തിരുവനന്തപുരം∙ ശബരിമല വിഷയം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ യുഡിഎഫിൽ തീരുമാനം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയടക്കം നിലപാടുകൾ തള്ളിയാണ് മുന്നണി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിച്ചതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മുന്‍പ് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പുച്ഛിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്നാല്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഘടകകക്ഷികള്‍ നിലപാടെടുത്തു. സമാധാനം തകര്‍ക്കുന്ന ഒന്നും ശബരിമലയില്‍ ഉണ്ടാകരുതെന്ന് ആവശ്യപ്പെടാനാണു യുഡിഎഫിന്റെ തീരുമാനം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തിലയും തമ്മില്‍ വിഷയം ഫോണില്‍ സംസാരിച്ചിരുന്നു.
ദേവസ്വം ബോര്‍ഡും പന്തളം കൊട്ടാരവും തന്ത്രിയുമായി പ്രത്യേക ചര്‍ച്ച
ദേവസ്വം ബോര്‍ഡും പന്തളം കൊട്ടാരവും തന്ത്രി കുടുംബത്തിലെ പ്രതിനിധിയും ഉള്‍പ്പെടുന്ന പ്രത്യേക ചര്‍ച്ചയും വിളിച്ചിട്ടുണ്ട്. ശബരിമലയില്‍ ആചാരലംഘനം പാടില്ലെന്ന നിലപാട് സര്‍ക്കാരിനെ അറിയിക്കും. സര്‍വകക്ഷിയോഗത്തിനുശേഷം വൈകിട്ട് മൂന്നരയ്ക്കാണ് ചര്‍ച്ച.
എന്‍എസ്എസിനെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകാനുള്ള ചര്‍ച്ചകളാണു സര്‍ക്കാരിനുള്ളില്‍ നടക്കുന്നത്. സമവായത്തിന് എന്‍എസ്എസും തയാറാണെന്ന സൂചനകളാണു പുറത്തുവരുന്നത്. ശബരിമലയിലെ ആചാരങ്ങള്‍ക്കു തടസമുണ്ടാകാത്ത തരത്തില്‍ സര്‍ക്കാര്‍ വിവേകപൂര്‍വമായ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു.
പുനഃപരിശോധന, റിട്ട് ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനമെടുത്തതിനു പിന്നാലെയാണു സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. സുപ്രീംകോടതി നിലപാടു പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ആശയവിനിമയം നടത്തിയതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിട്ടായിരുന്നു.
മുമ്പു സുപ്രീം കോടതി വിധി വന്നപ്പോൾ തന്നെ പ്രതിപക്ഷം ഈ ആവശ്യം മുന്നോട്ടുവച്ചെങ്കിലും സർക്കാർ തള്ളുകയായിരുന്നു. ഇതെക്കുറിച്ച് ആലോചിക്കുന്നുവെന്നു കഴിഞ്ഞദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞപ്പോൾ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുത്തിയിരുന്നു.