Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എണ്ണയുദ്ധത്തിൽ’ ഇറാനെ പൊരിക്കാൻ യുഎസ്; ഇന്ത്യയെയും ചൈനയെയും പോംപെയോയ്ക്കു ‘പേടി’

Donald-Trump-Oil-Sanction--Iran ഇറാനുമായുള്ള ആണവ കരാറിൽ നിന്നു പിൻവാങ്ങി ഉപരോധം ഏർപ്പെടുത്തുന്നതായി ഇക്കഴിഞ്ഞ മേയിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയപ്പോൾ (ഫയൽ ചിത്രം)

വാഷിങ്ടൻ∙ ഇറാനെതിരെ ഇന്നേവരെ യുഎസ് നടപ്പാക്കിയതിൽ ഏറ്റവും ‘കഠിനമായ’ ഉപരോധം തിങ്കളാഴ്ച നിലവിൽ വരുന്നതോടെ രാജ്യാന്തര തലത്തിൽ കളമൊരുങ്ങുന്നത് എണ്ണയുടെ പേരിലുള്ള യുദ്ധത്തിന്. ഇറാനിലെ എണ്ണ കയറ്റുമതിയെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യംവച്ചാണ് യുഎസിന്റെ പുതിയ ഉപരോധം. ഇറാൻ ഭരണകൂടത്തിന്റെ നിലവിലെ ‘സ്വഭാവം’ മാറ്റാൻ സഹായിക്കുന്നതായിരിക്കും ഈ ഉപരോധമെന്നും യുഎസ് വിലയിരുത്തുന്നു. ഭീകര സംഘടനകളെ സഹായിക്കാൻ വേണ്ടിയാണ് ഇറാൻ എണ്ണകയറ്റുമതിയിൽ നിന്നുള്ള പണം ഉപയോഗിക്കുന്നതെന്നാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനം. ആ നീക്കം ഉപരോധം ശക്തമാകുന്നതോടെ നിർത്തലാക്കാൻ ഇറാൻ നിർബന്ധിതമാകുമെന്നാണു യുഎസ് വിശ്വസിക്കുന്നത്. 

എന്നാൽ നിയമവിരുദ്ധവും ന്യായീകരിക്കാനാകാത്തതുമായ ഉപരോധത്തെ ഇറാൻ മറികടക്കുമെന്ന് പ്രസിഡന്റ് ഹസൻ റുഹാനി വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങൾക്ക് എതിരാണ് ഉപരോധം. ഇറാൻ എണ്ണ കയറ്റുമതി തുടരും. ഉപരോധത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെത്തന്നെയായിരിക്കും ഇനിയുള്ള എണ്ണ കയറ്റുമതിയെന്നും ദേശീയ ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്തു റുഹാനി വ്യക്തമാക്കി. ഇറാനുമൊത്ത് മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ 2015ൽ ഒപ്പിട്ട ആണവ കരാറിൽ നിന്ന് ഇക്കഴിഞ്ഞ മേയിലാണ് ട്രംപ് പിന്മാറിയത്. ഇറാനു മേലുണ്ടായിരുന്ന ഉപരോധങ്ങളും പുനഃസ്ഥാപിച്ചു. ആദ്യഘട്ട ഉപരോധം ഓഗസ്റ്റിലായിരുന്നു. അതിനു പിന്നാലെയാണിപ്പോൾ എറ്റവും കനത്തതെന്നു കരുതുന്ന ഉപരോധവും യുഎസ് നടപ്പാക്കുന്നത്. 

mike-pompeo മൈക്ക് പോംപെയോ

‘ഇന്നേവരെയില്ലാത്ത പ്രശ്നങ്ങൾ ഇറാൻ നേരിടേണ്ടി വരും’

ഇറാന്റെ ബാങ്കിങ്, ഊർജമേഖലകളെയാണു പുതിയ ഉപരോധം ശക്തമായി ബാധിക്കുക. ഇതുപ്രകാരം ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ രാജ്യങ്ങൾക്കും യുറോപ്പിലെയും ഏഷ്യയിലെയും കമ്പനികൾക്കും യുഎസ് ഉപരോധം ബാധമാക്കും. എന്നാൽ ഇന്ത്യയും ചൈനയും ഉൾപ്പെടെ എട്ടു രാജ്യങ്ങൾക്ക് നിലവിലെ ഉപരോധത്തിൽ നിന്ന് ഇളവു നൽകിയിട്ടുണ്ട്്. തുർക്കി, ഇറാഖ്, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോട് ഉൾപ്പെടെ പൂർണമായും ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിൽത്തലാക്കാൻ ആവശ്യപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി.

എട്ടു രാജ്യങ്ങളും ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇരുരാജ്യങ്ങളും ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളുമാണ്. ഉപരോധത്തോട് ഇരുരാജ്യങ്ങളും സഹകരിക്കുമോയെന്ന ചോദ്യത്തിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്കും കൃത്യമായ ഉത്തരവും നൽകാനായില്ല. അടുത്ത ആറുമാസത്തിനകം പടിപടിയായി ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഉറപ്പു വല്ലതും ലഭിച്ചോ എന്ന ചോദ്യത്തിൽ നിന്ന് പോംപെയോ ഒഴിഞ്ഞു മാറുകയായിരുന്നു. ട്രംപിനും ഇതു സംബന്ധിച്ച ഉറപ്പ് ഇതുവരെ നൽകാനായിട്ടില്ല. 

chabahar

ചൈന കഴിഞ്ഞാൽ ഏറ്റവുമധികം എണ്ണ ഇറാനിൽ നിന്നു വാങ്ങുന്നത് ഇന്ത്യയാണ്. 2017-18 സാമ്പത്തിക വർഷത്തിൽ 2.26 കോടി ടൺ എണ്ണയാണ് ഇന്ത്യ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്തത്. എന്നാൽ ഒരു വർഷത്തിനകം ഇറക്കുമതി പ്രതിമാസം 12.5 ലക്ഷം ടണ്ണിലേക്കോ 1.5 കോടി ടണ്ണിലേക്കോ കുറയ്ക്കുമെന്നാണ് ഇന്ത്യ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിലും ഇപ്പോഴും വ്യക്തമായ ഉത്തരം ചൈനയോ ഇന്ത്യയോ യുഎസോ നൽകുന്നുമില്ല. ചില രാജ്യങ്ങൾ ഇറക്കുമതി കുറയ്ക്കാനായി കൂടുതൽ സമയം ചോദിച്ചിട്ടുണ്ടെന്നു പോംപെയോ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ ആറുമാസത്തിനകം ഇന്ത്യ എണ്ണ ഇറക്കുമതി പൂർണമായും നിർത്തലാക്കിയില്ലെങ്കിൽ എന്തു നടപടിയെടുക്കും എന്ന ചോദ്യത്തിന് നിശബ്ദതയായിരുന്നു പോംപെയോയുടെ മറുപടി. 

ഇറാനിലെ ചാബഹാർ തുറമുഖത്തിന്റെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. പ്രവർത്തനസജ്ജമാക്കി മേൽനോട്ടത്തിനും നടത്തിപ്പിനുമായി ഇന്ത്യയ്ക്കു കൈമാറാനിരിക്കുകയാണ് ഈ തുറമുഖം. കോടിക്കണക്കിനു ഡോളറിന്റെ വ്യാപാരം പ്രതീക്ഷിക്കുന്ന തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹസൻ റൂഹാനിയും ഒപ്പിട്ട കരാറനുസരിച്ചാണു കൈമാറുന്നത്. അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും പാക്കിസ്ഥാൻ വഴിയല്ലാതെ ഇന്ത്യയ്ക്കു സാധനങ്ങൾ എത്തിക്കാവുന്ന ഈ തുറമുഖ പദ്ധതിയിൽ അഫ്ഗാനിസ്ഥാനും പങ്കാളിയാണ്. 

Hassan-Rouhani-Donald-Trump ട്രംപും റുഹാനിയും (ഫയൽ ചിത്രം)

ഉപരോധം അമേരിക്കൻ ഉപഭോക്താക്കളെ ഒരുതരത്തിലും ബാധിക്കാതെ നോക്കുമെന്നു പോപെയോ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പിന്റെ ഹൃദയഭാഗത്തുൾപ്പെടെ കൊലപാതകശ്രമങ്ങൾ നടത്തുകയാണ് ഭീകരർ. കഴിഞ്ഞ ഏതാനും ആഴ്ചകളായി അവർ അതാണു ചെയ്യുന്നത്. അത്തരത്തിലുള്ള ഭീകരരെ സഹായിക്കുന്നതിൽ ലോകത്തു മുൻപന്തിയിലുള്ള രാജ്യമാണ് ഇറാൻ. ഭീകരരെ ‘സ്പോൺസർ’ ചെയ്യുന്ന ഈ നടപടിയിൽ നിന്ന് ഇറാൻ സ്വയം പിൻവാങ്ങാ‍ൻ ഉപരോധം കാരണമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പോപെയോ വ്യക്തമാക്കി. 

ഇറാന്റെ എണ്ണ കയറ്റുമതിയിൽ പ്രതിദിനം 10 ലക്ഷം ബാരലിന്റെ കുറവും ഇതിനോടകം വരുത്താനായി. ഇറാനുമായി ഇടപാട് തുടരുന്ന യൂറോപ്യൻ കമ്പനികളുമായുള്ള ബന്ധം യുഎസ് ഉപേക്ഷിക്കുമെന്നും പോംപെയോ വ്യക്തമാക്കിയിട്ടുണ്ട്. മേയിലെ ഉപരോധത്തെത്തുടർന്ന് ഒട്ടേറെ യൂറോപ്യൻ കമ്പനികളാണ് ഇറാൻ വിട്ടത്. ഉപരോധത്തിൽ യാതൊരു ഇളവും കൊണ്ടുവരാൻ യുഎസ് ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ വിഷയങ്ങളില്‍ യുഎസിന്റെ പ്രത്യേക പ്രതിനിധിയായ ബ്രയാൻ ഹുക്കും വ്യക്തമാക്കിയിട്ടുണ്ട്.