തിരുവനന്തപുരം∙ ചീഫ് സെക്രട്ടറിക്കു അഴിമതിക്കേസില്‍ വിജിലന്‍സിന്റെ ആശ്വാസം. കെഎംഎംഎല്‍ എംഡിയായിരിക്കെ മഗ്നീഷ്യം ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടുണ്ടെന്നു ചൂണ്ടികാട്ടി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴമ്പില്ലെന്നു വിജിലന്‍സ്. നല്ല ഉദ്ദേശ്യത്തോടെ ചെയ്ത കാര്യത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ഇറക്കുമതിയില്‍ അഴിമതിയില്ലെന്നും ചൂണ്ടികാട്ടിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
ടോം ജോസ് കെഎംഎംഎല്‍ എംഡിയായിരിക്കെ 250 മെട്രിക് ടണ്‍ മഗ്നീഷ്യം ഇറക്കുമതി ചെയ്തതില്‍ ഒരു കോടി 21 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണു കേസ്. ഇ ടെന്‍ഡര്‍ വഴി സ്വകാര്യ കമ്പനികളില്‍നിന്നു 88 മെട്രിക് ടണ്‍ മഗ്നീഷ്യം വാങ്ങി. ബാക്കിയുള്ള 162 മഗ്നീഷ്യം കൂടിയവിലയ്ക്ക് വാങ്ങിയെന്നും ഇതില്‍ സ്ഥാപനത്തിനു 2.54 കോടി നഷ്ടമുണ്ടായെന്നുമായിരുന്നു ആദ്യകേസ്. പ്രാഥമികാന്വേഷണത്തിനു ശേഷം നഷ്ടം 1.21 കോടിയുടേതാക്കി നിജപ്പെടുത്തി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ നഷ്ടമുണ്ടായില്ലെന്നും മല്‍സരാധിഷ്ഠിത ടെന്‍ഡറിലേക്കു വന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നുമാണു തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ വിജിലന്‍സ് പറയുന്നത്. ഇതിനാധാരമായ രേഖകളും വിജിലന്‍സ് ഒപ്പം ചേര്‍ത്തിട്ടിട്ടുണ്ട്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ റജിസ്റ്റര്‍ ചെയ്ത കേസില്‍ ടോം ജോസിനെ സസ്പെന്‍ഡ് ചെയ്യണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ഇക്കാര്യം തള്ളുകയും കേസ് നിലനില്‍ക്കില്ലെന്നു നിയമസെക്രട്ടറി ഫയലില്‍ കുറിക്കുകയും ചെയ്തിരുന്നു.
ആദ്യം അനധികൃത സ്വത്ത് സമ്പാദന കേസ്, ഇപ്പോള്‍ മഗ്നീഷ്യം ഇറക്കുമതി കേസ് രണ്ടിലും ടോംജോസ് കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയത്. ഇത് ചീഫ് സെക്രട്ടറി സ്ഥാനത്തു ഇനിയും ഒരു വര്‍ഷം ശേഷിക്കുന്ന ടോം ജോസിനു ആശ്വാസമാകുമെന്നു ഉറപ്പ്.