Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ സുരക്ഷാകവചമൊരുക്കാൻ 15,259 പൊലീ‌സുകാർ; 920 വനിതകൾ

police-at-sabarimala പമ്പയിൽ സുരക്ഷയ്ക്കായി നിയോഗിച്ച വനിതാ പൊലീസ് അംഗങ്ങൾ. – ഫയൽ ചിത്രം.

തിരുവനന്തപുരം∙ ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ 15,259 പൊലീസുകാര്‍. ഡിഐജി മുതല്‍ എഡിജി.പി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്. നാലു ഘട്ടങ്ങളുളള ഈ സീസണില്‍ എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാചുമതലകള്‍ക്കായി ഉണ്ടാകും. 

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. അക്രമവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിക്ക് 1.25 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിഎംഡി അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്.

ഡിവൈഎസ്പി തലത്തില്‍ 113 പേരും ഇന്‍സ്പെക്ടര്‍ തലത്തില്‍ 359 പേരും എസ്ഐ തലത്തില്‍ 1,450 പേരും ശബരിമലയിൽ ഡ്യൂട്ടിയില്‍ ഉണ്ടാകും. 12,562 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവരെയും നിയോഗിച്ചു. കൂടാതെ 920 വനിതാ പൊലീസുകാരും ശബരിമലയിൽ സുരക്ഷയ്ക്കായി എത്തും (വനിത സിഐ, എസ്ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ - സിവില്‍ പൊലീസ് ഓഫിസര്‍മാരും). മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതായും സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. 

നവംബര്‍ 15 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ 3,450 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്.  കൂടാതെ എസ്ഐ തലത്തില്‍ 349 പേരും സിഐ തലത്തില്‍ 82 പേരും ഡിവൈഎസ്പി തലത്തില്‍ 24 പേരും ഡ്യൂട്ടിയിലുണ്ടാകും.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3,400 പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷക്കുണ്ടാകും. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്ഐ തലത്തില്‍ 312 പേരും സിഐ തലത്തില്‍ 92 പേരും ഡിവൈഎസ്പി തലത്തില്‍ 26 പേരും ചുമതലകള്‍ നിര്‍വഹിക്കും.

ഡിസംബര്‍ 14 മുതല്‍ 29 വരെയുളള മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. എസ്ഐ തലത്തില്‍ 389 പേരും സിഐ തലത്തില്‍ 90 പേരും ഡിവൈഎസ്പി തലത്തില്‍ 29 പേരും ഡ്യൂട്ടിയിലുണ്ടാകും. 

ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 4,383 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. എസ്ഐ തലത്തില്‍ 400 പേരും സിഐ തലത്തില്‍ 95 പേരും ഡിവൈഎസ്പി തലത്തില്‍ 34 പേരും ഡ്യൂട്ടിയിലുണ്ടാകും. 

ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പൊലീസ് കമാന്‍ഡോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചു.  20 അംഗങ്ങളുളള മറ്റൊരു കമാന്‍ഡോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏതു സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്‍റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പൊലീസിന്‍റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചു. 

റാപ്പിഡ് ആക്‌ഷന്‍ ഫോഴ്സിന്‍റെ രണ്ടു കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്‍റെ രണ്ടു സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇന്‍സ്പെക്ടറും രണ്ടു വനിതാ സബ് ഇന്‍സ്പെക്ടര്‍മാരും 30 വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരും അടങ്ങുന്ന കര്‍ണാടക പൊലീസിന്‍റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.