‘ദൈവം ഞങ്ങളെ കോസ്റ്റ് ഗാർഡിൽനിന്നു മറച്ചുപിടിച്ചു’ - കഴിഞ്ഞ ദിവസം ആൻഡമാനിലെ ഉത്തര സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് പൗരൻ ജോൺ അലൻ ചൗ അവസാനമെഴുതിയ ഡയറിക്കുറിപ്പിൽ പറയുന്നു. തലേന്നു ദ്വീപിലേക്കു നടത്തിയ ബോട്ട് യാത്രയെപ്പറ്റിയാണ് കുറിപ്പ്. ഈ മാസം 17 നാണ് 26 കാരനായ ജോൺ കൊല്ലപ്പെട്ടത്. 16 നു ദ്വീപിലെത്തിയ ജോണിനെ സെന്റിനൽ ഗോത്രവർഗക്കാർ ആക്രമിച്ചിരുന്നു. തിരികെയെത്തിയ ജോണിന്റെ ഡയറിയിൽ അതിന്റെ ഭയം നിറഞ്ഞ വിവരണമുണ്ട്. ‘ഞാൻ ഭയന്നുപോയി. അവിടെനിന്നു സൂര്യാസ്തമയം കണ്ടു. മനോഹരം. എനിക്കു കരച്ചിൽവന്നു. ഞാൻ കാണുന്ന അവസാനത്തെ അസ്തമയമാണോ അതെന്നു തോന്നി’.
വേട്ടക്കാരായ സെന്റിനൽ ഗോത്രവുമായി ബന്ധം സ്ഥാപിക്കാനായിരുന്നു ജോണിന്റെ ശ്രമം. അയാൾ പല തവണ ദ്വീപിലേക്കു പോയിട്ടുണ്ടെന്നാണ് സൂചന. പക്ഷേ അവരുമായി അടുക്കാനുള്ള ശ്രമം പാളിയിരുന്നു. 14 ന് ദ്വീപിലേക്കു പോയെങ്കിലും അന്ന് കരയ്ക്കിറങ്ങാനായില്ല. പിന്നെ 16 നാണു പോയത്. അന്നു ചെറുവള്ളത്തിൽ തീരത്തിറങ്ങിയ ജോണിനെ അവർ അമ്പും വില്ലുമായി ആക്രമിച്ചു. ഒരു കൗമാരക്കാരന്റെ അമ്പ് ജോണിന്റെ വാട്ടർപ്രൂഫ് ബൈബിളിൽ തുളച്ചുകയറി.
തനിക്കു നേരേ അമ്പുകൾ വന്നിട്ടും ജോൺ നടന്നുവെന്ന് കടലിൽ ബോട്ടിലിരുന്നു സംഭവത്തിനു ദൃക്സാക്ഷികളായ മൽസ്യത്തൊഴിലാളികൾ പിന്നീടു പൊലീസിനോടു പറഞ്ഞിരുന്നു. അന്നു മടങ്ങിയ ജോൺ പിറ്റേന്നു വീണ്ടും ദ്വീപിലേക്കു പോകുകയായിരുന്നു. അടുത്ത ദിവസം ജോണിന്റേതെന്നു തോന്നിക്കുന്ന ഒരു ശരീരം ഗോത്രവർഗക്കാർ കെട്ടിവലിക്കുന്നുണ്ടായിരുന്നെന്നും അത് മണലിൽ പകുതി പൂഴ്ത്തിയ നിലയിൽ കണ്ടുവെന്നും മൽസ്യത്തൊഴിലാളികൾ പൊലീസിനോടു പറഞ്ഞിരുന്നു.
‘ദൈവമേ, ഒരാൾ പോലും നിന്റെ പേരു കേൾക്കാത്ത, അതിനു സാധ്യത പോലുമില്ലാത്ത ഈ ദ്വീപ് സാത്താന്റെ അവസാനത്തെ ശക്തികേന്ദ്രമാണോ’ - ഡയറിയിലെ ജോണിന്റെ കുറിപ്പ് തുടരുന്നു. മതപരിവർത്തനം ലക്ഷ്യമിട്ടാണ് ജോൺ ദ്വീപിലേക്കു പോയതെന്ന് അയാൾ അവസാന നാളുകളിൽ ബന്ധപ്പെട്ടിരുന്ന ഒരു സുവിശേഷപ്രവർത്തകൻ പൊലീസിനോടു പറഞ്ഞിരുന്നു. തന്റെ ദൗത്യത്തെപ്പറ്റിയും അതിനോടുള്ള അഭിനിവേശത്തെപ്പറ്റിയും ജോൺ ചൗ ഡയറിക്കുറിപ്പുകളിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ജോണിനെ കൊലപ്പെടുത്തിയ ഗോത്രവർഗക്കാർക്കു മാപ്പു നൽകുന്നെന്ന് കുടുംബം അറിയിച്ചു.
തീരസംരക്ഷണ സേനയുടെയും മറ്റും കണ്ണുവെട്ടിച്ചാണ് അലൻ ദ്വീപിൽ പ്രവേശിച്ചതെന്നാണ് കരുതപ്പെടുന്നത്. ദ്വീപിലെ താമസക്കാരായ സെന്റിനൽ ഗോത്രവിഭാഗം വംശനാശ ഭീഷണി നേരിടുന്നവരായതിനാൽ അവരുടെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ച് ദ്വീപിനു മൂന്നു കിലോമീറ്റർ ചുറ്റളവ് മുൻപു നിരോധിതമേഖലയായിരുന്നു. അടുത്തകാലത്താണ് ഇതിൽ ഇളവു വരുത്തിയത്. ഇപ്പോൾ സെന്റിനൽ അടക്കമുള്ള ദ്വീപുകളിൽ വിദേശികൾക്ക് മുൻകൂർ അനുമതിയില്ലാതെ പ്രവേശിക്കാം.
പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ സെന്റിനലി ഗോത്രത്തിൽ 40 പേരുണ്ടെന്നാണ് 2011ലെ സെൻസസ് അനുസരിച്ചുള്ള വിവരം. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവർ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാൽ അവർ അമ്പും വില്ലുമായി ആക്രമിക്കും. 2004 ലെ സുനാമി സമയത്ത് രക്ഷാപ്രവർത്തനത്തിനായി ദ്വീപിനു മുകളിൽ കൂടി പറന്ന ഹെലികോപ്റ്ററിനു നേരേയും ഇവർ അമ്പെയ്തിരുന്നു.