തിരുവനന്തപുരം∙ അയ്യപ്പദർശനത്തിനായി കേരളത്തിലെത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്ന് പൊലീസ്. സന്നിധാനത്തെത്തുന്ന എല്ലാ തീർഥാടകർക്കുമുള്ള പരിരക്ഷ മാത്രമേ നൽകുകയുള്ളൂ. തൃപ്തി ദേശായിയുടെ കത്തിന് മറുപടി നൽകില്ലെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച ദർശനം നടത്തുന്നതിനായി നാളെ കൊച്ചിയിൽ എത്താനാണ് തൃപ്തിയുടെ തീരുമാനം.
ഭൂമാതാ ബ്രിഗേഡിലെ ആറു സ്ത്രീകള്‍ക്കൊപ്പം ദര്‍ശനത്തിനെത്തുന്ന തനിക്ക് സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സര്‍ക്കാര്‍ ഒരുക്കണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. ചെലവുകൾ വഹിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സർക്കാരിന് ഇവർ കത്തയച്ചിരുന്നു. സമാനമായ സന്ദേശം പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കും അയച്ചിട്ടുണ്ട്.
മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ശനി ഷിഗ്ണാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദർഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധ നേടിയത്. ഇതിനിടെ, മണ്ഡല–മകരവിളക്കു കാലത്തു ശബരിമലയിൽ ദർശനത്തിനായി ഓൺലൈനിൽ റജിസ്റ്റർ ചെയ്ത യുവതികളുടെ എണ്ണം 800 ആയി. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ.