പ്രിൻസിപ്പൽ സെക്രട്ടറിയെ നീക്കണമെന്നാവശ്യപ്പെട്ട ചീഫ് ഇലക്ടറൽ ഓഫിസർക്കെതിരായ പ്രക്ഷോഭമാണു മിസോറമിലെ തിരഞ്ഞെടുപ്പുപോരിൽ സമീപദിവസങ്ങളിൽ വഴിത്തിരിവായത്. പ്രതിഷേധക്കാർക്കു വഴങ്ങി തിരഞ്ഞെടുപ്പു കമ്മിഷന് സിഇഒയെ പിൻവലിക്കേണ്ട സാഹചര്യംവരെയുണ്ടായി. ഇതിനെല്ലാം വഴിതുറന്നത് ‘ബ്രൂ വിവാദ’വും. ബ്രൂ വംശജരെ തിരഞ്ഞെടുപ്പു പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദമാണ് തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ചീഫ് ഇലക്ടറൽ ഓഫിസർ എസ്.ബി.ശശാങ്കിനെ ഒഴിവാക്കുന്നതിലേക്ക് എത്തിച്ചത്.
കശ്മീരി പണ്ഡിറ്റുകളുടെയും ശ്രീലങ്കൻ തമിഴ് അഭയാർഥികളുടെയുമൊക്കെ പ്രശ്നങ്ങൾ പലതവണ രാജ്യശ്രദ്ധ നേടിയപ്പോഴും ഇവരെക്കാളൊക്കെ ദുരിതമനുഭവിച്ച് 21 വർഷമായി അഭയാർഥി ക്യാംപിൽ കഴിയുന്ന ബ്രൂ വംശജർക്ക് ഒരിക്കലും കാര്യമായ ജനശ്രദ്ധ കിട്ടിയില്ല. അവർക്കുവേണ്ടി ശബ്ദിക്കാൻ ആളുണ്ടായില്ല. ഇപ്പോൾ, തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ മിസോറമിലെ സന്നദ്ധ–വിദ്യാർഥി സംഘടനകളുടെ പ്രക്ഷോഭം ദേശീയ ശ്രദ്ധ നേടിയപ്പോൾ ഇടയ്ക്കു പറഞ്ഞുകേട്ട ബ്രൂ വിവാദം എന്തെന്നറിയണമെങ്കിൽ, മിസോറമിന്റെ ചരിത്രത്തിലേക്കു തിരിഞ്ഞുനോട്ടം വേണ്ടിവരും.
ക്രിസ്തുമത വിശ്വാസികളായ പട്ടികജാതിക്കാരാണു മിസോറം ജനസംഖ്യയുടെ 95 ശതമാനത്തോളം. ഗോത്രവർഗക്കാരായ ബ്രൂ (റിയാങ്), അതിർത്തി രാജ്യങ്ങളായ ബംഗ്ലദേശിൽനിന്നും മ്യാൻമറിൽനിന്നും കുടിയേറിയ ബുദ്ധമത വിശ്വാസികളായ ചാക്മ തുടങ്ങിയവരാണു ശേഷിക്കുന്ന ന്യൂനപക്ഷം. കാലങ്ങളോളം സ്വത്വപ്രശ്നമുയർത്തി നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണു മിസോറം ആദ്യം കേന്ദ്രഭരണ പ്രദേശമായും പിൽക്കാലത്ത് സംസ്ഥാനമായും അസമിൽനിന്നു വേർപെട്ടത്. അതേസമയം, സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ മിസോ പൗരൻമാരായി അംഗീകരിക്കാൻ അവർ അന്നും ഇന്നും തയാറല്ലതാനും. കുടിയേറിവന്ന ചാക്മ വിഭാഗത്തെ, ഇവർക്ക് ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടുകൂടി, അവരുടെ മാതൃരാജ്യത്തേക്കു തിരിച്ചയയ്ക്കണമെന്നാണു മിസോ ജനതയുടെ ആവശ്യം. സമാന നിലപാടാണ് ബ്രൂ വംശജരുടെ കാര്യത്തിലും.
വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ആദിവാസി ഗോത്രവിഭാഗക്കാരാണു ബ്രൂ വംശം. മിസോറമിൽ മാമിത്, കോലാസിബ് ജില്ലകളിലായാണ് ഇവർ താമസിച്ചത്. ബ്രൂ വർഗക്കാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി 1995ൽ യങ് മിസോ അസോസിയേഷൻ, മിസോ സ്റ്റുഡന്റ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിഷേധം ഇരുകൂട്ടരും തമ്മിലുള്ള വലിയ സംഘർഷത്തിലാണു കലാശിച്ചത്. ബ്രൂ നാഷനൽ ലിബറേഷൻ ഫ്രണ്ട് (ബിഎൻഎൽഎഫ്) എന്ന തീവ്രവാദ സംഘടനയും ബ്രൂ നാഷനൽ യൂണിയൻ (ബിഎൻയു) എന്ന രാഷ്ട്രീയ സംഘടനയും ന്യൂനപക്ഷ സമൂഹത്തിൽനിന്നു പിറവിയെടുത്തു. പിന്നാലെ മിസോ– ബ്രൂ സമൂഹങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും സംഘർഷവും പതിവായി.
1997 ഒക്ടോബർ 21ന് ബിഎൻഎൽഎഫ് തീവ്രവാദികൾ തദ്ദേശീയനായ വനംവകുപ്പ് ജീവനക്കാരനെ വധിച്ചതോടെ ചിത്രംമാറി. വലിയ കലാപമാണു പിന്നീട് അരങ്ങേറിയത്. 16 ഗ്രാമങ്ങളിലെ 325 ബ്രൂ വീടുകൾ മിസോ കലാപകാരികൾ കത്തിച്ചതായാണു പൊലീസ് കണക്കുകൾ. 41 ഗ്രാമങ്ങളിലെ 1391 വീടുകൾ തീവച്ചു നശിപ്പിച്ചെന്നും സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും ഏതാനുംപേരെ കൊലപ്പെടുത്തിയെന്നും അനൗദ്യോഗിക കണക്കുകൾ. കലാപത്തിനു പിന്നാലെ ബ്രൂ വംശജർക്കു മിസോറമിൽനിന്നു കൂട്ടത്തോടെ പലായനം ചെയ്യേണ്ടിവന്നു. ആയിരക്കണക്കിനു കുടുംബങ്ങൾ, മുപ്പതിനായിരത്തിലേറെ ആളുകൾ കയ്യിൽ കിട്ടിയതൊക്കെയെടുത്ത് നാടുവിട്ടു. സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിലുള്ള കാഞ്ചൻപുരിലും പനിസാഗറിലുമായി 6 അഭയാർഥി ക്യാംപുകളൊരുക്കി ത്രിപുര ഇവർക്ക് അഭയമേകി.
21 വർഷം പിന്നിട്ടിട്ടും ഇന്നും ഈ അഭയാർഥി ക്യാംപുകളിൽ കഴിയുകയാണ് അന്നു പലായനം ചെയ്തവരും പിൻമുറക്കാരും. ഇപ്പോൾ ആകെ 5407 കുടുംബങ്ങൾ, 32,876 പേർ. സൗജന്യ റേഷനും സാമ്പത്തിക സഹായവും ആനുകൂല്യങ്ങളും നൽകി ഇനിയും ഇവരെ സംരക്ഷിക്കുക ത്രിപുരയ്ക്ക് അപ്രായോഗികമായപ്പോൾ, കേന്ദ്രസർക്കാർ ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിൽ ഇവരെ തിരിച്ചയയ്ക്കാൻ പദ്ധതി തയാറാക്കി. 2010ൽ 1622 കുടുംബങ്ങളിലെ 8573 പേരെ മിസോറമിൽ പുനരധിവസിപ്പിക്കുകയും ചെയ്തു. ഭൂരിപക്ഷ മിസോ സംഘടനകളുടെ വൻ പ്രതിഷേധത്തിനിടയിലും ലാൽ തൻഹാവ്‌ല സർക്കാർ തിരിച്ചെത്തിയവർക്കു സുരക്ഷയും സഹായവും ഉറപ്പാക്കി.
കൂട്ടപ്പലായനത്തിന്റെ കാലം മുതൽ ഇതുവരെ ഇവരുടെ സംരക്ഷണത്തിനു വേണ്ടി 350 കോടി രൂപയാണു കേന്ദ്രസർക്കാർ ത്രിപുരയ്ക്കു നൽകിയത്. 70 കോടിയോളം രൂപ തിരിച്ചെത്തിയവരുടെ പുനരധിവാസത്തിനായി മിസോറമിനും നൽകി. ആകെ 435 കോടിയുടെ പുനരധിവാസ പാക്കേജാണ് അംഗീകരിക്കപ്പെട്ടത്. ഓരോ കുടുംബത്തിന്റെയും പേരിൽ സ്ഥിരനിക്ഷേപമായി 4 ലക്ഷം രൂപ, 2 വർഷത്തേക്കു പ്രതിമാസം 5,000 രൂപ ധനസഹായം, വീടു നിർമാണത്തിന് ഒന്നര ലക്ഷം രൂപ വീതം എന്നിങ്ങനെ മടങ്ങിപ്പോകാൻ തയാറാകുന്നവർക്കായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇവരുടെ താമസസ്ഥലത്തോടു ചേർന്ന് പൊലീസ് പോസ്റ്റുകൾ സ്ഥാപിക്കാൻ മിസോറം സർക്കാരിനോടു നിർദേശിച്ചു. ഇതിനു ഫണ്ടും അനുവദിച്ചു. എല്ലാവർക്കും ആധാർ കാർഡും ബാങ്ക് അക്കൗണ്ടും ത്രിപുര സർക്കാർ ഉറപ്പാക്കി. മടങ്ങുന്നതിനു മുന്നോടിയായി റേഷൻ കാർഡുകൾ പുതുക്കി നൽകി.
ഇങ്ങനെയൊക്കെയാണെങ്കിലും, ഇവരെ തിരിച്ചു സ്വദേശത്ത് എത്തിക്കാനുള്ള പല ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. മിസോ സംഘടനകളുടെ പ്രതിഷേധം നിലനിൽക്കുന്നതിനാൽ തിരിച്ചെത്തിയാൽ തങ്ങൾ സുരക്ഷിതരായിരിക്കില്ലെന്നാണു പ്രധാന വാദം. മിസോറമിലേക്കു മടങ്ങാൻ കേന്ദ്രസർക്കാർ അനുവദിച്ച സമയപരിധി കഴിഞ്ഞ മാസം അവസാനിച്ചിട്ടും നൽകിവന്ന ആനുകൂല്യങ്ങൾ അവസാനിപ്പിക്കുമെന്ന ഭീഷണിക്കു മുന്നിൽപോലും ബ്രൂ സമൂഹം വഴങ്ങിയില്ല. 7 ആവശ്യങ്ങളടങ്ങിയ പട്ടികയാണു മിസോറം ബ്രൂ ഡിസ്പ്ലേസ്ഡ് കോർഡിനേഷൻ കമ്മിറ്റി കേന്ദ്രസർക്കാരിനു സമർപ്പിച്ചിരിക്കുന്നത്. എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാലല്ലാതെ മടങ്ങില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിൽക്കുന്നു.
തങ്ങൾക്ക് ഒരേ സ്ഥലത്ത് താമസ സൗകര്യമൊരുക്കണമെന്നും പ്രത്യേക ഒട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ രൂപീകരിക്കണമെന്നുമാണ് ആവശ്യങ്ങളിൽ പ്രധാനവും മിസോറം സർക്കാർ അംഗീകരിക്കാൻ തയാറാകാത്തതും. എവിടെനിന്നാണോ പലായനം ചെയ്തത് അവിടെ പുനരധവസിപ്പിക്കാമെന്നാണ് സർക്കാർ നിലപാട്. ഓരോ അഭയാർഥി കുടുംബത്തിനും 5 ഹെക്ടർ വീതം ഭൂമി, കുറഞ്ഞത് 500 കുടുംബങ്ങളെ ഉൾപ്പെടുത്തി ക്ലസ്റ്റർ ഗ്രാമങ്ങൾ, പുനരധിവാസ ചെലവുകൾക്കായി കുടുംബത്തിനു 4 ലക്ഷം രൂപ വീതം ധനസഹായം, വോട്ടർ പട്ടിക പുതുക്കല്‍ തുടങ്ങിയവയും ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.
കേന്ദ്രത്തിന്റെ അന്ത്യശാസനം കണക്കിലെടുത്തു മിസോറമിലേക്കു മടങ്ങാൻ തയാറായ ഏതാനും കുടുംബങ്ങളെ പ്രത്യേക ബസുകളിൽ അതീവ സുരക്ഷയിലാണു മാതൃനാട്ടിലെത്തിച്ചത്. മിസോറമിലെ മാമിത് ജില്ലയിൽ ഇവർക്കു താമസമൊരുക്കി. സമയപരിധി അവസാനിച്ചെങ്കിലും ഇനിയും സംസ്ഥാനത്തേക്കു മടങ്ങാൻ താൽപര്യമുള്ളവരെ പ്രഖ്യാപിച്ചിരുന്ന ആനുകൂല്യങ്ങളും സുരക്ഷയും നൽകി തിരികെയെത്തിക്കാൻ തയാറാണെന്നു മിസോറം സർക്കാർ പറയുന്നു.
(പൊതുബോധത്തിനെതിരായി, ന്യൂനപക്ഷ സമൂഹത്തോട് അനുഭാവപൂർവമായ നിലപാടാണ് ലാൽ തൻഹാവ്‌ല സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ചാക്മ വിഭാഗത്തിൽപെട്ടവരെ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കരുതെന്ന എൻജിഒ സംഘടനകളുടെ നിലപാടുകളെ തള്ളി കോൺഗ്രസ് വിജയിപ്പിച്ച ബുദ്ധ ധൻ ചാക്മ മുൻ സർക്കാരിൽ മന്ത്രിയുമായിരുന്നു. ഇദ്ദേഹം അടുത്തിടെ എംഎൽഎ സ്ഥാനവും പാർട്ടി പ്രാഥമികാംഗത്വവും രാജിവച്ച് ബിജെപിയിൽ ചേർന്നു. വോട്ടർ പട്ടിക പുതുക്കുന്നതിനു മുൻപ് ബ്രൂ പുനരധിവാസം പൂർത്തിയാക്കാനാണു സർക്കാർ ലക്ഷ്യമിട്ടതെങ്കിലും ബ്രൂ വംശജരുടെ താൽപര്യക്കുറവുകൊണ്ടുതന്നെ അത് പരാജയപ്പെട്ടു).
തിരഞ്ഞെടുപ്പു പ്രക്രിയയിൽ കൈകടത്തുന്നു എന്നതായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി ലാൽനൻമവിയ ചുവാങ്ങോയ്ക്കെതിരെ ചീഫ് ഇലക്ടറൽ ഓഫിസർ എസ്.ബി.ശശാങ്കിന്റെ ആരോപണം. ബ്രൂ വിഭാഗത്തിൽപെട്ടവരുടെ പേരുകൾ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ ചുവാങ്ങോ ഇടപെട്ടതാണു യഥാർഥ പ്രശ്നം. ബ്രൂ വിഭാഗത്തിനെതിരെ നിൽക്കുന്ന ഭൂരിപക്ഷ മിസോ സംഘടനകളോട് അനുഭാവപൂർണമായ നിലപാടെടുത്ത ചുവാങ്ങോയെ പുറത്താക്കാൻ ശശാങ്ക് ശുപാർശ ചെയ്തതോടെ പ്രതിഷേധം അദ്ദേഹത്തിനെതിരെയായി. പ്രക്ഷോഭം നിയന്ത്രണാതീതമായതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ശശാങ്കിനെ ചീഫ് ഇലക്ടറൽ ഓഫിസർ സ്ഥാനത്തുനിന്നു മാറ്റി ഡൽഹിയിലേക്കു തിരിച്ചുവിളിക്കുകയും ചെയ്തു.
ഇക്കാലമത്രയും തിരഞ്ഞെടുപ്പുകളിൽ ബ്രൂ വംശജർ പോസ്റ്റൽ വോട്ട് ചെയ്തുവരികയായിരുന്നു. ഇത്തവണ, ക്യാംപിൽ കഴിയുന്ന ബ്രൂ വോട്ടർമാർ മിസോറമിലെത്തി വോട്ട് ചെയ്യട്ടെയെന്നാണു തൻഹാവ്‌ലയുടെ നിലപാട്. ഇതിന് 7 ദിവസത്തെ യാത്രയെങ്കിലും വേണമെന്നും വോട്ട് വേണമെങ്കിൽ ക്യാംപിൽ പോളിങ് ബൂത്ത് സജ്ജീകരിക്കണമെന്നും വോട്ടർമാരും. എന്തായാലും ബ്രൂ വിവാദം കെട്ടടങ്ങുന്നില്ല; ദിവസം പിന്നിടുന്തോറും ആളിക്കത്തുകയാണ്.