അയോധ്യ ∙ അടുത്ത വർഷം ആദ്യം പ്രയാഗ്‌രാജിലെ കുംഭമേളയിൽ രാമക്ഷേത്രനിർമാണ തീയതി പ്രഖ്യാപിക്കുമെന്നു വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി) ധർമസഭ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിഎച്ച്പി പ്രവർത്തകരും സന്യാസിമാരും സമ്മേളിച്ച ധർമസഭയിൽ നിർമോഹി അഖാരയുടെ രാംജിദാസാണു പ്രഖ്യാപനം നടത്തിയത്. ജനുവരി 15 നാണു കുംഭമേള ആരംഭിക്കുന്നത്. രാമക്ഷേത്ര നിർമാണത്തിനായി സന്യാസിമാർ പ്രതിജ്ഞയെടുത്തു.
‘ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ’ എന്ന മുദ്രാവാക്യവുമായി വിഎച്ച്പിയും ക്ഷേത്രനിർമാണ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ശിവസേനയും അയോധ്യയിൽ വെവ്വേറെ സമ്മേളനങ്ങളാണു നടത്തിയത്. അയോധ്യ ശനിയാഴ്ച മുതൽ കനത്ത പൊലീസ് കാവലിലാണ്. 75,000 വിഎച്ച്പി പ്രവർത്തകർ അയോധ്യയിലെത്തിയെന്നാണു വിവരം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലാണു ശിവസേനാ പ്രവർത്തകർ അയോധ്യയിൽ ഒത്തുചേർന്നത്. 2 ദിവസത്തെ സന്ദർശനത്തിനു ശനിയാഴ്ച എത്തിയ താക്കറെ, താൽക്കാലിക രാമക്ഷേത്രത്തിൽ ദർശനം നടത്തി.
രാമക്ഷേത്ര നിർമാണം സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും ഡിസംബർ 11 നുശേഷം തീരുമാനമെടുക്കുമെന്നു സ്വാമി രാമഭദ്രാചാര്യ ധർമസഭയിൽ പറഞ്ഞു. ക്ഷേത്രനിർമാണത്തിന് ഓർഡിനൻസ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടാകുമെന്നു കൂടിക്കാഴ്ചയ്ക്കിടെ ഒരു കേന്ദ്രമന്ത്രി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 11 വരെ പെരുമാറ്റചട്ടം നിലവിലുണ്ട്.
അയോധ്യയിൽ സമാധാനം ഉറപ്പുവരുത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഓൾ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുഷാവറ (എഐഎംഎംഎം) കത്തെഴുതി. ഡസനിലേറെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് എഐഎംഎംഎം. അയോധ്യയിൽ വിവിധ മതസ്ഥർ തമ്മിൽ പ്രശ്നങ്ങളില്ലെങ്കിലും പുറമേനിന്നെത്തുന്നവർ കുഴപ്പമുണ്ടാക്കിയേക്കുമെന്നാണ് ഇവരുടെ ആശങ്ക.