Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ ഇടപാടിൽ അഴിമതി നടന്നതായി പ്രധാനമന്ത്രി മോദി സമ്മതിച്ചു: രാഹുൽ

Rahul Gandhi രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ റഫാൽ ഇടപാടിൽ അഴിമതി നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീംകോടതിയിൽ സമ്മതിച്ചെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിദേശ സർക്കാരുമായി ധാരണയുണ്ടാക്കിയശേഷം മാത്രമാണ് റഫാൽ ഇടപാടിനെപ്പറ്റി മൂന്ന് സേനാ മേധാവികളും അറിഞ്ഞതെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് മോദിയെ രാഹുൽ കടന്നാക്രമിച്ചത്.

ഫ്രാൻസിൽനിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച വിവരങ്ങളടങ്ങിയ 14 പേജ് രേഖ തിങ്കളാഴ്ച കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നൽകിയിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണു റഫാൽ കരാർ ഒപ്പുവച്ചതെന്ന് സുപ്രീംകോടതി നിർദേശപ്രകാരം ഹർജിക്കാർക്കു ലഭ്യമാക്കിയ രേഖയിൽ കേന്ദ്രം അവകാശപ്പെട്ടു. എന്നാൽ, വ്യോമസേനയോടു ചോദിക്കാതെ കരാറിൽ മാറ്റം വരുത്തിയ മോദി 30,000 കോടി അനിൽ അംബാനിയുടെ പോക്കറ്റിൽ വച്ചു കൊടുത്തെന്നു രാഹുൽ ആരോപിച്ചു.

36 റഫാൽ വിമാനങ്ങൾ ഉടനെ വാങ്ങുന്നതു സംബന്ധിച്ചു പുതിയ കരാറുണ്ടാക്കുന്നതിനു തീരുമാനിച്ചതായി ഇന്ത്യ, ഫ്രഞ്ച് സർക്കാരുകൾ 2015 ഏപ്രിൽ 10നാണ് സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. എന്നാൽ, ഇതിന് 2015 മേയ് 13നാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയത്. വിദേശ സർക്കാരുമായി ധാരണയുണ്ടാക്കിയശേഷം മാത്രമാണ് വിഷയം 3 സേനകളുടെയും മേധാവികളും പ്രതിരോധ സെക്രട്ടറിയും മറ്റും അംഗങ്ങളായ കൗൺസിലിന്റെ പരിഗണനയ്ക്കു വരുന്നതെന്നും സർക്കാർ രേഖകളിൽ സൂചനയുണ്ട്.