ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥിയെ സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനത്തിലെത്തിയതായി സൂചന. ആഫ്രിക്കയിൽ നിന്നുള്ള ഒരു ഉന്നതനായിരിക്കും മുഖ്യാതിഥിയെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസക്കാണ് മുൻതൂക്കമെന്നും ചില അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. മുഖ്യാതിഥിയായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകള്‍ കാരണം ക്ഷണം നിരസിക്കുകയാണെന്ന് വൈറ്റ് ഹൗസ് അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ അനൗദ്യോഗികമായി വാക്കാലുള്ള ക്ഷണം കൈമാറിയിരുന്നെങ്കിലും ചടങ്ങിലെ മുഖ്യാതിഥിയെ നിർണയിക്കാൻ തയാറാക്കിയ നാലു നേതാക്കളുടെ ചുരുക്കപ്പട്ടികയിൽ ട്രംപ് ഉണ്ടായിരുന്നില്ലെന്നും ഔദ്യോഗികമായി ക്ഷണം കൈമാറിയിരുന്നില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യയുമായി നല്ല സൗഹൃദം പുലർത്തുന്ന ഒരു രാജ്യത്തുനിന്നുള്ള, രാജ്യാന്തരതലത്തിൽ അംഗീകാരമുള്ള നേതാവായിരിക്കും അതിഥി. ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നീ മേഖലകളിൽ നിന്നുള്ള രാഷ്ട്രത്തലവൻമാർ അടുത്തകാലത്ത് മുഖ്യാതിഥിയായി എത്തിയിട്ടില്ലെന്നും ഇതുകൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെന്നുമാണ് സൂചന. റമഫോസ മുഖ്യാതിഥിയായി എത്താനുള്ള സാധ്യതകൾക്ക് ആക്കം കൂട്ടുന്നതും ഇതാണ്. റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയെ സംബന്ധിച്ച് ഉചിതസമയത്തു പ്രഖ്യാപനമുണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച് പ്രതികരിച്ചത്. എന്നാൽ അധികം വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കാനാണ് സാധ്യതയെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
പ്രകൃതി സമ്പത്ത് ഏറെയുള്ള ആഫ്രിക്കൻ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്തുന്നതിലും മേഖലയിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കുന്നതിലും മോദി സർക്കാർ പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്. ചൈനയുടെ വർധിച്ചു വരുന്ന സ്വാധീനം തടയുകയും ഇന്ത്യയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം എന്ന ഇന്ത്യയുടെ സ്വപ്നത്തിനും 55 ആഫ്രിക്കൻ രാജ്യങ്ങളുടെ നിലപാട് നിർണായകമാണ്. 44 ആഫ്രിക്കൻ രാജ്യങ്ങൾക്കായി ഏതാണ് 9 ബില്യൻ ഡോളറിന്‍റെ ധനസഹായമാണ് ഇന്ത്യ നൽകിയിട്ടുള്ളത്.