മിസോറമില്‍ ചുവടുറപ്പിക്കാന്‍ പുത്തന്‍ അടവുകള്‍; വാഗ്ദാനപ്പെരുമഴയുമായി പാര്‍ട്ടികള്‍

ഐസോള്‍ ∙ ഭരണത്തുടര്‍ച്ചയ്ക്കു കോണ്‍ഗ്രസും തിരിച്ചുപിടിക്കാന്‍ എംഎന്‍എഫും ചുവടുറപ്പിക്കാന്‍ ബിജെപിയും ജീവന്‍മരണ പോരാട്ടം നടത്തുന്ന മിസോറമില്‍, ഇത്തവണ ചരിത്രത്തിലിന്നുവരെ കാണാത്ത പ്രചാരണച്ചൂടാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പാര്‍ട്ടികള്‍ ഗോദയിലിറങ്ങി. പ്രധാന സീറ്റുകളിലെയെല്ലാം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ആരോപണ പ്രത്യാരോപണങ്ങളും ചോര്‍ച്ചയും ചാക്കിട്ടുപിടിത്തവുമൊക്കെയായി സജീവമായ സംസ്ഥാനത്ത് വാഗ്ദാനപ്പെരുമഴയുമായി പ്രധാന പാര്‍ട്ടികള്‍ പ്രകടനപത്രികയും പുറത്തിറക്കിക്കഴിഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് ഒരു പാര്‍ട്ടിയും ഒരു സംസ്ഥാനത്തും നല്‍കിക്കണ്ടിട്ടില്ലാത്ത പരിഗണനയാണു മിസോറമില്‍ കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കെല്ലാം സൗജന്യ ലാപ്‌ടോപ്പാണ് അവരുടെ പ്രധാന വാഗ്ദാനം. സ്‌കൂളുകളില്‍ സയന്‍സ്, കണക്ക് വിഷയങ്ങള്‍ക്കും ടെക്‌നിക്കല്‍ എജ്യുക്കേഷനും കൂടുതല്‍ ശ്രദ്ധ നല്‍കും. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഈ വിഷയങ്ങളില്‍ പിന്നില്‍നില്‍ക്കുന്നവര്‍ക്കായി പ്രത്യേക ക്ലാസുകള്‍ ഏര്‍പ്പെടുത്തും. കോളജ്, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് വിനോദയാത്രയ്ക്കും സ്റ്റഡി ടൂറിനുമായി ബജറ്റില്‍ തുക വകയിരുത്തും എന്നിങ്ങനെ വിദ്യാര്‍ഥികള്‍ക്കായി വാഗ്ദാനപ്പെരുമഴ തന്നെ കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ട്.

സംസ്ഥാനത്തു മദ്യനിരോധനം നീക്കിയ സര്‍ക്കാര്‍ നടപടിയാണു പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണായുധം. അമിത മദ്യപാനം മൂലം ഒട്ടേറെയാളുകള്‍ മരിച്ചുവീഴുന്നതുകൊണ്ടാണ് സംസ്ഥാനത്തെ ജനസംഖ്യയില്‍ പുരുഷന്‍മാരെക്കാള്‍ സ്ത്രീകളുടെ എണ്ണം കൂടിയതെന്നുവരെ എംഎന്‍എഫ് വാദിക്കുന്നുണ്ട്. ലഹരിക്കടിമയാക്കി ജനങ്ങളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊന്നൊടുക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തെ നേരിടാന്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ സംസ്ഥാനത്തുടനീളം റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന വാഗ്ദാനമാണു കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊലീസിനുമായി റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിക്കും. ഗ്രാമീണ മേഖലയിലെ നിര്‍ധനര്‍ക്കു വീടു നല്‍കും.

കാര്‍ഷിക മേഖലയുടെ പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായ സംസ്ഥാനത്ത്, കര്‍ഷകരുടെയും യുവാക്കളുടെയും ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം തുടരുമെന്നാണു കോണ്‍ഗ്രസിന്റെ പ്രതിജ്ഞ. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭൂവിനിയോഗ പദ്ധതിയും തൊഴില്‍രഹിതരായ യുവാക്കള്‍ക്കായുള്ള എക്കണോമിക് ഡവലപ്‌മെന്റ് പോളിസിയും വിപുലപ്പെടുത്തും. 2013ല്‍ കോണ്‍ഗ്രസിനെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് മുന്‍ സര്‍ക്കാര്‍ 2011ല്‍ നടപ്പാക്കിയ ന്യൂ ലാന്‍ഡ് യൂസ് പോളിസി(എന്‍എല്‍യുപി) ആയിരുന്നു. അര്‍ഹരായ  കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപവരെയാണ് സഹായം ലഭിക്കുക. ഈ തുക വര്‍ധിപ്പിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

അഴിമതിരഹിതവും സുതാര്യവുമായ ഭരണമാണ് എംഎന്‍എഫ് ഉറപ്പുനല്‍കുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു പറയുമ്പോള്‍തന്നെ, കുടിയേറ്റ സമൂഹമായ ചാക്മ വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതികളും എംഎന്‍എഫ് പത്രികയിലുണ്ട്. ചാക്മ വിഭാഗത്തെ അംഗീകരിക്കാന്‍ തയാറാകാത്ത ഭൂരിപക്ഷ മിസോ സംഘടനകള്‍ അവരെ സംസ്ഥാനത്തുനിന്നു പുറത്താക്കണമെന്നും പൗരത്വം റദ്ദാക്കണമെന്നുമൊക്കെ ആവശ്യപ്പെട്ടു പതിവായി സമരങ്ങള്‍ നടത്താറുണ്ട്.