സനലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത് പൊലീസ് പറഞ്ഞിട്ട്: ആംബുലൻസ് ഡ്രൈവർ

മരിച്ച സനല്‍, ആംബുലന്‍സ് ഡ്രൈവര്‍ അനീഷ്

തിരുവനന്തപുരം∙ ഡിവൈഎസ്പി ഹരികുമാര്‍ കാറിനു മുന്നിലേക്ക് തള്ളിയിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍, പൊലീസിന്റെ നിര്‍ദേശപ്രകാരണമാണ് മെഡിക്കല്‍ കോളജിലേക്ക് പോകാതെ ആംബുലന്‍സ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നു ഡ്രൈവറുടെ വെളിപ്പെടുത്തല്‍. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതെന്നും ആംബുലന്‍സ് ഡ്രൈവര്‍ അനീഷ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

അനീഷിന്റെ വാക്കുകള്‍:

ഓലത്താണിയില്‍ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറാണ് ഞാൻ. ആവശ്യക്കാര്‍ വിളിക്കുമ്പോള്‍ പോകുകയാണു പതിവ്. രാത്രി 10.15 ഓടെ ഒരു സുഹൃത്താണ് അപകടം നടന്ന വിവരം പറയുന്നത്. 3.5 കിലോമീറ്റര്‍ സഞ്ചരിച്ച് അപകടം നടന്ന സ്ഥലത്തെത്തി. നാട്ടുകാര്‍ കൂടിയിട്ടുണ്ടായിരുന്നു. സനലിന്റെ ശരീരം നാട്ടുകാര്‍ ആംബുലന്‍സില്‍ കയറ്റി. ഒരു നാട്ടുകാരന്‍ പിന്നില്‍ കയറി. മുന്‍ സീറ്റില്‍ നെയ്യാറ്റിന്‍കര സ്റ്റേഷനിലെ ഒരു പൊലീസുകാരന്‍ കയറി. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പൊലീസുകാരന്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. വണ്ടി പതുക്കെ പോകാനും ആവശ്യപ്പെട്ടു.

താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ നടപടികള്‍ വേഗത്തിലായിരുന്നു. എത്രയും പെട്ടെന്നു മെഡിക്കല്‍ കോളജിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റേഷനിലേക്ക് പോകാനാണ് പൊലീസുകാരന്‍ നിര്‍ദേശിച്ചത്. ഇതിനിടെ കൂടെവന്ന നാട്ടുകാരനെ കാണാതായി. പൊലീസ് സ്റ്റേഷന് തൊട്ടടുത്തെത്തിയപ്പോള്‍ എതിര്‍വശത്തുനിന്ന് മറ്റൊരു പൊലീസുകാരന്‍ എത്തി വാഹനത്തില്‍ കയറി. ആദ്യം ഉണ്ടായിരുന്ന പൊലീസുകാരന്‍ സ്റ്റേഷനിലേക്ക് പോയി. പുതുതായി വന്ന പൊലീസുകാരനൊപ്പം മെഡിക്കല്‍ കോളജിലെത്തി. പിന്നീട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് ആംബുലന്‍സ് മാറ്റി. പുലര്‍ച്ചെ മൂന്നര മണിക്ക് പൊലീസുകാരനെ നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ എത്തിച്ചശേഷം വീട്ടിലേക്ക് മടങ്ങി.