ന്യൂഡൽഹി∙ രാഷ്ട്രനിര്‍മാണത്തിനു നേതൃത്വം നല്‍കിയ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പൈതൃകം ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നു കോൺഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ‘നെഹ്റു: ദി ഇൻവെൻഷൻ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരിച്ച പതിപ്പ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അവർ. ‘ഇന്ത്യൻ ജനാധിപത്യത്തെ ഏകീകരിച്ച് ഇന്ത്യയുടെ ഭരണസംവിധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ഉറപ്പിക്കുകയുമായിരുന്നു നെഹ്റു ചെയ്തത് – ആ മൂല്യങ്ങളാണ് ഇന്നു നമ്മൾ അഭിമാനത്തോടെ പറയുന്നവ’ – അവർ കൂട്ടിച്ചേർത്തു.
‘ജനാധിപത്യത്തെ ശക്തിപ്പെടുത്തി, മതനിരപേക്ഷത ഉറപ്പാക്കി, ചേരിചേരാനയത്തിന് അനുസൃതമായി സാമ്പത്തിക, വിദേശകാര്യ നയങ്ങൾ രൂപപ്പെടുത്തി ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇതാണു നെഹ്റുവിയനിസം. ഇന്ത്യ എന്നതിന്റെ അടിസ്ഥാന കാഴ്പ്പാടാണ് ഇവ. ഈ കാഴ്ചപ്പാടാണ് ഇപ്പോൾ വെല്ലുവിളിക്കപ്പെടുന്നതും. ഈ പാരമ്പര്യമാണ് ദിവസേന ഭരണകർത്താക്കൾ ഇല്ലായ്മ ചെയ്യാൻ നോക്കുന്നത്. എല്ലാത്തരത്തിലും നെഹ്റുവിനെ അധിക്ഷേപിക്കാനാണ് അവരുടെ ശ്രമം. ജനാധിപത്യത്തെ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചേ പറ്റൂ.’ – അവർ കൂട്ടിച്ചേർത്തു.
ക്രിയാത്മകമായ വിമർശനങ്ങളെ നെഹ്റു പ്രോത്സാഹിപ്പിച്ചിരുന്നതായി തരൂർ വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ നെഹ്റു പരിശ്രമിച്ചു. ഒരിക്കൽ ഒരു അമേരിക്കൻ പത്രാധിപർ അദ്ദേഹത്തോട് തന്റെ പാരമ്പര്യം എങ്ങനെ വേണമെന്ന് ചോദിച്ചപ്പോൾ ‘330 മില്യൺ ജനങ്ങൾ സ്വയംഭരണത്തിന് പ്രാപ്തരാകണം’ എന്നതായിരുന്നു നെഹ്റുവിന്റെ മറുപടി. നമുക്ക് ഇന്ന് ഒരു ചായക്കടക്കാരൻ പ്രധാനമന്ത്രിയായി. ഇതിനു കാരണം നെഹ്റു സ്ഥാപിച്ച സംവിധാനങ്ങളാണ്. ഇതുവഴി ആർക്കുവേണമെങ്കിലും രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്താം – തരൂർ വ്യക്തമാക്കി.