നെൽവയൽ നികത്തൽ: തോമസ് ചാണ്ടിയുടെ അപ്പീൽ സർക്കാർ തള്ളി

കൊച്ചി∙ വയൽ നികത്തൽ സാധൂകരിക്കാൻ മുൻ മന്ത്രി തോമസ് ചാണ്ടി നൽകിയ അപ്പീൽ സർക്കാർ തള്ളി. കൃഷി വകുപ്പാണ് അപ്പീൽ തള്ളിയത്. റിസോർട്ടിനു വേണ്ടി നികത്തിയ സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നായിരുന്നു മുൻ ആലപ്പുഴ കലക്ടർ ടി..വി. അനുപമയുടെ ഉത്തരവ്. ഇതിനെതിരെയാണ് തോമസ് ചാണ്ടി അപ്പീൽ സമർപ്പിച്ചത്. നെൽവയൽ, നീർത്തട സംരക്ഷണ നിയമപ്രകാരം പൂർവസ്ഥിതിയിലാക്കാനാണു കലക്ടർ ആവശ്യപ്പെട്ടത്. 

ലേക്ക് പാലസ് റിസോർട്ടിൽ ഭൂമി കയ്യേറി നിർമിച്ച പാർക്കിങ് ഗ്രൗണ്ടിലെ മണ്ണു നീക്കം ചെയ്യണമെന്നു കാർഷികോത്പാദന കമ്മിഷണർ നിർദേശിച്ചു. ഇതിനായി പൊലീസ് സംരക്ഷണം നൽകണമെന്നും കമ്മിഷണർ ഉത്തരവിൽ പറഞ്ഞു.