ആംബുലൻസ് വഴിതിരിച്ചുവിട്ട സംഭവം: രണ്ടു പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം∙ വാഗ്വാദത്തിനിടെ യുവാവിനെ കാറിനടിയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ ഡ്യൂട്ടിയില്‍ വരുത്തിയ വീഴ്ച സംബന്ധിച്ച് റൂറല്‍ എസ്പി അശോക് കുമാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു നടപടി. ഉന്നതര്‍ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കമെന്ന് ഐജി: മനോജ് എബ്രഹാം പറഞ്ഞു. ആംബുലൻസുമായി പൊലീസ് സ്റ്റേഷനിൽ കയറിയെങ്കിൽ അതു ഗുരുതര വീഴചയാണെന്നു പറഞ്ഞ ഐജി, വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വരുമെന്നും അറിയിച്ചു.

വാഹനമിടിച്ച സനലിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ പൊലീസുകാര്‍ ആദ്യം തയാറായിരുന്നില്ല. അര മണിക്കൂറോളം റോഡില്‍ കിടന്ന സനലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതിനുശേഷമാണു താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായാണ് ആംബുലന്‍സ് പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്നാണു ലഭിക്കുന്ന വിവരം. മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുന്നതിനു പകരം എതിര്‍ ദിശയിലുള്ള താലൂക്ക് ആശുപത്രിയിലേക്ക് എന്തിനു കൊണ്ടുപോയി എന്നതിനെ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.

രാത്രി അപകടമുണ്ടായപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടിയതല്ലാതെ സനലിനെ ആശുപത്രിയിലെത്തിക്കാന്‍ തയാറായിരുന്നില്ല. മൊബൈലില്‍ ചിത്രങ്ങളെടുക്കുകയായിരുന്നു ജനക്കൂട്ടം. ആള്‍‌ക്കൂട്ടത്തിനു നടുവില്‍ ചോരയൊലിപ്പിച്ചു പൊലീസ് എത്തുന്നതുവരെ സനല്‍ കിടന്നു. പൊലീസ് എത്തിയിട്ടും വേഗത്തില്‍ ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചില്ല. നാട്ടുകാരിലൊരാള്‍ വെള്ളം കൊണ്ടു സനലിന്റെ മുഖം കഴുകുമ്പോള്‍ നോക്കി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആംബുലന്‍സിനൊപ്പം പോകാന്‍ നാട്ടുകാര്‍ മടിച്ചു നില്‍ക്കുമ്പോള്‍ പൊലീസുകാര്‍ ക്ഷോഭിക്കുന്നതും വിഡിയോയില്‍ കാണാം. പിന്നീടാണു മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുന്നതിനു പകരം പൊലീസ് സ്റ്റേഷനില്‍ ആംബുലന്‍സ് എത്തിച്ചശേഷം താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോകുന്നത്.

അപകടം ഉണ്ടായി സനലിന്റെ കൈ ഒടിഞ്ഞു തൂങ്ങിയിരുന്നു. വയറിലൂടെ വാഹനം കയറിയിറങ്ങി കഴിച്ച ഭക്ഷണം ഛര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ എന്തുകൊണ്ടു വേഗത്തില്‍ ആശുപത്രിയിലെത്തിച്ചില്ലെന്നതിനു കൃത്യമായ റിപ്പോര്‍ട്ട് നല്‍കണെമെന്നു ഡിജിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ശരിയായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫിസും നിര്‍ദേശിച്ചു.