ന്യൂഡൽഹി∙ തിങ്കളാഴ്ച രാവിലെ മുതൽ രാജ്യതലസ്ഥാനം ശക്തമായ പുകമഞ്ഞിന്റെ പിടിയിൽ. ഇതോടെ ന്യൂഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് ആപത്കരമായ രീതിയിൽ ഉയർന്നു. വായു ഗുണനിലവാര സൂചിക പ്രകാരം മന്ദിർ മാർഗ്, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, മേജര്‍ ധ്യാൻചന്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലെല്ലാം മലിനീകരണ തോത് ഉയർന്നു.
തിങ്കളാഴ്ച മുതല്‍ ഡൽഹിയിലെ അന്തരീക്ഷം കൂടുതൽ മോശമാകുമെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ഫോർകാസ്റ്റിങ് ആൻഡ് റിസർച് ശനിയാഴ്ച തന്നെ പ്രവചിച്ചിരുന്നു. എക്യുഐ തോതില്‍ 0 മുതല്‍ 50 വരെ– നല്ലത്, 51–100 തൃപ്തികരം, 101–200 തീക്ഷ്ണത കുറഞ്ഞത്, 201– 300 മോശം, 301–400 വളരെ മോശം, 401–500 അസഹനീയം എന്നിങ്ങനെയാണു കണക്ക്. അന്തരീക്ഷം മോശമായി തുടരുന്നതിനാൽ ഡൽഹിയിലെ സ്കൂളുകളിൽ രാവിലെ ഉള്ള അസംബ്ലികളെല്ലാം കെട്ടിടങ്ങള്‍ക്ക് അകത്തേക്കു മാറ്റി. പുറത്തേക്കു പോകുന്ന സമയങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിനു കർശന നിർദേശമാണു നൽകിയിട്ടുള്ളത്.
എൻസിആർ മേഖലയിലെ ചില സ്കൂളുകളിൽ വിദ്യാർഥികൾക്കു നെല്ലിക്ക വിതരണവും നടത്തുന്നുണ്ട്. മലിനീകരണം ശ്വാസകോശത്തെ ബാധിക്കുന്നത് ഇതിലൂടെ തടയാനാകുമെന്ന വിദഗ്ധരുടെ നിർദേശത്തെ തുടർന്നാണിത്. മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുള്ള പരിശോധന നവംബർ പത്തുവരെ കർശനമാക്കാൻ ട്രാഫിക് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഖനനം ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങള്‍ക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.