ന്യൂഡൽഹി ∙ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും നിഷേധിച്ച് മകന്‍റെ ഭാര്യ ബന്ദിയാക്കിയ 95 കാരിയെ ഡൽഹി വനിതാ കമ്മിഷൻ മോചിപ്പിച്ചു. തന്‍റെ വൃദ്ധമാതാവിനെ ഭാര്യ ബന്ദിയാക്കി പീഡിപ്പിക്കുകയാണെന്ന് മകൻ ടെലിഫോണിലൂടെ പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു കമ്മിഷന്‍റെ ഇടപെടൽ. അമ്മ തീർത്തും അവശയാണെന്നും എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും യുവാവ് പരാതിപ്പെട്ടിരുന്നു.
വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്കുള്ളിൽത്തന്നെ തങ്ങളുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചെന്നും മൂന്നു മാസമായി തനിക്ക് അമ്മയെ കാണാൻ പോലും കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു പരാതി. പല തവണ പൊലീസിന്‍റെ സഹായം തേടിയിരുന്നെങ്കിലും വീട്ടിനകത്തേക്കു കടക്കാൻ ഭാര്യ അനുവദിച്ചിരുന്നില്ല. പരാതി ലഭിച്ച് ഉടൻ തന്നെ സ്ഥലത്തെത്തിയ വനിതാ കമ്മിഷൻ പ്രതിനിധികളെയും വീട്ടിനകത്തു കയറാൻ യുവതി അനുവദിച്ചില്ല. മാതാവിനെ കൊണ്ടുപോകാൻ അനുവദിച്ചാൽ പിന്നെ ഒരിക്കലും തിരികെ വരില്ലെന്ന് ഭർത്താവ് എഴുതി ഒപ്പിട്ടു നൽകണമെന്ന യുവതിയുടെ ആവശ്യം അംഗീകരിച്ച ശേഷം മാത്രമാണ് കമ്മിഷൻ അംഗങ്ങൾക്കു വീട്ടിൽ പ്രവേശിക്കാനായത്.
ഒരു മുറിയിൽ പേരിനുമാത്രം വസ്ത്രം ധരിച്ച് ദയനീയാവസ്ഥയിലായിരുന്ന വയോധികയെ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഒരു ബക്കറ്റ് മാത്രമാണ് ഇവർക്കു നൽകിയിരുന്നത്. മകന്‍റെ പരിചരണത്തിൽ ആശുപത്രിയിലുള്ള സ്ത്രീ സുഖം പ്രാപിച്ചു വരുന്നതായി വനിതാ കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.