തിരുവനന്തപുരം ∙ കൊടങ്ങാവിളയില്‍ സനലിനെ വാഹനത്തിനു മുന്നിലേക്കു തള്ളിയിട്ടു കൊന്ന കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ‘കോടീശ്വര’നാണെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനു സമ്പാദിക്കാന്‍ കഴിയുന്നതിനേക്കാൾ വലിയ തുക ഇയാള്‍ക്കു സമ്പാദ്യമായി ഉണ്ടെന്നും ബെനാമി പേരിലാണ് നിക്ഷേപങ്ങളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വകുപ്പുതല അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും അറസ്റ്റിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായശേഷമേ വകുപ്പുതല അന്വേഷണം നടത്താന്‍ സാധിക്കൂ.
∙ ബിനുവിന്റെ ജ്വല്ലറി ഉദ്ഘാടനം ചെയ്തത് ഡിവൈഎസ്പി
കൊടങ്ങാവിളയില്‍ എബിഎസ് ഫിനാന്‍സ് നടത്തുന്ന ബിനുവിന്റെ വീടിനു മുന്നിലാണ് അപകടം നടന്നത്. ബിനുവാണ് ഡിവൈഎസ്പിയെ വാഹനത്തില്‍ സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെടുത്തി കൊണ്ടുപോയത്. ബിനുവും ഡിവൈഎസ്പിയുമായി ദീര്‍ഘനാളത്തെ ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാറശാല എസ്ഐ ആയിരിക്കുമ്പോഴാണ് ഇവര്‍ തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ഹരികുമാര്‍ ഫോര്‍ട്ട് സിഐ ആയിരിക്കുമ്പോഴാണ് ബിനുവിന്റെ എബിഎസ് ജ്വല്ലറി ഉദ്ഘാടനം ചെയ്തത്. മൂന്നു വര്‍ഷം മുന്‍പാണ് തൊഴുക്കല്‍ സ്വദേശി അയ്യപ്പനുമായി ചേര്‍ന്ന് ജ്വല്ലറി ആംരംഭിച്ചത്. രണ്ടു വര്‍ഷം മുന്‍പ് ബിനുവിന്റെ കച്ചവട പങ്കാളിയായ അയ്യപ്പന്‍ വിഷം കഴിച്ചു മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
അയ്യപ്പന്റെ മരണത്തിനുശേഷം ജ്വല്ലറി തുറക്കാതായി. ഇവിടെയാണ് പിന്നീട് ഫിനാന്‍സ് ആരംഭിക്കുന്നത്. ബിനുവിന്റെ വീട്ടില്‍ ഡിവൈഎസ്പി സ്ഥിരമായി വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. കേസുകള്‍ ഒതുക്കിത്തീര്‍ക്കാനായി ഡിവൈഎസ്പി വാങ്ങുന്ന കൈക്കൂലിയാണ് ഫിനാന്‍സ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു പിന്നിലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ഡിവൈഎസ്പിക്കുള്ളത്. കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ അറസ്റ്റോടെ സിപിഎം ജില്ലാ നേതൃത്വത്തിന് പ്രിയപ്പെട്ടവനായി. ഉന്നത സിപിഎം നേതാവിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഡിവൈഎസ്പിക്കെതിരെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മുക്കിയതെന്നും ആരോപണമുണ്ട്.
∙ ബിനുവിന്റെ വീട്ടിലെ ക്യാമറ നിര്‍ണായകമാകും
തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് കൊടങ്ങാവിള കമുകിന്‍കോട് റോഡില്‍വച്ചു ഡിവൈഎസ്പി ഹരികുമാര്‍ സനലിനെ കാറിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയത്. ഫിനാന്‍സ് ഉടമ ബിനുവിന്റെ വീടിനു മുന്നിലായിരുന്നു സംഭവം. ബിനുവിന്റെ വീട്ടില്‍നിന്ന് ഡിവൈഎസ്പി പുറത്തിറങ്ങി വരുമ്പോള്‍ വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാക്കേറ്റത്തിലും കൊലപാതകത്തിലേക്കും നയിച്ചത്. ബിനുവിന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ എല്ലാം പതിഞ്ഞിട്ടുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ ഫൊറന്‍സിക് സംഘം ശേഖരിച്ചിരുന്നു. ബിനുവിന്റെ വീടിനു മുന്നിലും കടയുടെ മുന്നിലും സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലെ ദൃശ്യങ്ങള്‍ ദൃക്സാക്ഷികളുടെ മൊഴിക്കൊപ്പം നിര്‍ണായകമാകുമെന്ന് പൊലീസും വ്യക്തമാക്കുന്നു. തെളിവുകള്‍ എടുക്കുന്നത് നാട്ടുകാരുടെ സാന്നിധ്യത്തിലാകണമെന്ന് ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ക്യാമറയില്‍നിന്നു ദൃശ്യങ്ങള്‍ ശേഖരിച്ചത്.