കേണ്ടതില്ലെന്ന് ബോർഡ് യോഗം തീരുമാനമെടുത്തു. സന്നിധാനത്തു വനിതകൾക്കായി പ്രത്യേക വരി, സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസ് എന്നിവ ഉണ്ടാകില്ല. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഒരു നടപടിയും കോടതിവിധിയുടെ അടിസ്ഥാനത്തിൽമാത്രം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അതേസമയം വനിതകൾക്കായി പ്രത്യേക ശുചിമുറികൾ ഒരുക്കുമെന്നും ദേവസ്വം ബോർഡ്.

∙ സംസ്ഥാനത്തെ പ്രധാന റോഡുകളിൽ രാവിലെ 11 മുതൽ ഒരു മണിക്കൂർ ഉപരോധസമരവുമായി ശബരിമല കർമസമിതി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉപരോധം. 

∙ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പന്തളത്തു നിന്നു തിരുവനന്തപുരത്തേക്കു ശബരിമല സംരക്ഷണ കാൽനടയാത്ര. 

∙ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തിരുവനന്തപുരം തൈക്കാട്ടെ ഔദ്യോഗിക വസതിയിലേക്കു യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. 

∙ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു സുപ്രീംകോടിയിൽ എത്തിയ ഹർജികളുടെ എണ്ണം പത്തായി.

ഒക്ടോബർ 11

∙ ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്ന സമരത്തെ എസ്എൻഡിപി യോഗം പിന്തുണയ്ക്കുന്നില്ലെങ്കിലും പ്രവർത്തകർക്ക് ആചാര, വിശ്വാസ സംരക്ഷണത്തിനായി അവരവർ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾക്കനുസരിച്ചു സമരത്തിൽ പങ്കെടുക്കാമെന്നു വെള്ളാപ്പള്ളി നടേശൻ. തന്നോട് അഭിപ്രായം ചോദിക്കുന്ന പ്രവർത്തകരോടു സമരത്തിൽ പങ്കെടുക്കരുതെന്ന നിർദേശമാണു നൽകിയതെന്നു നേരത്തേ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ ഇരന്നുവാങ്ങിയ അടിയാണ് ഇപ്പോഴത്തെ സമരമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയുടെ ആദ്യ നിലപാട് പുറത്തുവന്ന ശേഷവും തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെഎസ് സമരരംഗത്തു തുടരുകയായിരുന്നു. 

Vellappally Natesan-Sabarimala

∙ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സർക്കാർ നിലപാട് കേരളമാകെ വിശദീകരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുനേതാക്കളും ഇറങ്ങും. ഒക്ടോബർ 30 നു മുൻപ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താനും തീരുമാനം.

∙ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു മുഖ്യമന്ത്രിയുടെ വസതിയിലേക്കു യാത്ര. 

ഒക്ടോബർ 12

∙ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയിൽ നടൻ കൊല്ലം തുളസിയുടെ പ്രസംഗം വിവാദമായി. ‘അമ്മമാർ ശബരിമലയിൽ പോകണം. ചില ‘ലവളു’ മാർ അവിടെ എത്തും. അങ്ങനെ ആരെയെങ്കിലും കണ്ടാൽ അവരെ രണ്ടായി വലിച്ചുകീറണമെന്നായിരുന്നു പരാമർശം. വനിതാ കമ്മിഷനും ചവറ പൊലീസും സംഭവത്തിൽ കേസെടുത്തു. പ്രസംഗത്തിന്റെ ആവേശത്തിൽ പറഞ്ഞുപോയതാണെന്നും എന്നിരുന്നാലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചതെന്നും കൊല്ലം തുളസി പിന്നീട് പറഞ്ഞു. വിവാദ പരാമർശത്തിൽ നിരുപാധികം മാപ്പ് ചോദിക്കുന്നതായും മനോരമ ന്യൂസ് ചാനൽ ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബർ 13

∙ ശബരിമലയിൽ യുവതി പ്രവേശ വിവാദത്തിൽ സൂക്ഷിച്ചുനീങ്ങാൻ സർക്കാരിനു സിപിഎം നിർദേശം. വിശ്വാസികളെ പാർട്ടിക്കും സർക്കാരിനുമെതിരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ആ കെണിയിൽ പെട്ടുപോയവരുമുണ്ട്. സമയമെടുത്തും ക്ഷമാപൂർവവും തെറ്റിദ്ധാരണകളകറ്റാൻ നോക്കണമെന്നാണു സിപിഎം സംസ്ഥാനകമ്മിറ്റിയുടെ നിർദ്ദേശം. 

ഒക്ടോബർ 14

∙ ശബരിമല സംരക്ഷണ സമിതിയുടെ രക്ഷായാത്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപം സമാപിച്ചു.

∙ 48 മണിക്കൂറിനകം ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നില്ലെങ്കിൽ ഹിന്ദുവിരുദ്ധ സർക്കാരായി കണക്കാക്കാമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത് ദേശീയ വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ. ഓർഡിനൻസ് കൊണ്ടുവരാൻ തയാറാകാത്ത കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ചു പരിഷത്തിന്റെ നേതൃത്വത്തിൽ 17 ന് അർധരാത്രി മുതൽ 18 ന് അർധരാത്രി വരെ സംസ്ഥാനത്തു ഹർത്താൽ നടത്തുമെന്നും തൊഗാഡിയ പറഞ്ഞു. 

ഒക്ടോബർ 16

∙ ശബരിമലയിലേക്കു പോകാൻ വനിതകൾക്കു ഭയം ഉണ്ടോയെന്ന് അറിയില്ലെന്നും പോകുന്നവർക്കു സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 

∙ പ്രശ്നപരിഹാരത്തിനായി ദേവസ്വം ബോർഡ് വിളിച്ച യോഗത്തിൽ നിന്ന് തന്ത്രി കുടുംബാംഗങ്ങളും പന്തളം കൊട്ടാരം പ്രതിനിധികളും ഇറങ്ങിപ്പോയി. സുപ്രീം കോടതി വിധിക്കെതിരെ 17നു തന്നെ പുനഃപരിശോധനാ ഹർജി നൽകണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നായിരുന്നു ഇറങ്ങിപ്പോക്ക്. നവരാത്രിയോടനുബന്ധിച്ചു സുപ്രീം കോടതി അവധിയിലായതിനാൽ ഹർജി ഉൾപ്പെടെ നിയമനടപടി 19ന് തീരുമാനിക്കാമെന്നു ദേവസ്വം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. 

∙ പുനഃപരിശോധനാ ഹർജി നൽകാൻ നേതാക്കളെ ചുമതലപ്പെടുത്തി കോൺഗ്രസ്. പാർട്ടി നേരിട്ടു ഹർജി നൽകാനില്ലെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നൽകുന്ന ഹർജിക്ക് ഡൽഹിയിൽ സഹായം നൽകാൻ പി.സി. ചാക്കോയെ ചുമതലപ്പെടുത്തി. കോൺഗ്രസ് നേതാക്കളായ കപിൽ സിബലും മനു അഭിഷേക് സിങ്‌വിയും കോടതിയിൽ ഹാജരാകും. 

∙ ചെന്നൈയിൽ നിന്നെത്തിയ ദമ്പതികളെ തടഞ്ഞതിനെച്ചൊല്ലി നിലയ്ക്കലിൽ സംഘർഷം. വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവർണം(40) എന്നിവർ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കു ബസിൽ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണു സമരക്കാർ തടഞ്ഞത്.

Sabarimala Nilaykkal നിലയ്ക്കലിൽ പൊലീസ് ഇടപെട്ടപ്പോൾ. ചിത്രം: മനോരമ

∙ നിലയ്ക്കലിൽ അഞ്ചു ബസുകളിലായി വനിതാ പൊലീസ് ഉൾപ്പെടെ നൂറോളം സേനാംഗങ്ങൾ എത്തി. 

∙ നിലയ്ക്കലിൽ ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ, യുവതീപ്രവേശത്തിനെതിരായ സമരം ശക്തമായി. പമ്പയിലേക്കുള്ള വാഹനം തടയാൻ നേതൃത്വം നൽകിയ 8 പേരെ പൊലീസ് അറസ്റ്റു ചെയ്തു. തടയാൻ ശ്രമിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു. അവലോകന യോഗത്തിനായി മന്ത്രി കടകംപള്ളി രാത്രിയോടെ പമ്പയിൽ. എഡിജിപി അനിൽകാന്തും കൂടുതൽ വനിതാ പൊലീസും സ്ഥലത്തെത്തി. 

ഒക്ടോബർ 17

∙ ശരണമന്ത്രങ്ങളുമായി എത്തിയ ആയിരങ്ങൾക്കു ദർശന പുണ്യവുമായി തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. 

∙ പമ്പയിൽനിന്നു മലകയറാൻ ശ്രമിച്ച ആന്ധ്ര സ്വദേശിനി മാധവിയെ (34) തടഞ്ഞതിനും പത്തനംതിട്ടയിൽ ബസ് തടഞ്ഞു ചേർത്തല സ്വദേശി സി.എസ്. ലിബിയെ (38) ഇറക്കി വിട്ടതിനും കേസെടുത്തു. 4 യുവതികളുള്ള ബസ് നിലയ്ക്കലിൽ സമരക്കാർ തടഞ്ഞു. നിലയ്ക്കലിൽ പൊലീസ് പൊളിച്ച സമരപ്പന്തൽ പ്രതിഷേധക്കാർ വീണ്ടുമുയർത്തി. 

∙ എരുമേലിയിൽ ശബരിമല യുവതീപ്രവേശത്തിനെതിരെ അമ്മമാരുടെ നാമജപയജ്ഞത്തിൽ വിവിധ ഹൈന്ദവ സംഘടകളുടെ നേതൃത്വത്തിൽ 7 ജില്ലകളിലെ സ്ത്രീകൾ പങ്കെടുത്തു. നിലയ്ക്കലിൽ ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മാതൃശക്തി സംഗമം.

∙ നിലയ്ക്കലിൽ സമരത്തിനിടെ മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണം. മനോരമ ന്യൂസ് കാർ ഉൾപ്പെടെ 5 ചാനൽ വാഹനങ്ങൾ തകർത്തു. 9 മാധ്യമപ്രവർത്തകർക്കു പരുക്കേറ്റു. വനിതാ മാധ്യമ പ്രവർത്തകരെ പമ്പയിലേക്കു പോലും വിടില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഉച്ച കഴിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നു ബോധ്യപ്പെട്ടതോടെ മാതൃശക്തി സംഗമം അവസാനിപ്പിച്ചു സ്ത്രീകളെ തിരിച്ചയയ്ക്കാൻ സംഘാടകരുടെ തീരുമാനം. പക്ഷേ, സ്ഥലത്തു തുടർന്ന പുരുഷന്മാരും പൊലീസും തമ്മിൽ ഇടയ്ക്കിടെ ഏറ്റുമുട്ടി. സംഘർഷത്തിൽ ഡിവൈഎസ്പി ഉൾപ്പെടെ 5 പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. പൊലീസ് സമരപ്പന്തൽ പൊളിച്ചു മാറ്റി. ഐജി മനോജ് ഏബ്രഹാം നിലയ്ക്കലിൽ ക്യാംപ് ചെയ്തു നിയന്ത്രണം ഏറ്റെടുത്തു. 

∙ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, മുൻ തന്ത്രി കണ്ഠര് മഹേശ്വരരുടെ പത്നി ദേവകി അന്തർജനം, മകൾ മല്ലിക നമ്പൂതിരി എന്നിവരെ പമ്പയിലും അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ സന്നിധാനത്തും അറസ്റ്റ് ചെയ്തു. ദേവകി അന്തർജനത്തെയും മല്ലിക നമ്പൂതിരിയെയും ജാമ്യത്തിൽ വിട്ടെങ്കിലും രാഹുലിനും പ്രയാറിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ. 

∙ സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ല.  ശബരിമലയിലെത്തുന്ന വനിതകളെയും അവരുടെ വാഹനങ്ങളും പരിശോധിക്കാൻ ആർക്കും അവകാശമില്ലെന്നും ശക്തമായ ഇടപെടലുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി.

Rajinikanth-Comment

∙ ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വിശ്വാസികൾക്കൊപ്പം നിൽക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കാര്യമാക്കുന്നില്ല. അതേസമയം, അക്രമത്തിലേക്കു നയിക്കുന്ന ഒരു സമരത്തിനും കോൺഗ്രസ് നേതൃത്വം നൽകില്ല. 

∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു വിവാദ പ്രസ്താവന നടത്തിയ നടൻ കൊല്ലം തുളസി വനിതാ കമ്മിഷനിലെത്തി മാപ്പപേക്ഷ നൽകി.

∙  ശബരിമലയിലേക്കു പോകുന്ന ഭക്തരെ തടയുന്നവർക്ക് അയ്യപ്പദോഷമുണ്ടായി നാശം സംഭവിക്കുമെന്നു മന്ത്രി ഇ.പി. ജയരാജൻ. 

∙ പ്രളയ ദുരിതാശ്വാസത്തിനു സഹായം തേടി മുഖ്യമന്ത്രി യുഎഇയിലേക്ക്.

ഒക്ടോബർ 18

∙ മല കയറാൻ ഒരുങ്ങിയ ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനു പ്രതിഷേധത്തെ തുടർന്നു മടങ്ങേണ്ടി വന്നു. പൊലീസ് സുരക്ഷയോടെ മുന്നോട്ടു നീങ്ങിയ സുഹാസിനിക്കു മുന്നിൽ അയ്യപ്പഭക്തർ ശരണം വിളികളുമായി മതിൽ തീർത്തപ്പോൾ, പ്രശ്നങ്ങൾ ഒഴിവാക്കാനായി ഇവർ മലയിറങ്ങി. 

∙ ശബരിമല വിധിക്കെതിരെ സംസ്ഥാന സർക്കാർ നിയമനിർമാണം നടത്താത്തതിൽ പ്രതിഷേധിച്ചു ശബരിമല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ. കെഎസ്ആർടിസി ബസുകൾ അടക്കം വാഹനങ്ങൾക്കു നേരെ കല്ലേറ്. വിവിധ ജില്ലകളിൽ അക്രമസംഭവങ്ങൾ. 

∙ കൊല്ലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി. കമ്മിഷണർ ഓഫിസ് ശബരിമല കർമസമിതി പ്രവർത്തകർ പൂട്ടി.

Rahul Easwar

∙ പമ്പയിൽ പ്രാർഥനാ സത്യഗ്രഹം നടത്തിയതിന്റെ പേരിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത പൊലീസ് പത്തനംതിട്ട കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കൊട്ടാരക്കര സ്പെഷൽ സബ് ജയിലിൽ റിമാൻഡ് ചെയ്തു. 

∙ പ്രതിഷേധത്തെത്തുടർന്നു നിലയ്ക്കലിൽ വ്യാപക സംഘർഷം. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ 18 മുതൽ നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു. തീർഥാടകർക്കു തടസ്സമില്ല. മൊത്തം 40 പേരെ അറസ്റ്റ് ചെയ്തു. 

∙ പാലക്കാട് മണ്ണാർകാട് തച്ചനാട്ടകം കണ്ടൂർകുന്ന് വരിക്കാശേരി മനയിൽ വി.എൻ. വാസുദേവൻ നമ്പൂതിരി (44) ശബരിമലയിലും ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഇരമല്ലിക്കര മാമ്പറ്റ ഇല്ലത്ത് എം.എൻ. നാരായണൻ നമ്പൂതിരി (52) മാളികപ്പുറത്തും പുതിയ മേൽശാന്തിമാർ. 

ഒക്ടോബർ 19

∙ ശബരിമല സന്നിധാനത്ത് 2 യുവതികളെ എത്തിക്കാൻ പൊലീസ് ശ്രമം. ഹൈദരാബാദിൽനിന്നു മോജോ ടിവി റിപ്പോർട്ടർ കവിത ജക്കാൽ, നടിയും കൊച്ചിയിലെ ബിഎസ്എൻഎൽ ജീവനക്കാരിയുമായ എ.എസ്.ഫാത്തിമ (രഹന ഫാത്തിമ) എന്നിവരെ എത്ര പ്രതിഷേധം ഉയർന്നാലും സന്നിധാനത്ത് എത്തിക്കാനായിരുന്നു പൊലീസിന്റെ നീക്കം. പുലർച്ചെ ആറിനായിരുന്നു മലകയറ്റം. കവിതയ്ക്ക് പൊലീസ് ജാക്കറ്റും ഹെൽമറ്റും നൽകി; രഹനയ്ക്ക് ഹെൽമറ്റ് മാത്രവും. സുരക്ഷയ്ക്ക് 80 പൊലീസുകാരെയാണ് നിയോഗിച്ചത്– ഐജി, എസ്പി, 4 ഡിവൈഎസ്പിമാർ, 4 സിഐമാർ, കമാൻഡോകൾ, സായുധ സേനയിലെ പൊലീസുകാർ.

മന്ത്രിയോ ദേവസ്വം ബോർഡോ വിവരം അറിഞ്ഞിരുന്നില്ല. ഇരുവരും ശബരീപീഠത്തിൽ എത്തിയപ്പോൾ വിവരമറിഞ്ഞ മന്ത്രി ഐജി ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ടെങ്കിലും ആരും തടസ്സപ്പെടുത്തുന്നില്ലെന്നായിരുന്നു മറുപടി. എന്നാൽ നടപ്പന്തലോളമെത്തിയപ്പോൾ നേരിട്ടതു കനത്ത പ്രതിഷേധം. ഇതിനിടെ, പന്തളം കൊട്ടാരത്തിൽ നിന്നു തന്ത്രി കണ്ഠര് രാജീവരെ ഫോണിൽ ബന്ധപ്പെട്ടു. ക്ഷേത്രം അടച്ചിടുന്നതു പോലും ആലോചിക്കേണ്ടിവരുമെന്നു തന്ത്രി ഐജിയെ അറിയിച്ചു. വിവരം ഐജി മന്ത്രിയെ അറിയിച്ചതോടെ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാതെ അവരെ തിരികെക്കൊണ്ടുവരണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർദേശിക്കുകയായിരുന്നു. 

∙ രഹനയും കവിതയും പൊലീസ് സുരക്ഷയിൽ തിരിച്ചിറങ്ങുമ്പോഴാണ് 46 വയസ്സുള്ള കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി പമ്പയിൽ‌നിന്നു വനിതാ ഗാർഡ് റൂം മറികടന്നു സന്നിധാനത്തേക്കു തിരിക്കാൻ ശ്രമിച്ചത്. പ്രതിഷേധം ശക്തമായതോടെ ഇവരെ അപ്പോൾ തന്നെ അവിടെ നിന്നു മാറ്റി. 

Sabarimala Women Entry രഹനയും കവിതയും. ചിത്രം: മനോരമ

∙ ശബരിമല ദർശനത്തിനെത്തി പ്രതിഷേധത്തെത്തുടർന്നു മടങ്ങിയ സി. എസ്. ലിബിക്കെതിരെ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു. ഹിന്ദുമത വിശ്വാസികളുടെ ആരാധനയെയും ആചാരങ്ങളെയും അവഹേളിക്കുന്ന രീതിയിൽ ഫെയ്സ്ബുക് പോസ്റ്റിട്ടെന്ന പരാതിയിലാണ് ലിബിക്കെതിരെ കേസ്. 

∙ കൊച്ചിയിൽ രഹന ഫാത്തിമയുടെയും തിരുവനന്തപുരത്ത് മേരി സ്വീറ്റിയുടെയും വീടുകൾക്കു നേരെ ആക്രമണം.

∙ യുവതീപ്രവേശം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയെത്തുടർന്നു ശബരിമലയിലുണ്ടായ ഗുരുതര സാഹചര്യം സുപ്രീം കോടതിയെ ധരിപ്പിക്കാൻ തിരുവിതാംകൂർ ദേവസം ബോർഡ് തീരുമാനം. മുൻപു ബോർഡിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയെ ഇതിനായി ചുമതലപ്പെടുത്തും. സ്റ്റാൻഡിങ് കോൺസൽ വഴി ഹൈക്കോടതിയിലും റിപ്പോ‍ർട്ട് നൽകും. ബോർഡ് റിവ്യൂ ഹർജി നൽകുമോ എന്ന ചോദ്യത്തിന്, സുപ്രീം കോടതിയിൽ റിപ്പോർട്ട് ഏതു രീതിയിൽ നൽകണമെന്നു സിങ്‌വിയുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നായിരുന്നു മറുപടി. ഇതിനകം സുപ്രീം കോടതിയിൽ എത്തിയ 25 പുനഃപരിശോധനാ ഹർജികളിൽ ദേവസ്വം ബോർഡ് കക്ഷിയാണ്. ഇതിലെല്ലാം നിലപാട് അറിയിക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

∙ ശബരിമലയിൽ നടന്ന സംഭവങ്ങളിൽ പൊലീസിനു ശ്രദ്ധക്കുറവുണ്ടായെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രഹന ഫാത്തിമയെപ്പോലെ ഒരാൾ എത്തുമ്പോൾ അവരുടെ പശ്ചാത്തലം കൂടി പരിശോധിക്കാനുള്ള ജാഗ്രത പൊലീസ് കാണിക്കേണ്ടതായിരുന്നു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി, അവരുടെ നിലപാടുകൾ സാധിച്ചെടുക്കാനുള്ള സ്ഥലമായി ശബരിമല മാറാൻ പാടില്ല– മന്ത്രി പറഞ്ഞു. എന്നാൽ ഏതു സ്ത്രീ വന്നാലും സുരക്ഷയൊരുക്കാൻ പൊലീസിന് ഉത്തരവാദിത്തമുണ്ടെന്നു കോടിയേരി പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമായി ആക്ടിവിസ്റ്റുകൾ വന്നാലും പ്രവേശനസൗകര്യം ഒരുക്കണം. ആക്ടിവിസ്റ്റുകൾ വരരുതെന്നു പറയുന്നതിനോടു യോജിപ്പില്ല. 

∙ സ്ത്രീകളടക്കം എല്ലാ ശബരിമല തീർഥാടകർക്കും സുരക്ഷ ഉറപ്പാക്കണമെന്നു സംസ്ഥാന ചീഫ് സെക്രട്ടറിക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. സമൂഹമാധ്യമ പ്രചാരണങ്ങൾ കർശനമായി നിരീക്ഷിക്കണമെന്നും മന്ത്രാലയത്തിലെ ആഭ്യന്തര സുരക്ഷാ വിഭാഗം അയച്ച കത്തിൽ പറയുന്നു. 

Kamal-Haasan-Comment

∙ ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇലവുങ്കലും നിരോധനാജ്ഞ (144) നട അടയ്ക്കുന്ന 22 നു രാത്രി 12 വരെ നീട്ടി. 16 മുതൽ 19 വരെ നിലയ്ക്കലും പമ്പയിലും നടന്ന പ്രതിഷേധ സമരങ്ങളുടെ പേരിൽ പൊലീസ് 50 കേസുകൾ എടുത്തു. മൊത്തം 300 പ്രതികൾ. രാഹുൽ ഈശ്വർ അടക്കം 20 പേർ റിമാൻഡിൽ. 

∙ ശബരിമല വിഷയത്തിൽ കൊടിപിടിച്ചുള്ള തീവ്രസമരം വേണ്ടെന്നു സംസ്ഥാന നേതൃത്വത്തിനു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം. 

ഒക്ടോബർ 20

∙ ‌ശബരിമല ദർശനത്തിനെത്തിയ ദലിത് വനിതാ നേതാവ് പൊലീസ് പിന്തിരിപ്പിച്ചതിനെത്തുടർന്നു മടങ്ങി. കേരള ദലിത് മഹിള ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി. മ‍ഞ്ജുവാണ് ഉച്ചയ്ക്കു ശേഷം എത്തിയത്. എന്നാൽ മഴയും തിരക്കും മൂലമാണു മലകയറ്റം ഉപേക്ഷിച്ചതെന്നും വരുംദിവസങ്ങളിൽ തിരിച്ചുവരുമെന്നും അവർ പറഞ്ഞു. കൊട്ടിയത്തെ മഞ്ജുവിന്റെ വീടിനു നേരെ ആക്രമണം. 

∙ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നെത്തിയ ലത കുമരന് (52) എതിരെയും ഉച്ചയ്ക്കു മുൻപു നടപ്പന്തലിൽ പ്രതിഷേധമുയർന്നിരുന്നു. എന്നാൽ പ്രായം തെളിയിക്കുന്ന തിരിച്ചറിയിൽ കാർഡ് കാണിച്ച ശേഷം പൊലീസ് സുരക്ഷയിൽ ദർശനം നടത്തി. 

∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു കർശന പൊലീസ് സുരക്ഷ ഒരുക്കാൻ കേന്ദ്ര സർക്കാർ കത്തു മുഖേന ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷം ഒഴിവാക്കണമെന്നും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര നിർദേശമുണ്ട്. 

trichy-devotee-women-sabarimala ലത സന്നിധാനത്ത്. ചിത്രം: മനോരമ

∙  അഹിന്ദുക്കൾക്കു പ്രവേശനമില്ലെന്ന വ്യവസ്ഥ ശബരിമലയിൽ നടപ്പാക്കണമെന്ന പൊതു താൽപര്യ ഹർജിയുമായി അഖില ഭാരതീയ അയ്യപ്പധർമ പ്രചാര സഭ. 

∙ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടതിനു രഹന ഫാത്തിമയ്ക്ക് എതിരെ പത്തനംതിട്ട പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 

∙ ജയിലിൽ നിരാഹാരം കിടന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

∙ ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണു ശബരിമല നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞതെന്ന് മന്ത്രി ജി.സുധാകരൻ. തന്ത്രിയുടെ നിലപാട് കേരളം ചർച്ച ചെയ്യണം. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണു ശബരിമലയിലുണ്ടായതെന്നും സുധാകരൻ.

ഒക്ടോബർ 21

∙ അൻപതിൽ താഴെ പ്രായമുള്ള 4 സ്ത്രീകൾ കൂടി ശബരിമല ദർശനത്തിന് എത്തിയെങ്കിലും എതിർപ്പിനെത്തുടർന്നു മടങ്ങി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽനിന്നുള്ള തീർഥാടകസംഘത്തിലെത്തിയവരായിരുന്നു ഇവർ. 

∙ മല കയറാനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പമ്പ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജ്, മോജോ ടിവി ലേഖിക കവിത ജക്കാൾ, രഹന ഫാത്തിമ എന്നിവരെ തടഞ്ഞ സംഭവത്തിലാണ് കേസ്.

∙ നടയടച്ചാലും സമരം തുടരാൻ ബിജെപി തീരുമാനം. 23 മുതൽ 30 വരെ പഞ്ചായത്തു തലത്തിൽ ഉപവാസസമരവും നവംബർ 1 മുതൽ 15 വരെ എല്ലാ ജില്ലകളിലും വാഹനജാഥകളും പദയാത്രകളും നടത്തും. 

sabarimala-temple സന്നിധാനത്തു നിന്നുള്ള കാഴ്ച (ഫയൽ ചിത്രം)

∙ ശബരിമലയിൽ സുരക്ഷാ നടപടികൾക്കു നേതൃത്വം നൽകിയതുമായി ബന്ധപ്പെട്ട് ഐജി മനോജ് ഏബ്രഹാമിനെതിരെ അപകീർത്തികരമായ വാട്സാപ് സന്ദേശം പ്രചരിപ്പിച്ച 8 പേർക്കു വിശദീകരണം ആവശ്യപ്പെട്ടു പൊലീസ് നോട്ടിസ്. ശബരിമല വിഷയത്തിൽ പൊലീസിനു വീഴ്ചയുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. 

∙ ആഭ്യന്തരതീർഥാടനം സംസ്ഥാന ലിസ്റ്റിൽ വരുന്നതായതിനാൽ സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ കേന്ദ്രസർക്കാരിന് ഇടപെടാൻ കഴിയൂ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്. ഭരണഘടനയിലെ 252-ാം അനുച്ഛേദ പ്രകാരം സംസ്ഥാന സർക്കാർ പ്രത്യേക പ്രമേയം പാസാക്കിയാൽ മാത്രമേ കേന്ദ്രസർക്കാരിന് ഇടപെടാനാകൂ. ഇതിനായി നിയമസഭ വിളിച്ചുചേർത്ത് പ്രത്യേക പ്രമേയം പാസാക്കണമെന്നും ശ്രീധരൻപിള്ള.

∙ യുവതീപ്രവേശ വിഷയത്തിൽ കേന്ദ്രസർക്കാരിന് ഓർഡിനൻസ് ഇറക്കാൻ ഒരു തടസ്സവുമില്ലെന്നതു മറച്ചുപിടിച്ചാണു നിയമസഭാസമ്മേളനം ചേർന്ന് കേന്ദ്രത്തിനു ശുപാർശ സമർപ്പിക്കണമെന്ന വാദം ബിജെപി സംസ്ഥാനപ്രസിഡന്റ് ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ 252–ാം വകുപ്പു പ്രകാരം ഇങ്ങനെ ചെയ്യണമെന്ന് അഭിഭാഷകൻ കൂടിയായ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞപ്പോൾ അത്ഭുതം തോന്നി. 2 സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട തർക്കമോ പ്രശ്നങ്ങളോ പരിഹരിക്കേണ്ട ഘട്ടത്തിലാണ് ഈ വകുപ്പിന്റെ പ്രസക്തി. ശബരിമലയുടെ കാര്യത്തിൽ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ നിയമനിർമാണത്തിന് ഒരു തടസ്സവുമില്ല. 

∙ രാജഭരണം അവസാനിച്ചെന്നും ഇപ്പോൾ ജനാധിപത്യമാണെന്നുമുള്ള കാര്യം പന്തളം രാജകുടുംബം മറന്നുപോകുന്നതായി മന്ത്രി എം.എം.മണി. ശബരിമല ശ്രീകോവിൽ അടയ്ക്കുമെന്നു പറയുന്ന തിരുമേനി അവിടുത്തെ ശമ്പളക്കാരനാണെന്ന് ഓർക്കണമെന്നും മന്ത്രി. 

∙ ശബരിമലയിലേക്കു പോകാൻ ട്രെയിനിൽ യുവതികൾ എത്തുന്നുവെന്ന അഭ്യൂഹത്തെ തുടർന്നു ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സംഘർഷാവസ്ഥ. എത്തിയാൽ തടയാൻ അയ്യപ്പഭക്തരും സംരക്ഷണം നൽകാൻ പൊലീസും എത്തിയതോടെ ഉച്ചയോടെ സ്റ്റേഷൻ പരിസരം മുൾമുനയിലായി. ഹൈദരാബാദിൽ നിന്നുള്ള ശബരി എക്സ്പ്രസിൽ 15 യുവതികൾ ശബരിമലയിലേക്കു വരുന്നെന്നും ചെങ്ങന്നൂരിലിറങ്ങി നിലയ്ക്കൽ വഴി പോകുമെന്നുമുള്ള വാട്സാപ് സന്ദേശം പ്രചരിച്ചതോടെ ശബരിമല കർമസമിതി ഉൾപ്പെടെയുള്ള സംഘടനകളിലെ പ്രവർത്തകർ സ്റ്റേഷനിലേക്കെത്തുകയായിരുന്നു. ബിജെപി–മഹിളാമോർച്ച പ്രവർത്തകർ പിന്തുണയുമായി എത്തി. വൈകിട്ട് 4.30നു ട്രെയിൻ കടന്നുപോയിട്ടും ആരും എത്താതിരുന്നതിനെ തുടർന്നു പ്രതിഷേധക്കാരും പൊലീസും പിരിഞ്ഞു. 

ഒക്ടോബർ 22

∙ 50 വയസ്സിൽ താഴെയുള്ള അഞ്ചു സ്ത്രീകൾ കൂടി ദർശനത്തിനു ശ്രമിച്ചെങ്കിലും എതിർപ്പു മൂലം മടങ്ങി. കോഴിക്കോട് അധ്യാപികയായ ബിന്ദു ടി.വാസുവിനു നിലയ്ക്കലിനു സമീപം വട്ടപ്പാറയിൽ വച്ചുതന്നെ മടങ്ങേണ്ടി വന്നു. മറ്റു 4 സ്ത്രീകൾ ആന്ധ്രയിൽ നിന്നുള്ളവരായിരുന്നു.

∙ ശബരിമലയിൽ തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ പ്രശ്നപരിഹാരത്തിന് മാർഗമില്ലെന്ന് പന്തളം കൊട്ടാരം.

∙ ശബരിമല വിധിക്കെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകുന്നതാവും ഉചിതമെന്ന് ബോർഡിനു വേണ്ടി നേരത്തേ ഹാജരായ അഭിഭാഷകരുടെ നിയമോപദേശം. 

∙ ശബരിമല യുവതീപ്രവേശത്തിന് അനുകൂലമായി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട വിദ്യാർഥിനിക്കു മർദനം. വൈക്കം സ്വദേശിനി അപർണയെയാണ് അയൽവാസിയും പരിചയക്കാരനുമായ വിപിൻ മർദിച്ചത്.

∙ രാഹുൽ ഈശ്വറിന് പത്തനംതിട്ട മുൻസിഫ് കോടതിയുടെ ജാമ്യം.

∙ ശബരിമല വിഷയത്തിൽ പ്രശ്ന പരിഹാരത്തിനു നിയമസഭ അടിയന്തരമായി വിളിച്ചു ചേർക്കണമെന്ന് മുല്ലപ്പള്ളി.

∙ പ്രത്യക്ഷസമരത്തിനിറങ്ങാൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തീരുമാനം. വിശ്വാസി സമൂഹത്തിനോടൊപ്പം സമര രംഗത്തു നിൽക്കുമ്പോൾ തന്നെ കോൺഗ്രസിന്റെ ബാനറോ പതാകയോ ഉപയോഗിക്കരുതെന്ന മുൻ തീരുമാനം പാർട്ടി ഉപേക്ഷിച്ചു.

∙ ശബരിമലയിൽ രാത്രി ഏഴരയോടെ പടിപൂജ നടക്കുന്ന സമയത്ത് യുവതി എത്തിയെന്ന അഭ്യൂഹത്തെത്തുടർന്ന് സന്നിധാനത്തു ഭക്തർ വലയം തീർത്തു. പ്രചാരണം തെറ്റെന്നു പിന്നീട് വ്യക്തമായി.

sabarimala-devotees (ഫയൽ ചിത്രം)

∙ തുലാമാസ പൂജ പൂർത്തിയാക്കി ശബരിമല അയ്യപ്പക്ഷേത്രം അടച്ചു. നവംബർ അഞ്ചിനു വീണ്ടും നടതുറക്കുമ്പോൾ കനത്ത സുരക്ഷയിലാണു ശബരിമലയും പരിസര പ്രദേശങ്ങളും.