Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിശ്വാസികളായ സ്ത്രീകളെ മലകയറ്റാൻ സർക്കാർ സ്പോൺസർഷിപ്പ്: കെ.മുരളീധരൻ

നിഖിൽ സ്കറിയ കോര

ശബരിമല വിഷയം ആരും രാഷ്ട്രീയപരമായി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും ഐക്യത്തോടെ പോയില്ലെങ്കിൽ കോൺഗ്രസ് പാർട്ടി നശിക്കുമെന്നും കെ.മുരളീധരൻ എംഎൽഎ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജി.രാമൻ നായർ പോയതു കൊണ്ട് കോൺഗ്രസിനു നഷ്ടമുണ്ടാകില്ലെന്നും ബിജെപിക്ക് അതിലൂടെ ഗുണം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ ഓൺലൈൻ പ്രത്യേക അഭിമുഖ പരമ്പര മറുപുറത്തിലാണ് മുരളീധരന്റെ വെളിപ്പെടുത്തൽ.

ശബരിമല വിഷയത്തിൽ കേരളത്തിൽ ബിജെപി നേട്ടം കൊയ്യുമോ?

ശബരിമല വിഷയം ഒരിക്കലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്. വിശ്വാസികളുടെ വിശ്വാസമാണ് ഏറ്റവും പ്രധാനം. ആചാരങ്ങളും അനുഷ്ഠാനങ്ങളും വർഷങ്ങളായി നിലനിൽക്കുന്നതാണ്. ആചാരങ്ങളും അനാചാരങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ശബരിമലയിൽ അനാചാരം ഇല്ല. ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് നിയന്ത്രണം മാത്രമേ ഉള്ളൂ. വർഷങ്ങളായി നിലനിൽക്കുന്ന ആചാരമാണ് അത്. അതിനെ ഹനിക്കുന്ന പ്രവർത്തനം ഉണ്ടാകുന്നത് ശരിയല്ല എന്നതാണ് യുഡിഎഫും കോൺഗ്രസും എല്ലാകാലത്തും എടുത്ത നിലപാട്.

ആ നിലപാട് അനുസരിച്ചാണ് ഉമ്മൻചാണ്ടി സർക്കാർ നിലവിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിപാലിക്കണമെന്ന് 2016–ൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. അത് എൽഡിഎഫ് സർക്കാർ പിൻവലിച്ച് എല്ലാവർക്കും പ്രവേശനം നൽകണമെന്ന ശാഠ്യം പിടിക്കുകയും അങ്ങനെ അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. ആ വിധി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും മനസിലാക്കാതെ ഏകപക്ഷീയമായി സർക്കാരിന്റെ അഭിപ്രായങ്ങൾ‌ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിന്റെ അനന്തരഫലമായിട്ടാണ് ശബരിമലയിൽ നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. 

വിശ്വാസികളല്ലാത്ത സ്ത്രീകളെ സർക്കാർ തന്നെ സ്പോൺസർ ചെയ്ത് മലകയറ്റുന്ന പ്രവണതയാണ് കാണാൻ കഴിയുന്നത്. ഇതെല്ലാം സർക്കാർ ഉണ്ടാക്കിയ കുഴപ്പങ്ങളാണ്. കോടതി വിധി നടപ്പാക്കുന്നതിന് മുമ്പ് എല്ലാ രാഷ്ട്രീയപാർട്ടികളുടെയും അഭിപ്രായം ചോദിക്കാൻ മുഖ്യമന്ത്രി തയാറായില്ല. എത്രയോ കോടതിവിധികൾ നടപ്പാക്കാതെ കോൾഡ് സ്റ്റോറേജിൽ വച്ചിരിക്കുമ്പോൾ ശബരിമലയിൽ മാത്രം പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ കയറ്റിയെ തീരു എന്നുള്ള നിലപാട് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. അതിനെയാണ് ഞങ്ങൾ എതിർക്കുന്നത്.

വിശ്വാസികളുടെ വിശ്വാസങ്ങൾ പരിപാലിക്കണം. ശബരിമലയുടെ മാത്രമല്ല കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ‘നവകേരളം’ എന്നു പറഞ്ഞ പുസ്തകത്തിൽ ‘കുമ്പസരിക്കാൻ പാടില്ല’ എന്ന് കേരളത്തിലെ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്ന ഒരു ഭാഗം ഉണ്ട്. ഇത് ഒരു മതത്തിന് എതിരായിട്ടല്ല എല്ലാ മതത്തിനെയും ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. സുന്നി പള്ളികളിൽ സ്ത്രീകളെ കയറ്റാൻ ഈ സർക്കാർ തന്നെയാണ് ശ്രമിക്കുന്നത്. ഇത് ഒരു മതത്തിന് എതിരായിട്ടല്ല. മുഖ്യമന്ത്രി ശ്രമിക്കുന്നത് മതങ്ങളെ തമ്മിൽ അടിപ്പിക്കാനാണ്. 

ശബരിമല വിഷയത്തിൽ രാഹുൽഗാന്ധിയുടെ നിലപാടിനോട് കേരളത്തിലെ കോൺഗ്രസ് ഇപ്പോഴും വിയോജിക്കുന്നത് എന്തു കൊണ്ടാണ്?

ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്. ആ ആചാരങ്ങൾ ഹനിക്കപ്പെടരുത് എന്ന കാര്യത്തിൽ എല്ലാ കാലത്തും അഖിലേന്ത്യ തലത്തിൽ കേരളത്തിലെ കോൺഗ്രസിന് ഒരേ നിലപാടാണ്. അഖിലേന്ത്യ തലത്തിൽ സ്ത്രീകൾക്ക് തുല്യപ്രാധാന്യം കൊടുക്കുന്ന രീതിയാണ് കോൺഗ്രസിന് ഉള്ളത്. പക്ഷേ ശബരിമലയുടെ കാര്യത്തിൽ സ്ത്രീകളുടെ സമത്വത്തിന് ഒരു കുഴപ്പവും ഇല്ല. അതുകൊണ്ടാണ് ഈ വിഷയത്തിൽ കേരളത്തിന് ഉചിതമായ രീതിയിൽ തീരുമാനമെടുക്കാൻ ദേശീയ നേതൃത്വം അനുമതി നൽകിയത്.

ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ച പാർട്ടിയാണ് കോൺഗ്രസ്. അതേ കോൺഗ്രസ് തന്നെ സുപ്രീം കോടതി വിധി അംഗീകരിക്കാതിരിക്കുന്നത് ശരിയാണോ ?

മതങ്ങളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കോടതി ഇടപെടുന്നത് ശരിയല്ല. കോടതിക്കും പരിമിതികളുണ്ട്. നിയമം തെറ്റായി വ്യാഖ്യാനിച്ചാൽ അല്ലെങ്കിൽ മതങ്ങൾ തമ്മിൽ സ്പർധയുണ്ടായാൽ കോടതിക്ക് ഇടപെടാം. ഇവിടെ വർഷങ്ങളായിട്ടുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട ചുമതലയാണ് കോടതിക്കുള്ളത്. ദൗർഭാഗ്യവശാൽ ഈ വിധി ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാത്ത ഒരു വിധി ആയതുകൊണ്ടാണ് റിവ്യൂ പെറ്റീഷൻ ഉൾപ്പെടെയുള്ളവുമായി കോൺഗ്രസ് പാർട്ടി രംഗത്ത് വന്നത്.

വിധിയെ അംഗീകരിക്കുന്ന വി.ടി.ബൽറാമിനെ പോലെയുള്ളവർ ഇപ്പോഴും കോൺഗ്രസിലുണ്ടല്ലോ ?

ഒറ്റപ്പെട്ട ചില വ്യക്തികൾക്ക് ചില അഭിപ്രായങ്ങൾ ഉണ്ടാകും. പക്ഷേ പാർട്ടി എടുക്കുന്നത് കൂട്ടായ തീരുമാനം ആണ്. കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതിയാണ് ഏറ്റവും സുപ്രീം ആയ സമിതി. ആ സമിതി കൂട്ടായി  ഐകകണ്ഠ്യേന എടുത്ത തീരുമാനം ആണ് പാർട്ടി ഇപ്പോൾ നടപ്പാക്കുന്നത്. ആ കാര്യത്തിൽ പാർട്ടിക്ക് അശേഷം അഭിപ്രായ വ്യത്യാസമില്ല. ബൽറാം നടത്തിയ പരാമർശത്തിന് കെപിസിസി പ്രസിഡന്റ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 

ജി. രാമൻനായർക്കു പിന്നാലെ ഒരുപാട് നേതാക്കൾ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തും എന്നാണ് പറയപ്പെടുന്നത്. ശരിയാണോ ?

ഞങ്ങൾക്ക് ആ കാര്യത്തിൽ അശേഷം പേടിയില്ല. കാരണം ഒരുപാടു നേതാക്കൾ വരുമെന്ന് പറഞ്ഞവർക്ക് രാമൻ നായരെ മാത്രമേ കിട്ടിയുള്ളൂ. രാമൻ നായർ കുറേ നാളുകളായിട്ട് ഈ ഫീൽഡിൽ ഇല്ലാത്ത ആളാണ്. കെപിസിസി എക്സിക്യൂട്ടീവിൽ ഉണ്ടെന്നു പറയുന്നു. കുറേ കാലമായി എക്സിക്യൂട്ടീവിൽ ഒന്നും കാണാറില്ല. രാമൻ നായർ പോകുന്നതു കൊണ്ട് ഞങ്ങൾക്ക് ഒരു നഷ്ടവുമില്ല. അതുകൊണ്ട് ഒരു ലാഭവും ബിജെപിക്ക് കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല. രാമൻനായരെ കിട്ടിയതുകൊണ്ട് 10 വോട്ട് പോലും കൂടുതൽ കിട്ടില്ല. 

കേരളത്തിലെ കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രവർത്തനത്തിൽ താങ്കൾ സംതൃപ്തനാണോ ?

പുതിയ കെപിസിസി നേതൃത്വം വന്നതിനുശേഷം  പ്രവർത്തകരിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. അതുപോലെതന്നെ ബ്രൂവറി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അഴിമതികൾ‌ പുറത്തുകൊണ്ടുവരാൻ പ്രതിപക്ഷത്തിനു കഴിഞ്ഞു‌. സാലറി ചാലഞ്ചിൽ സർക്കാർ ജീവനക്കാരെ കൊള്ളയടിക്കാൻ ശ്രമച്ചതിനെ പ്രതിരോധിക്കാൻ കഴിഞ്ഞു.

അടുത്ത കാലത്തെ സംസ്ഥാന സർക്കാരിന്റെ ഭരണം സമ്പൂർണ പരാജയമാണെന്ന് ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു മാസത്തെ പ്രവർത്തനങ്ങളിൽ ഞങ്ങൾക്ക് സമ്പൂർണ തൃപ്തിയാണുള്ളത്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം– ബിജെപി വെല്ലുവിളികൾ നേരിടാൻ കോൺഗ്രസ് എന്ത് നടപടികളാണ് എടുക്കുന്നത് ?

കോൺഗ്രസിന്റെ താഴേതട്ടുമുതൽ പ്രവർത്തനം ശക്തിപ്പെടുത്തുക എന്നുള്ളതാണ് ആദ്യത്തെ അജൻഡ. അത് പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ തന്നെ 80% ബൂത്തുകളും  സജ്ജീകരിച്ചു കഴിഞ്ഞു. രണ്ടാമത്തെ ഘട്ടം എന്നു പറയുന്നത് പാർ‌ട്ടിയുടെ ആശയം ജനങ്ങളിൽ എത്തിക്കുക എന്നതാണ്.

ലോക്സഭാ തിരഞ്ഞെടുപ്പാണ് വരുന്നത്. കേന്ദ്ര സർക്കാരിന്റെ ഭരണ പരാജയങ്ങൾ, അഴിമതികൾ, സ്വജനപക്ഷപാതം, രാജ്യത്തുണ്ടായ മതേതരത്വത്തിന് നേരിട്ട വെല്ലുവിളി ഇതുപോലുള്ള കാര്യങ്ങളിൽ ശക്തമായ പ്രചരണം നടത്താനും ഇന്ത്യയുടെ അന്തസ്സും അഭിമാനവും വീണ്ടെടുക്കാനും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു മതേതര ഗവൺമെന്റ് ഈ രാജ്യത്ത് ഉണ്ടാകേണ്ട ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉള്ള പ്രവർത്തനങ്ങൾക്കാണ് ഞങ്ങൾ നേതൃത്വം നൽകുന്നത്.

പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത് ചെറുപ്പക്കാരുടെ ഇടയിൽ  സോഷ്യൽ മീഡിയയ്ക്കും സ്ഥാനമുണ്ട് . അതുൾപ്പെടെയുള്ള മാധ്യമങ്ങളുടെ സഹകരണത്തോടുകൂടെ പാർട്ടി സന്ദേശം ജനങ്ങളിൽ എത്തിച്ച് നല്ല റിസൽട്ട് കേരളത്തിൽ ഉണ്ടാക്കുക. ആ ലക്ഷ്യവുമായിട്ടാണ് പാർട്ടി മുന്നോട്ട് പോകുന്നത്. 

ഉമ്മൻ ചാണ്ടിയെ ദേശീയ നേതൃത്വത്തിലേക്ക് മാറ്റിയത് കേരളത്തിലെ കോണ‍്ഗ്രസിനെ ബാധിച്ചിട്ടുണ്ടോ?

അത്യാവശ്യ ഘട്ടങ്ങളിലൊക്കെ കേരളത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഒരു ടീം ആയിട്ടാണ് മുന്നോട്ട് നീങ്ങുന്നത്. അതുകൊണ്ട് കൂട്ടായ നേതൃത്വം പാ‍ർട്ടിയുടെ എല്ലാ ഭാഗങ്ങളിലും കാണാൻ കഴിയും.

കോൺഗ്രസിൽ ഇപ്പോഴും ഗ്രൂപ്പു രാഷ്ട്രീയം സജീവമല്ലേ?

പഴയ കാലത്തെ സ്ഥിതികൾ വച്ച് നോക്കിയാൽ ഗ്രൂപ്പ് പ്രവർത്തനം വളരെ കുറവാണ്. പിന്നെ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമേ ഉള്ളൂ. അതൊന്നും പാർട്ടി പ്രവർത്തനങ്ങളെ ബാധിക്കില്ല.

താങ്കൾക്ക് ഗ്രൂപ്പുണ്ടോ?

കെ. കരുണാകരൻ ഉണ്ടാക്കിയ ഗ്രൂപ്പാണ് കേരളത്തിലെ ഐ ഗ്രൂപ്പ്‌. ആ ഐ ഗ്രൂപ്പിൽ തന്നെയാണ് ഞങ്ങളൊക്കെ നിൽക്കുന്നത്. ഗ്രൂപ്പിന്റെ പേരിൽ തർക്കിക്കാനുള്ള സമയമല്ല ഇത്. പാർലമെന്റ് ഇലക്‌ഷൻ പടിവാതിക്കൽ നിൽക്കുമ്പോൾ ഗ്രൂപ്പിന്റെ പേരിൽ തർക്കിക്കേണ്ട കാര്യം ഞങ്ങൾക്കില്ല. 

ചാരക്കേസ് വിധി വന്നപ്പോൾ പോലും കൂടുതൽ വെളിപ്പെടുത്തൽ നടത്തി പാർട്ടിയുടെ അനാരോഗ്യം വഷളാക്കാനില്ല എന്ന നിലപാട് താങ്കൾ എന്തുകൊണ്ടാണ് സ്വീകരിച്ചത് ?

പഴയകാലം പോലെയല്ല. ശക്തമായ ത്രികോണ മത്സരമാണ് കോൺഗ്രസ് നേരിടുന്നത്. മുമ്പ് യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് എന്നായിരുന്നു. ഇന്ന് അത് മാറി. ബിജെപിയുടെ നുണപ്രചരണങ്ങൾ ശക്തമായി ഒരുഭാഗത്ത് വരുന്നു. അവരെ സഹായിക്കാൻ കേന്ദ്ര ഗവൺമെന്റ് ഉണ്ട്. രണ്ട് ശത്രുക്കളെ നേരിടേണ്ട അവസ്ഥയാണ് കേരളത്തിൽ കോൺഗ്രസിന് ഉള്ളത്. പാർട്ടിയിൽ ഐക്യം ഇല്ലെങ്കിൽ പാർട്ടിക്ക് പരാജയം ഉണ്ടാകും. ആ പരാജയം പാർട്ടിയുടെ നാശത്തിലേക്ക് നയിക്കും. അതുകൊണ്ടാണ് അങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഒന്നും ഏർപ്പെടരുത് എന്ന് ശക്തമായ നിലപാട് സ്വീകരിച്ചത്.

സിപിഎമ്മാണോ ബിജെപിയാണോ കോൺഗ്രസിന്റെ പ്രധാന എതിരാളി ?

കോൺഗ്രസിന്റെ പ്രധാനപ്പെട്ട എതിരാളി ഇന്ത്യയിൽ ബിജെപി ആണ്. കേരളത്തിൽ സിപിഎമ്മാണ് പ്രധാന രാഷ്ട്രീയ എതിരാളി. പക്ഷേ കേരളത്തിനു പുറത്ത് സിപിഎമ്മിന്റെ ഉൾപ്പെടെയുള്ള മതേതര വിഭാഗങ്ങളുടെ പിന്തുണ കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്. കേരളത്തിൽ സിപിഎം എടുക്കുന്ന തീരുമാനങ്ങൾ ബിജെപിയെ സഹായിക്കുന്നതാണ്. കോൺഗ്രസിനെ നശിപ്പിക്കുക എന്നുള്ള ബിജെപിയുടെ അഖിലേന്ത്യ തന്ത്രങ്ങളെ കേരളത്തിലെ സിപിഎം സഹായിക്കുന്നു. അങ്ങനെയാണ് സിപിഎം കേരളത്തിൽ രാഷ്ട്രീയ ശത്രുവായി മാറിയത്. പക്ഷേ യഥാർഥ രാഷ്ട്രീയ ശത്രു ബിജെപിയാണ്. 

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിന്റെ പ്രധാന മാനദണ്ഡം എന്തായിരിക്കും ?

അതിനെക്കുറിച്ച് ഇപ്പോൾ പാർട്ടി ഒന്നും ആലോചിച്ചിട്ടില്ല. കൂട്ടായി എടുക്കേണ്ട  ഒരു തീരുമാനമാണ്. സ്വാഭാവികമായിട്ടും സിറ്റിങ് എംപി മാർക്ക് മുൻഗണന പാർട്ടി എല്ലാ കാലത്തും കൊടുക്കാറുണ്ട്. അത് കൊടുക്കാം കൊടുക്കാതിരിക്കാം. ആ കാര്യം പൂർണമായിട്ടും തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം ആണ്. ഞങ്ങൾക്ക് തീരുമാനം എടുക്കാനുള്ള അവകാശം ഇല്ല. എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ്. സിറ്റിങ് എംപി മാർ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻ‌ഡ് ആണ്. വേണ്ട എന്നു പറയുന്ന സീറ്റുകളിലേക്ക് മാത്രമേ പുതിയ ആളുകളെ പരിഗണിക്കുകയുള്ളൂ. 

യുവാക്കൾക്ക് വേണ്ടത്ര പ്രധാന്യം ലഭിക്കുന്നില്ലെന്ന പരാതിയുണ്ടല്ലോ ?

യുവാക്കൾക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് കോൺഗ്രസ് പാർട്ടിയാണ്. എല്ലാ തിരഞ്ഞെടുപ്പിലും പുതിയ ആളുകളെ കോൺഗ്രസ് കൊണ്ടുവരാറുണ്ട്. ലോക്സഭയിൽ തീർച്ചയായും യുവാക്കളെ  കൂടുതൽ പരിഗണിക്കുന്നതാണ്.