Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഐജിക്കും എസ്പിക്കും മലയാളം അറിയാമോ; സ്ത്രീകളെയും കുട്ടികളെയും അടിച്ചത് ഇവരല്ലേ? ’

174197278

കൊച്ചി∙ ശബരിമലയിലെ നിരോധനാജ്ഞയ്ക്കും പൊലീസ് നടപടികൾക്കുമെതിരെ സമർപ്പിച്ച ഹർജികൾ പത്തു ദിവസം കഴിഞ്ഞ് പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റി. എജിക്കും പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചാണ് ഹൈക്കോടതി ബുധനാഴ്ച കേസ് പരിഗണിച്ചത്. ശബരിമലയിലെ സ്ഥിതി പരിതാപകരമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. 

അഡ്വക്കേറ്റ് ജനറൽ 19ന് ഡിജിപിക്ക് ഹൈക്കോടതി ഉത്തരവുകൾ ഇല്ലെന്നും മാധ്യമ വാർത്തകൾ ശരിയല്ലെന്നും കാണിച്ച് അയച്ച കത്തിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് കത്തയച്ചത് എന്നു ചോദിച്ച കോടതി രേഖാമൂലം ഉത്തരവിടാത്തത് നിങ്ങളിൽ വിശ്വാസമുള്ളതിനാലായിരുന്നെന്നും  കോടതിയുടെ നിർദ്ദേശങ്ങൾ താങ്കൾക്ക് മനസിലായില്ലേ എന്നും ചോദിച്ചു. ഹൈക്കോടതിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ അഡ്വക്കേറ്റ് ജനറലിന് സാധിച്ചില്ല.

നടപ്പന്തലിൽ സംഭവിച്ചത് എന്തെല്ലാമാണെന്നു വ്യക്തമാകാൻ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. ജനക്കൂട്ടത്തെ നയിച്ച് പരിചയമുള്ള എത്ര ഉദ്യോഗസ്ഥരുണ്ടെന്നും ഡിജിപിയുടെ വിശദീകരണം ലഭിച്ച ശേഷം രേഖാമൂലം ഉത്തരവിടാമെന്നും കോടതി വ്യക്തമാക്കി.

മുംബൈയിൽ നിന്നെത്തിയ 110 തീർത്ഥാടകർ ശബരിമല സന്ദർശിക്കാതെ മടങ്ങിയത് വേദനാജനകമായി.  33 കന്നി അയ്യപ്പന്മാർ ഇരുമുടിക്കെട്ടുമായി എത്തിയിരുന്നു. അവരെ എരുമേലിയിൽ തടഞ്ഞു. സർക്കാരിനും പ്രതിഷേധക്കാർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് ശബരിമലയിൽ എത്തിയാൽ എന്താണ് സംഭവിക്കുക എന്ന കാര്യത്തിൽ ആശങ്കയുണ്ട്.

ശബരിമലയിലെ നിരോധനാജ്ഞ നിയമപരമായി സാധുതയുള്ളതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ശബരിമലയിൽ ചുമതല ഉള്ള ഐജിക്കും എസ്പിക്കും മലയാളം എഴുതാനും വായിക്കാനും അറിയാമോ എന്നു ചോദിച്ച കോടതി ഇവർ അല്ലേ നേരത്തെ കുട്ടികളെയും സ്ത്രീകളെയും അടിച്ചത് എന്നും ജനക്കൂട്ടത്തെ നിയന്ത്രിച്ച്  പരിചയമുള്ളവരെ അല്ലേ നിയമിക്കേണ്ടിയിരുന്നതെന്നും ചോദിച്ച കോടതി സർക്കാർ മറുപടി നൽകണം എന്നും ആവശ്യപ്പെട്ടു. 

സർക്കാർ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ അവഗണിക്കേണ്ടതില്ല. തീവ്രസ്വഭാവമുള്ളവരുടെ നുഴഞ്ഞുകയറ്റം തടയാൻ പൊലീസിന് നടപടിയെടുക്കാം. എന്നാൽ യഥാർഥ ഭക്തരുടെ തീർഥാടനത്തിനു തടസം സൃഷ്ടിക്കരുത്. ശരണം വിളിക്കുന്നത് പൊലീസ് തടയാനും പാടില്ല. എന്നാൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ പൊലീസിന് നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹർജിക്കാരനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നു. സർക്കാർ കോടതിയിൽ രേഖയായി സമർപ്പിച്ച ബിജെപി സർക്കുലർ എടുത്തു കാണിച്ചാണു ഹർജിക്കാരനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. ശബരിമലയിൽ എത്തേണ്ടവർക്കു പ്രത്യേക പരിശീലനം നൽകുമെന്നു സർക്കുലറിൽ പറയുന്നത് എന്താണ് എന്നു ചോദിച്ച കോടതി കൊണ്ടുവരേണ്ട സാധന സാമഗ്രികൾ എന്തൊക്കെയാണെന്നും എറിയാനുള്ള തേങ്ങയാണോ എന്നും അതു പരിശോധിക്കാൻ പൊലീസിന് ഉത്തരവാദിത്തമില്ലേ എന്നും ചോദിച്ചു.

ശബരിമലയിൽ നടപ്പാക്കിയ നിരോധനാജ്ഞയുടെ വിവരങ്ങൾ സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. രാവിലെ ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഐജിയുടെ റിപ്പോർട്ടും ശബരിമലയിൽ സംഘമായി എത്താനുള്ള ബിജെപി സർക്കുലറും ഉൾപ്പെടെയാണ് എജി ഹൈക്കോടതിയിൽ വിവരങ്ങൾ സമർപ്പിച്ചത്.

തുലാമാസ പൂജകൾക്കിടയിലും ചിത്തിര ആട്ട തിരുനാൾ വിശേഷത്തിനിടയിലും ശബരിമലയിൽ സംഘർഷങ്ങൾ ഉണ്ടാക്കി. തുടർന്ന് മണ്ഡല കാലത്തും സംഘർഷമുണ്ടാകുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിരുന്നു. സന്നിധാനത്ത് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനായിരുന്നു രാഷ്ട്രീയപ്പാർട്ടികളുടെ നീക്കം. അതിന്റെ പശ്ചാത്തലത്തിലാണു പൊലീസിനെ വിന്യസിക്കുകയും നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കുകയും ചെയ്തത്. നേരത്തെ സംഘർഷമുണ്ടാക്കിയവരുടെ പട്ടിക തയാറാക്കിയിരുന്നതായും സർക്കാർ കോടതിയിൽ അറിയിച്ചു.