മനോരമ ന്യൂസിന്റെ ദൃശ്യം തിരുത്തി പ്രചരിപ്പിച്ചു: ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

അറസ്റ്റിലായ ആർ. വിനോദ്

കോട്ടയം ∙ പിഎസ്‌സി മുൻ ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പത്ര സമ്മേളനം കെ.എൻ.എ. ഖാദർ എംഎൽഎയുടെ പേരിൽ ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ച കേസിൽ ഈരാറ്റുപേട്ട തലപ്പലം രാജ് നിവാസിൽ ആർ.വിനോദിനെ പൊലീസ് അറസ്റ്റു ചെയ്തു. മതസ്പർധ വളർത്തുന്ന തരത്തിൽ പ്രചാരണം നടത്തിയതിന് 183 –ാം വകുപ്പു പ്രകാരമാണ് വിനോദിനെതിരെ കേസെടുത്തത്.

കഴിഞ്ഞ ഒക്ടോബർ അഞ്ചിനു ശബരിമല യുവതീ പ്രവേശം സംബന്ധിച്ചു ഡോ. കെ.എസ്. രാധാകൃഷ്ണൻ നടത്തിയ വാർത്താ സമ്മേളനത്തിന്റെ മനോരമ ന്യൂസിൽ വന്ന ദൃശ്യങ്ങളാണു വിനോദ് ദുരുപയോഗം ചെയ്തത്. യൂ ട്യൂബിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി ഒക്ടോബർ എട്ടിനു തെറ്റായ അടിക്കുറിപ്പോടെ ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്തു. ഫെയ്സ്ബുക്കിൽ മനോരമ ന്യൂസ് വാർത്തയാണെന്ന തെറ്റിദ്ധാരണയിൽ എട്ടു ലക്ഷത്തോളം പേർ ഈ വിഡിയോ കാണുകയും പേർ 30,000 പേർ പങ്കിടുകയും ചെയ്തു.

മലയാള മനോരമ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്. കരാർ ജോലി ചെയ്യുന്ന വിനോദ് ബിജെപി, ആർഎസ്‌എസ് പ്രവർത്തകനാണെന്ന് ഈരാറ്റുപേട്ട പൊലീസ് എഎസ്ഐ സാബു മോൻ പറഞ്ഞു.