ആലുവ ∙ ശബരിമല തീർഥാടനം സുഗമമാക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്നു ശബരിമല സന്ദർശിക്കും. നാളെ സന്നിധാനത്ത് ഉണ്ടാകുമെന്നു സമിതിയുടെ ആദ്യയോഗത്തിനു ശേഷം ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ പറഞ്ഞു. ‘നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള സൗകര്യം വിലയിരുത്തും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സൗകര്യം ഉണ്ടെന്നാണു പറയുന്നത്. ലക്ഷണക്കണക്കിനു ഭക്തജനങ്ങൾക്കു കുടിവെള്ളം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോ എന്നു പരിശോധിക്കുന്നതിനാണു മുൻഗണന. പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും ഭക്ഷണം ലഭിക്കാനുള്ള സൗകര്യമുണ്ടോ എന്നും വിലയിരുത്തും. ദേവസ്വം ബോർഡിനു പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ല. നിലവിലുള്ള കാര്യങ്ങളും അടുത്ത വർഷം കൂടുതലായി ചെയ്യേണ്ട കാര്യങ്ങളുമാണു ചർച്ച ചെയ്തത്. ഇപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണം എത്രത്തോളം കുറയ്ക്കാൻ കഴിയുമെന്നു പരിശോധിക്കും.
നിയന്ത്രണങ്ങൾ കുറഞ്ഞാലേ കൂടുതൽ ഭക്തജനങ്ങൾ എത്തൂ. കോടതി കുറെ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അവ നടപ്പാക്കാൻ ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ നിർദേശിക്കും’. ജസ്റ്റിസ് പി.ആർ. രാമൻ പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുന്ന കാര്യം ഹൈക്കോടതി പരിഗണിക്കുന്ന വിഷയമായതിനാൽ യോഗം ചർച്ച ചെയ്തില്ലെന്നും അദ്ദേഹം മറുപടി നൽകി. നിരീക്ഷണ സമിതിയിലെ ഇതര അംഗങ്ങളായ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്. സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗം കെ.പി. ശങ്കരദാസ്, കമ്മിഷണർ എൻ. വാസു എന്നിവർ പങ്കെടുത്തു. ദേവസ്വം ബോർഡ് എൻജിനീയർമാരെയും യോഗത്തിലേക്കു വിളിച്ചിരുന്നു. ശബരിമല വാർത്തകള്‍ തൽസമയം അറിയാം ചുവടെ...