അക്രമങ്ങൾ അകന്നു നിന്ന് ഛത്തീസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ്; പോളിങ് 70%

റായ്പൂർ∙ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 70 ശതമാനം പോളിങ്. എന്നാൽ ഇതിൽ മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥനായ ഉമേഷ് സിൻഹ പറഞ്ഞു. തിരഞ്ഞെടുപ്പിനിടെ ഒരു ശതമാനം മാത്രം വോട്ടിങ് യന്ത്രങ്ങളും 1.9 ശതമാനം വിവിപാറ്റ് യന്ത്രങ്ങളുമാണു മാറ്റേണ്ടിവന്നതെന്നും കമ്മിഷൻ അറിയിച്ചു. 

അതേസമയം തിരഞ്ഞെടുപ്പിനിടെ ഛത്തീസ്ഗഡ് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് ഗണറാം സാഹു ബിജെപിയിൽ ചേർന്നു. ഞായറാഴ്ച കോൺഗ്രസ് വിട്ട സാഹു ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേർന്നത്. 2013ൽ 18 മണ്ഡലങ്ങളിൽ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ആകെ വോട്ടിങ് ശതമാനം 67 ആയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ രാജ്നന്ദൻഗാവിൽ 79% ആയിരുന്നു 2013ലെ പോളിങ്. പ്രശ്നബാധിതമായ ബിജാപുർ ജില്ലയിൽ ഏറ്റവും കുറവ് പോളിങ്ങും അന്നു രേഖപ്പെടുത്തി– 24%

മാവോയിസ്റ്റുകളുടെ ശക്തമായ ഭീഷണിക്കും ആക്രമണങ്ങൾക്കുമിടയിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയാക്കിയത്.സുക്മയിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു. ഇവരിൽ നിന്ന് രണ്ട് തോക്കുകളും പിടിച്ചെടുത്തു. ബിജാപുറിലെ പാമെഡ് മേഖലയിൽ 12.20 ഓടെയുണ്ടായ സ്ഫോടനത്തിൽ കോബ്ര കമാൻഡിലെ രണ്ട് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ബന്ധയിലെ കോണ്ഡയിൽ പോളിങ് സ്റ്റേഷനിൽനിന്ന് ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) കണ്ടെത്തി. ഇതേത്തുടർന്ന് വോട്ടെടുപ്പ് പുറത്ത് ഒരു മരച്ചുവട്ടിലേക്കു മാറ്റി. കോണ്ഡയിൽനിന്ന് മൂന്ന് ഐഇടികളാണ് സിആർപിഎഫിന്റെ ബോംബ് സ്ക്വാഡ് കണ്ടെത്തിയത്. നവംബർ 20നാണ് ഛത്തീസ്ഗഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ്.

ഛത്തീസ്ഗഡിലെ ആദ്യഘട്ട വോട്ടെടുപ്പിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.