ബെംഗളൂരു വഴി സിങ്കപ്പൂരിലേക്ക് മാൻകൊമ്പ് കടത്തൽ; ഒരാൾ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

കളമശ്ശേരി ∙ സിങ്കപ്പൂരിലേക്കു കടത്താനിരുന്ന 2 മാൻകൊമ്പുകളുമായി നോർത്ത് പറവൂർ ഇളന്തിക്കര മാളിയേക്കൽ വീട്ടിൽ ജോർളി ജോർജിനെ (47) ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. വന്യജീവി സംരക്ഷണ നിയമത്തിന്റെ മൂന്നാം പട്ടികയിൽ വരുന്ന സംരക്ഷിത വിഭാഗത്തിൽ പെട്ട 8 വയസ്സുള്ള മ്ലാവിന്റെ 4 അടിയുള്ള കൊമ്പുകളാണു പിടികൂടിയത്. ഔഷധങ്ങളുണ്ടാക്കാനാണു മ്ലാവിന്റെ കൊമ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നത്. മലമാൻ, കലമാൻ, മലാൻ എന്നും ഇവയെ വിളിക്കാറുണ്ട്.

ബെംഗളൂരു വഴി സിങ്കപ്പൂരിലേക്കു കടത്താനായിരുന്നു പദ്ധതിയെന്നും ചൈന, സിങ്കപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ മാൻകൊമ്പിനു ലക്ഷങ്ങൾ വിലയുണ്ടെന്നും പൊലീസ് അറിയിച്ചു. കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നായാട്ടു സംഘത്തിൽ നിന്നാണ് ഇയാൾക്കു മാൻകൊമ്പുകൾ ലഭിച്ചത്. കൊടുത്ത വില, വാങ്ങിയതെപ്പോൾ തുടങ്ങിയ ചോദ്യങ്ങൾക്കു പരസ്പര വിരുദ്ധമായ ഉത്തരമാണു നൽകിയത്.

കേസ് വനംവകുപ്പ് കോടനാട് റേഞ്ച് ഓഫിസർക്കു കൈമാറും. സിറ്റി കമ്മിഷണർ എം.പി.ദിനേശിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിൽ ഷാഡോ എസ്ഐ എ.ബി.വിബിൻ, സിപിഒമാരായ അഫ്സൽ, സാനു, എം.കെ.ഷാജി, ഷാജിമോൻ എന്നിവർ നടത്തിയ തിരച്ചിലിൽ കളമശ്ശേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.