Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലേത് ആചാര വിഷയം; യുവതികൾക്കു വേറെ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്: തരൂർ

Shashi Tharoor ശശി തരൂർ

കൊച്ചി ∙ ഹൈന്ദവ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാനാണു ബിജെപി ശ്രമിക്കുന്നതെന്നു ശശി തരൂർ എംപി. ഉത്തരേന്ത്യയിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണിത്. 1986 മുതൽ ബിജെപി വർഗീയ കാർഡിറക്കിയുള്ള തന്ത്രം മെനയുന്നു. ഏതെങ്കിലും ഒരു മതം മാത്രമുള്ള രാജ്യമല്ല ഇന്ത്യ. ശബരിമലയിൽ ബിജെപിയുടെ സമര രീതിയോടു യോജിപ്പില്ല. പവിത്രസ്ഥലമായ ശബരിമലയിൽ അക്രമം നടത്താനോ നാടക വേദിയാക്കാനോ കോൺഗ്രസ് തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി ശബരിമല വിഷയത്തെ ലിംഗ സമത്വ പ്രശ്നമായാണു കണ്ടത്. അതിനാലാണു വിധിയെ കോൺഗ്രസ് ദേശീയ നേതൃത്വവും രാഹുൽഗാന്ധിയും സ്വാഗതം ചെയ്തത്. പക്ഷേ, ശബരിമലയിലേതു സമത്വ വിഷയം അല്ല, മറിച്ചു പവിത്രതയുടെയും ആചാരത്തിന്റെയും വിഷയമാണ്. കന്യാകുമാരിയിൽ പുരുഷന്മാർ കയറാൻ പാടില്ലാത്ത ക്ഷേത്രമുണ്ട്. അവിടെ കയറണം എന്നാവശ്യപ്പെട്ട് ആരും കോടതിയിൽ പോയിട്ടില്ല. അയ്യപ്പനെ തൊഴണം എന്നാഗ്രഹിക്കുന്ന യുവതികൾക്കു വേറെ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിൽ മതവിശ്വാസം, ഭരണഘടന, നിയമം, കോടതിവിധി തുടങ്ങി പല കാര്യങ്ങളും ബഹുമാനിക്കണം. ഇതെല്ലാം ഒരുപോലെ കൊണ്ടുപോകുന്നതാണു ജനാധിപത്യം. ശബരിമലയുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പാക്കാൻ ശ്രമിച്ചതു വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ പേരിൽ അക്രമം നടത്താൻ കോൺഗ്രസ് തയാറല്ല. ശബരിമല ഇപ്പോൾ പൊലീസ് ക്യാംപാണ്. അവിടെ എങ്ങനെ ശാന്തമായി പ്രാർഥിക്കാൻ കഴിയും?

എല്ലാ വിഭാഗം ജനങ്ങളുമായി ആലോചിച്ച് വേണമായിരുന്നു വിധി നടപ്പാക്കാൻ. താനും പാർട്ടിയും സംസ്‌ഥാന സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതാണ്. നിയമപരമായ മാർഗത്തിൽക്കൂടി മാത്രമേ കോടതി ഉത്തരവു മറികടക്കാൻ കഴിയൂ. കോടതി വഴിയുള്ള നീക്കം പരാജയപ്പെട്ടാൽ പാർലമെന്റിൽ നിയമം പാസാക്കുകയാണു പോംവഴി. ശബരിമലയിൽ അക്രമം നടത്തുകയോ ഭക്തരെ തടയുകയോ ചെയ്യുന്നതു ശാശ്വത പരിഹാരം ഉണ്ടാക്കില്ല. എല്ലാവരെയും ഒന്നിച്ചിരുത്തി ചർച്ച നടത്തി പരിഹാരം ഉണ്ടാക്കുന്നതിനു പകരം ധൃതി പിടിച്ചു കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതാണു സർക്കാരിന്റെ വീഴ്ച.