ആലപ്പുഴ ∙ ശബരിമല യുവതീപ്രവേശവിധിയുമായി ബന്ധപ്പെട്ടു ഹർജിയുമായി സുപ്രീംകോടതിയിൽ എത്തിയവർക്കു സന്തോഷിക്കാവുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോലാഹലങ്ങൾ അവസാനിപ്പിച്ചു ജനുവരി 22ലെ സുപ്രീംകോടതി നടപടികളിലേക്ക് എല്ലാവരും കടക്കണമെന്നാണു യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ തന്റെ അഭിപ്രായം. സർക്കാർ പുനഃപരിശോധനാ ഹർജി നൽകാത്തതു ശരിയായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരും പാർട്ടിക്കാരുമെല്ലാം മര്യാദ കാണിക്കണം. വിധിയുണ്ടെങ്കിലും ഇല്ലെങ്കിലും യുവതികൾ ശബരിമലയിലേക്കു പോകില്ല എന്നാണു തന്റെ നിലപാട്. ഇതു നേരത്തേയും വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിൽ സർക്കാർ കർശന നിലപാട് എടുത്തെന്നു പറയുന്നവർ അവിടെ നടന്ന മറ്റു സംഭവങ്ങളെക്കുറിച്ചു പ്രതികരിക്കണം. സർക്കാരിനു കർശന നിലപാട് എടുക്കേണ്ടി വന്നതാണ്. എന്തുകൊണ്ടു നിയന്ത്രണം വേണ്ടി വന്നു എന്നു ചിന്തിക്കണം. പിണറായി വിജയൻ ചെയ്യുന്നതെല്ലാം തെറ്റായി വ്യാഖ്യാനിക്കാം. എന്നാൽ മറ്റു സാഹചര്യങ്ങളും മനസ്സിലാക്കണം. വെള്ളാപ്പള്ളി പറഞ്ഞു.