26/11 ഭീകരാക്രമണം നേരിൽ കണ്ട മുംബൈയിലെ മലയാള മനോരമ ലേഖകന്റെ ഓർമക്കുറിപ്പ്...
സാധാരണ പോലൊരു ബുധനാഴ്ച. ജോലിത്തിരക്കുകൾ കഴിഞ്ഞ് രാത്രി പത്തിനോടടുത്ത് ഓഫിസിൽ നിന്നിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ രൂക്ഷമായ വെടിവയ്പ് എന്ന ഫോൺ സന്ദേശം ലഭിച്ചത്. ഓഫിസിൽ നിന്ന് അഞ്ചു മിനിറ്റുകൊണ്ട് നടന്നെത്താവുന്ന ദൂരത്താണ് റെയിൽവേ സ്റ്റേഷൻ. ഓടിയടുക്കുംതോറും വെടിയൊച്ച അടുത്തടുത്തു വരുന്നു.
ആളുകൾ തലങ്ങും വിലങ്ങുമോടുന്നു. പെട്ടെന്നു റോഡ് ശൂന്യമാകുന്നു. എന്താണു നടക്കുന്നതെന്നു നിശ്ചയമില്ല. ഏതാനും പൊലീസ് വാഹനങ്ങൾ റെയിൽവേ സ്റ്റേഷനിലേക്കു പാഞ്ഞുപോയതിനു പിന്നാലെ കേട്ടത് തുടർച്ചയായ വെടിയൊച്ചകളും സ്ഫോടനശബ്ദങ്ങളും. ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ തുടക്കമായിരുന്നു അത്. അജ്മൽ കസബിന്റെ നേതൃത്വത്തിൽ പത്ത് പാക്കിസ്ഥാൻ തീവ്രവാദികൾ മുംബൈയെ, ഇന്ത്യയെ മൂന്നു ദിനങ്ങൾ തോക്കിൻകുഴലിനു മുന്നിൽ നിർത്തിയ കിരാതവേട്ടയുടെ തുടക്കം.
സിഎസ്ടി റെയിൽവേ സ്റ്റേഷനു മുന്നിലെത്തുമ്പോൾ ഭീകരാക്രമണത്തിലേക്കാണ് മുംബൈ നീങ്ങുന്നതെന്ന തോന്നലുണ്ടായിരുന്നില്ല. അധോലോക സംഘത്തിന്റെ ഏറ്റുമുട്ടലാണെന്നാണ് സ്റ്റേഷനിൽ നിന്ന് ഓടിരക്ഷപ്പെട്ടു പുറത്ത് എത്തിയ ചിലർ ആദ്യം പറഞ്ഞത്. തുടരുന്ന വെടിയൊച്ചകൾക്കിടെ എങ്ങോട്ടെന്നില്ലാതെ ആളുകൾ ചിതറിയോടുകയാണ്. ഇതിനിടെ, ഞാൻ നിന്ന സ്ഥലത്തിന് അൽപം അകലെ കൈബോംബ് സ്ഫോടനം. ആളുകൾ ചിതറിവീണു. തുടർച്ചയായി രണ്ടു സ്ഫോടനങ്ങൾക്കൂടി. ആക്രമികൾ ജനങ്ങൾക്കുനേരെ പ്രയോഗിച്ചതാണോ, പൊലീസ് ആക്രമികൾക്കു നേരെ പ്രയോഗിച്ച ഗ്രനേഡുകളാണോയെന്നു വ്യക്തമായില്ല.
നിമിഷ നേരങ്ങൾക്കിടെയാണിതെല്ലാം. സിഎസ്ടി റെയിൽവേ സ്റ്റേഷനു സമീപത്തെ കടകളെല്ലാം അടച്ചു. ചിലർ കടകൾ അതേപടിയിട്ട് പ്രാണരക്ഷാർഥം ഓടി. കൂടിനിന്നവരെ വഴിക്കച്ചവടക്കാർ വടിയെടുത്ത് ഓടിച്ചു; ഓടിരക്ഷപ്പെടാൻ ആവശ്യപ്പെട്ടായിരുന്നു അത്. ഇതിനിടെ, മനോരമ ഡെസ്കിൽ വിളിച്ച് ഫോണിൽ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. സിഎസ്ടി റെയിൽവേ സ്റ്റേഷൻ ഏതാണ്ടു ശൂന്യമായിക്കഴിഞ്ഞിരുന്നു. ചോരപ്പുഴയായി മാറിയ പ്ലാറ്റ്ഫോമുകളിൽ ചലനമറ്റവരും പ്രാണരക്ഷാർഥം പിടയുന്നവരും.
റെയിൽവേ സ്റ്റേഷനിൽ നിന്ന് ആക്രമികൾ തെരുവിലേക്കാണ് ഇറങ്ങിയത്. വീണ്ടും വെടിയൊച്ചകൾ. കൂടുതൽ പൊലീസ് സേന എത്തിക്കൊണ്ടിരിക്കെ, കൊളാബയിൽ ലിയോപോൾ കഫേയ്ക്കു സമീപവും അതിനടുത്ത് ഗേറ്റ്‌വേയിലെ താജ് ഹോട്ടലിലും ആക്രമണം നടക്കുന്നതായി ഫോൺ സന്ദേശമെത്തി. അതിന്റെ വിശദാംശങ്ങൾ തിരക്കുന്നതിനിടെ മറൈൻ ഡ്രൈവിലെ ട്രൈഡന്റ് ഹോട്ടലിലും വെടിവയ്പ് നടക്കുന്നതായി വിവരം ലഭിച്ചു. അതെ, ഭീകരർ മുംബൈ കീഴടക്കിക്കഴിഞ്ഞിരുന്നു.
ചോര പുരണ്ട കാഴ്ചകൾ: ഡിഎൻ റോഡിലെ കംഫർട്ട് സ്റ്റേഷനു സമീപം അപ്പോൾ ഞാൻ നിന്ന മേഖലയിൽ തോക്കുകളുടെ ഗർജനം കേട്ടു. ഓടിമാറുകയല്ലാതെ മാർഗമില്ല. നിലത്ത് കിടന്നാൽ വെടിയേൽക്കില്ലെന്ന കണക്കുകൂട്ടലിൽ സമീപത്തെ ആസാദ് മൈതാനത്തേക്ക് നീങ്ങി. വെടിമുഴക്കവും സ്ഫോടന ശബ്ദങ്ങളും അലകളായി അവിടെയെത്തി. പൊലീസ് വാഹനങ്ങളുടെയും ആംബുലൻസുകളുടെയും ശബ്ദം ഇടയ്ക്കു കേൾക്കാം. ആക്രമണങ്ങളിൽ പരുക്കേറ്റവരെ ബോംബെ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത് എന്ന വിവരം ലഭിച്ചപ്പോൾ അങ്ങോട്ടു നടക്കാൻ തീരുമാനിച്ചു. അടുത്തുള്ള കാമ ആശുപത്രിയിൽ ഭീകരർ കയറിയെന്ന വിവരം അവിടെവച്ചാണ് അറിഞ്ഞത്.
ഈ സമയം അൽപം അകലെ മെട്രോ സിനിമയ്ക്കു സമീപം വെടിവയ്പിന്റെയും കൈബോംബ് സ്ഫോടനങ്ങളുടെയും ശബ്ദം കേട്ടു. വെടിയൊച്ച കേൾക്കുമ്പോൾ ഭീകരർ അടുത്തു വരുന്നതുപോലെയാണു തോന്നിയത്. കാമ ആശുപത്രിക്കു സമീപത്തു വച്ച് പൊലീസുകാർ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിച്ച് തട്ടിയെടുത്ത് അതുമായി ഭീകരർ രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. അതിനു പിന്നാലെയാണ്, മഹാരാഷ്ട്ര ഭീകരവിരുദ്ധസേന മേധാവി ഹേമന്ദ് കർക്കരെ കൊല്ലപ്പെട്ടെന്ന നടുക്കുന്ന വാർത്ത എത്തിയത്.
മുംബൈ പൊലീസിലെ ഏറ്റുമുട്ടൽ വീരനായ വിജയ് സലാസ്കർ, അഡിഷനൽ കമ്മിഷണർ അശോക് കാംതെ എന്നിവരും മരണമടഞ്ഞിരിക്കുന്നു. അപ്പോൾ ആശുപത്രി മുറ്റത്ത് കണ്ട അന്ധാളിപ്പ് അക്ഷരങ്ങളിലേക്ക് ഒതുക്കാനാകില്ല. മുന്നിൽ നിന്നു നയിക്കേണ്ടവർ ഒന്നൊന്നായി വെടിയേറ്റുവീഴുന്നു; മുംബൈ ഭീകരർക്കു മുന്നിൽ തലകുനിക്കുകയായിരുന്നു. ആശുപത്രിയിൽ പരുക്കുകളോടെ എത്തിക്കുന്ന പൊലീസുകാരുടെ എണ്ണം കൂടിയതോടെ നഗരത്തിന്റെ, സേനയുടെ ആത്‌മധൈര്യം ചോരുന്നതുപോലെ തോന്നി.
ബോംബെ ആശുപത്രി പരസരത്ത് വെടിയൊച്ചകൾ ശമിച്ചെങ്കിലും ഇതിനിടെ, താജ് ഹോട്ടലിന്റെ മുകൾനിലയിൽ തീപടരുന്നു എന്ന വാർത്തയെത്തി. സമയം, പുലർച്ചെ രണ്ടു കഴിഞ്ഞു. താജ് ഹോട്ടലിലേക്ക് മാധ്യമ സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാൻ തീരുമാനിച്ചു പൊലീസിനെ ഇക്കാര്യം അറിയിച്ചപ്പോൾ അവിടെ എത്തിച്ചേരുമെന്ന് ഒരുറപ്പും നൽകാനാവില്ലെന്നു മറുപടി. എങ്കിലും രണ്ടും കൽപിച്ചു നടന്നു. ഭയപ്പെടുത്തുന്ന നിശബ്ദത. അത് കീറിമുറിച്ച് പൊലീസ് വാഹനങ്ങളും ആംബുലൻസുകളും.
രണ്ടു കിലോമീറ്റർ നടന്ന് താജ് ഹോട്ടലിനു മുന്നിലെത്തുമ്പോൾ മുകളിൽ തീ. താഴെ മറൈൻ കമാൻഡോകളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം. വെടിയൊച്ചകളില്ല. മാധ്യമപ്രവർത്തകരും സമീപമേഖലകളിൽ നിന്നെത്തിയവരുമെല്ലാം രക്ഷാപ്രവർത്തനത്തിൽ സഹായവുമായി കൈകോർത്തു. ജെസിബി പോലുള്ള വാഹനങ്ങൾ എത്തിച്ച് താജ് ഹോട്ടലിന്റെ കട്ടിയേറിയ ജനൽ ചില്ലുകൾ അടിച്ചു തകർത്ത് അതിഥികളെ രക്ഷിക്കുന്നു.
പോരാട്ടം നീളുന്നു: നവംബർ 27 പുലരുമ്പോൾ ആക്രമണം അവസാനിക്കുമെന്നാണു കരുതിയത്. എന്നാൽ, ഭീകരർ അതിലേറെ കരുതലിലായിരുന്നു. സിഎസ്ടി റെയിൽവേ സ്റ്റേഷനും പരിസരവും മണിക്കൂറുകൾക്കൊണ്ടു ശവപ്പറമ്പാക്കിയ അവർ താജും ട്രൈഡന്റും നരിമാൻ ഹൗസും കയ്യടക്കി. കൺമുന്നിൽ കണ്ടവരെയെല്ലാം വെടിവച്ചിട്ടു; ശേഷിച്ചവരെ ബന്ദികളാക്കി.
ഭീകരരുടെ എകെ 47 തോക്കിനു മുന്നിൽ വെടിയുണ്ട തെറിക്കാത്ത തോക്കുകളുമായി ആദ്യദിനത്തിൽ മുംബൈ പൊലീസ് പകച്ചുപോയി. വേണ്ടത്ര ആയുധവും സുരക്ഷാ കവചങ്ങളുമില്ലാതെ, ഒരേസമയം പലയിടങ്ങളിൽ നരനായാട്ടു നടത്തുകയായിരുന്ന ഭീകരരെ എങ്ങനെ നേരിടുമെന്നറിയാതെ പൊലീസ് പതറി. മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് അന്ന് കേരളത്തിലാണ്. ഏകോപനം ഏറ്റെടുത്ത മലയാളിയായ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ജോണി ജോസഫാണ് ദേശീയ സുരക്ഷാ സേനയെ (എൻഎസ്ജി) വിളിച്ചത്.
ഡൽഹിക്കടുത്ത് മനേസറിൽ നിന്ന് പ്രത്യേക വിമാനത്തിൽ എൻഎസ്ജി കമാൻഡോകൾ പുലർച്ചെ അഞ്ചോടെ മുംബൈയിൽ. ആയുധങ്ങൾ സജ്ജമാക്കി എൻഎസ്ജി സംഘം ദൗത്യത്തിനിറങ്ങുമ്പോൾ വെയിൽ പരക്കാൻ തുടങ്ങിയിരുന്നു. താജിലും ട്രൈഡന്റിലും നരിമാൻ ഹൗസിലും പുതിയ പോരാട്ടത്തിന് അപ്പോൾ ഭീകരരും സജ്ജമായിരുന്നു എന്നാണ് ഈ മൂന്നു കേന്ദ്രങ്ങളിലും പിന്നീടു മുഖാമുഖമുണ്ടായ ഏറ്റുമുട്ടലുകൾ സാക്ഷ്യപ്പെടുത്തിയത്.
സേനാനികള്‍ക്കൊപ്പം മനസ്സർപ്പിച്ച് മുംബൈ: ഉടൻ അവസാനിക്കുമെന്നു കരുതിയ പോരാട്ടം നിലച്ചത് 29ന്. മൂന്നാം ദിനത്തിൽ ഉച്ചയോടെയാണു മുംബൈയെ പാക്ക് ഭീകരരിൽനിന്നു മോചിപ്പിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. എൻഎസ്ജി കമാൻഡോകളെ താജിനു മുന്നിൽ നഗരവാസികൾ റോസാപ്പൂക്കൾ നൽകി ആലിംഗനം ചെയ്തു; വിതുമ്പിക്കൊണ്ട് മുദ്രാവാക്യങ്ങൾ വിളിച്ചു. വീരമൃത്യു വരിച്ച സേനാനികൾക്ക് ആദരാഞ്ജലിയർപ്പിച്ചു.
തുടർന്നുള്ള സായന്തനങ്ങളിൽ മുംബൈ നഗരം താജിനും ഗേറ്റ്‌വേ ഒാഫ് ഇന്ത്യയ്ക്കും മുന്നിൽ കത്തിച്ചുപിടിച്ച മെഴുകുതിരികളും പ്രാർഥനയുമായി ഒന്നായി; ഭീകരവാദത്തിനെതിരെ ജനം കരങ്ങൾ കോർത്തുപിടിച്ചു. ഇതിനിടെ, മുഖ്യമന്ത്രി വിലാസ് റാവുവിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിന്റെയും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആർ.ആർ. പാട്ടീലിന്റെയും കസേരയിളകി. പിടിയിലായ കൊടുംഭീകരൻ അജ്‌മൽ കസബിന്റെ വിചാരണ കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആരംഭിച്ചു. 2012 നവംബർ 21ന് പുണെ യേർവാഡ ജയിലിൽ അതീവരഹസ്യമായി തൂക്കിലേറ്റി. കസബിന്റെ കോലമുണ്ടാക്കി ചെരുപ്പുകൊണ്ടടിച്ചും കത്തിച്ചും നഗരവാസികൾ തെരുവുകളിൽ നൃത്തം ചെയ്തു. മധുരം നൽകി.
വാർഷികങ്ങൾ പലതു കഴിഞ്ഞു. സർക്കാർ കുറേ ആയുധങ്ങൾ വാങ്ങിക്കൂട്ടി; കവചിത വാഹനങ്ങൾ രംഗത്തിറക്കി. കടലിലും കരയിലും സുരക്ഷ കൂട്ടി. നഗരത്തിലുടനീളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഈ സംവിധാനങ്ങൾക്കപ്പുറം ഓരോ നഗരവാസിയുടെയും കണ്ണും കാതും കൂടുതൽ സൂക്ഷ്മമായി. എന്നാൽ, ഇപ്പോഴും ഒട്ടേറെ പഴുതുകൾ ബാക്കി.
കാലമങ്ങനെ കടന്നുപോവുകയാണ് - 10 വർഷം. കൺമുന്നിൽ ചിതറിവീണ രക്തത്തിന്റെ ചുവപ്പ് ഇനിയും മാഞ്ഞിട്ടില്ല; കാതടപ്പിക്കുന്ന വെടിയൊച്ചകളും. മറവിയിലേക്ക് മടങ്ങില്ലെന്നു വാശി പിടിച്ചെന്നോണം ആ രാത്രി ഒപ്പമുണ്ട് - 26/11.