ടെഹ്റാൻ∙ ഏറ്റവും ‘കഠിനമായ’ ഉപരോധം ഏർപ്പെടുത്തിയ യുഎസ് നടപടിക്കെതിരെ ഇറാൻ മറുപടി നൽകിയതു യുദ്ധവിമാനങ്ങളുമായി വ്യോമാഭ്യാസത്തിലൂടെ. രാജ്യം നേരിടുന്നതു ‘യുദ്ധസമാനമായ’ സാഹചര്യമാണെന്ന ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പ്രസ്താവന കൂടിയെത്തിയതോടെ ഒരിടവേളയ്ക്കുശേഷം മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ പുകയുകയാണ്. 2015ൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുമായി ഒപ്പിട്ട ആണവകരാർ പ്രകാരം ഇറാനു നൽകിയിരുന്ന എല്ലാ സാമ്പത്തിക ഇളവുകളും ഇന്നലത്തെ ഉപരോധത്തോടെ ഇല്ലാതായി. യുറേനിയം സമ്പുഷ്ടീകരണത്തിൽ ഉൾപ്പെടെ ഇറാൻ നൽകിയ ഉറപ്പുകളും ഇനി തത്വത്തിൽ ഇല്ലാതാകും. ഏതു നിമിഷം വേണമെങ്കിലും സമ്പുഷ്ടീകരണം ആരംഭിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. അത് എത്രയും പെട്ടെന്നുണ്ടാകുമെന്നുമാണു മുന്നറിയിപ്പ്.
ഇറാന്റെ പ്രധാന വരുമാന മാർഗമായ ഇന്ധന കയറ്റുമതിയുടെ കഴുത്തിനു പിടിക്കുന്നതാണു യുഎസിന്റെ ഉപരോധം. രാജ്യത്തിന്റെ ദേശീയ കറൻസിക്ക് ഇടിവു തട്ടിയിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. രാജ്യത്തു മരുന്നുകൾക്കു മുതൽ മൊബൈലിനു വരെ വില കുതിച്ചു കയറുകയാണ്. എന്നാൽ ഒരുപരോധത്തിനും തളർത്താനാവില്ലെന്നാണു റൂഹാനിയുടെ പ്രഖ്യാപനം. ‘ഇറാൻ ഇന്ന് എണ്ണ വിൽക്കുന്നുണ്ട്, നാളെയും അതു തുടരും. ഒരു സംശയവും വേണ്ട...’ ഉപരോധം ആരംഭിച്ചതിനു തൊട്ടുപിന്നാലെ റൂഹാനി പറഞ്ഞ വാക്കുകൾ.
‘നമ്മളൊരു യുദ്ധസമാന സാഹചര്യം നേരിടുകയാണ്. നമ്മളൊരു സാമ്പത്തിക യുദ്ധം നേരിടുന്ന സാഹചര്യത്തിലുമാണ്. നമ്മെ ‘ശല്യപ്പെടുത്തുന്ന’ ശത്രുവിനെതിരെയാണു പോരാട്ടം. അതിൽ വിജയിക്കാൻ നാം നിലകൊണ്ടേ മതിയാകൂ...’ റൂഹാനി പറഞ്ഞു. 1980ലെ ഇറാൻ – ഇറാഖി യുദ്ധസാഹചര്യം ചൂണ്ടിക്കാട്ടിയുള്ള പ്രസ്താവനയും റൂഹാനിയുടെ ഭാഗത്തുനിന്നുണ്ടായി. ‘ഇന്നലെ നമുക്കു മുന്നിൽ സദ്ദാം ഹുസൈനായിരുന്നു. ഇന്ന് അതു ഡോണൾഡ് ട്രംപാണ്. രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല. ഇതിനെ നേരിട്ടു വിജയിച്ചേ മതിയാകൂ...’– റൂഹാനി കൂട്ടിച്ചേർത്തു.
ഇറാൻ – യുഎസ് സംഘർഷത്തിലേക്ക് ഇസ്രയേലും വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ആശയവിനിമയ ശൃംഖലയ്ക്കു നേരെ അടുത്തിടെ ഇസ്രയേൽ സൈബർ ആക്രമണം നടത്തിയെന്നായിരുന്നു ഇറാന്റെ പരാതി. തങ്ങൾക്കെതിരെ ഉയരുന്ന ഭീഷണികൾക്കെല്ലാം മറുപടിയുമായിട്ടായിരുന്നു ഇറാന്റെ വ്യോമാഭ്യാസ പ്രകടനം. ഇറാന്റെ വടക്കൻ മേഖലയിലാണ് ഇന്നലെയും ഇന്നുമായി അഭ്യാസ പ്രകടനം നടക്കുന്നത്. വ്യോമാക്രമണം നടത്തുന്നതിനുള്ള യുദ്ധ വിമാനങ്ങളും വിമാനങ്ങളെ വെടിവച്ചിടുന്ന സംവിധാനങ്ങളുമെല്ലാം അഭ്യാസത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്നുണ്ട്. കരയിൽനിന്ന് ആകാശത്തേക്കു മിസൈൽ അയച്ച് ഒരു ഡ്രോൺ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാനിയൻ ദേശീയ ടെലിവിഷനും പുറത്തുവിട്ടു. ഇറാന്റെ ദേശീയ സേനയും അർധസൈനിക വിഭാഗമായ റെവല്യൂഷനലി ഗാർഡും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ഇന്ത്യയും ചൈനയുമുൾപ്പെടെ എട്ടു രാജ്യങ്ങള്‍ക്കു ഡോണൾഡ് ട്രംപ് ഉപരോധത്തിൽനിന്ന് ഇളവു നൽകിയിട്ടുണ്ട്. ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി നടത്തുന്നതിന്റെ പേരിൽ ഈ രാജ്യങ്ങൾക്കെതിരെ ഉടൻ നടപടിയുണ്ടാകില്ല. രാജ്യാന്തര തലത്തിൽ എണ്ണവില വർധിക്കാതിരിക്കാനും വിപണിയെ ‘ആഘാത’ത്തിൽനിന്നു രക്ഷിക്കാനുമാണു നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ എണ്ണവില കുറയ്ക്കുന്നതിനുള്ള തന്റെ ശ്രമങ്ങൾക്ക് ഇറാനു യാതൊരു പങ്കാളിത്തവും ഇല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറ്റലി, ഗ്രീസ്, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, തുർക്കി എന്നീ രാജ്യങ്ങളും പതിയെപ്പതിയെ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്നാണു പ്രതീക്ഷയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.
എണ്ണ ഉപഭോഗത്തിൽ ലോകത്തു മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 80% എണ്ണയും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. ഇറാഖും സൗദിയും കഴിഞ്ഞാൽ ഇന്ത്യ ഏറ്റവുമധികം എണ്ണ വാങ്ങുന്നത് ഇറാനിൽനിന്നാണ്. ആകെ ആവശ്യത്തിന്റെ 10 ശതമാനമാണ് ഇറാനിൽനിന്നു വാങ്ങുന്നത്. ഈ സാഹചര്യത്തിൽ ഇറാനിൽനിന്നുള്ള ഇറക്കുമതി നിർത്തലാക്കണമെന്ന ട്രംപിന്റെ ആവശ്യം നടപ്പാക്കാനാകില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് 20 രാജ്യങ്ങൾ ഉപേക്ഷിച്ചതായാണു പോംപോയോ പറയുന്നത്. അതോടെ പ്രതിദിനം പത്തു ലക്ഷം ബാരൽ ക്രൂഡ് ഓയിലിന്റെ ഇറക്കുമതിയാണു നിലച്ചത്. മേയിൽ ആദ്യഘട്ട ഉപരോധം നടപ്പാക്കിയതു മുതൽ ഇന്നുവരെ ഇറാന് 250 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നും പോംപെയോ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ എണ്ണ ഉൽപാദക രാജ്യത്തെ ഉപരോധം ‘കീഴ്പ്പെടുത്തുമെന്ന’ സംശയത്തെത്തുടർന്ന് ആദ്യഘട്ടത്തിൽ രാജ്യാന്തര തലത്തിൽ എണ്ണവില കയറിയിരുന്നു.