വാഷിങ്ടൻ∙ യുഎസ് അറ്റോർണി ജനറൽ ജെഫ് സെഷൻസ് രാജിവച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക അഭ്യർഥന പ്രകാരമാണു രാജിയെന്ന് സെഷൻസ് കത്തിൽ പറഞ്ഞു. അറ്റോർണി ജനറലായി സേവനം അനുഷ്ഠിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും സെഷൻസ് പറയുന്നു. താൽക്കാലികമായി പുതിയ അറ്റോർണി ജനറലായി മാത്യു വിറ്റേക്കറെ നിയമിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു.
‘ജെഷ് സെഷൻസിന്റെ സേവനത്തിനു നന്ദി. അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു. സ്ഥിര അറ്റോർണി ജനറലിനെ പിന്നീടു നിയമിക്കും’ – ട്രംപ് കുറിച്ചു. യുഎസ് നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ഉന്നത പദവിയാണ് അറ്റോർണി ജനറലിന്റേത്. ട്രംപിന്റെ അടുത്ത അനുകൂലിയുമായിരുന്നു സെഷൻസ്.
സെനറ്റ് ആംഡ് സർവീസ് കമ്മിറ്റി അംഗമായിരിക്കെ സെഷൻസ് റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിരുന്നു.